ലണ്ടൻ: ബ്രെക്സിറ്റ് ഏറെ ചർച്ചായായ നാളുകളിൽ പോലും മറുനാടൻ അടക്കമുള്ളവർ ബ്രെക്സിറ്റിനെ അനുകൂലിച്ചായിരുന്നു ഉറച്ചു നിന്നത്. ഇന്ത്യാക്കാർക്ക്, പ്രത്യേകിച്ച് മലയാളികൾക്ക് ഏറെ ഗുണകരമായിരിക്കും എന്ന ചിന്ത തന്നെയായിരുന്നു അത്തരമൊരു നിലപാടിന് പ്രേരിപ്പിച്ചത്. അത് ശരിയായിരുന്നു എന്ന് അടിവരയിട്ടു പറയുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്.

2023 ജൂണിൽ അവസാനിക്കുന്ന ഒരു വർഷത്തിൽ ലോംഗ് ടേം വിസയൾ വഴി 77,700 കെയർ വർക്കർമാരാണ് യു കെയി എത്തിച്ചേർന്നതെന്ന് കണക്കുകൾ പറയുന്നു. ഇത് 2022 കാലഘട്ടത്തിലേതിനേക്കാൾ ആറ് ഇരട്ടിയാണ്. മാത്രമല്ല, ഇതേ കണക്കുകൾ മറ്റൊരു കാര്യം കൂടി പറയുന്നുണ്ട്, ഇതിൽ 30,000 ഓളം പേർ ഇന്ത്യാക്കാരാണെന്നതാണ് അത്. ഈ കാലയളവിൽ നൽകപെട്ട മൊത്തം ഹെൽത്ത് ആൻഡ് കെയർ വിസകളുടെ എണ്ണം 1,20,300 ആണ്. അതിന്റെ മൂന്നിൽ രണ്ട് വരുംകെയർ വർക്കർമാരുടെ എണ്ണം.

ഇക്കാര്യത്തിൽ ഇന്ത്യയ്ക്ക് പിന്നിലായി രണ്ടാം സ്ഥാനത്ത് നിൽക്കുന്ന നൈജീരിയയാണ്. 18,000 പേരാണ് അവിടെ നിന്നുള്ളത് എന്ന് പറയുമ്പോൾ തന്നെ ഇന്ത്യ ഇക്കാര്യത്തിൽ എത്രമാത്രം മുൻപിലാണെന്നത് മനസ്സിലാക്കാൻ കഴിയും. മൂന്നാം സ്ഥാനത്തുനിന്നുള്ള സിംബാബ്വേയിൽ നിന്നും 17,000 പേരാണ് കെയർവർക്കർമാരായി എത്തിയിട്ടുള്ളത്.

എന്നാൽ, ഈ കണക്കുകൾ മറ്റു ചിലരെ വിറളി പിടിപ്പിച്ചിട്ടുണ്ട്. കെയർ വർക്കർമാർ ഷോർട്ടേജ് ഒക്ക്യൂപേഷൻ ലിസ്റ്റിലൂടെ വരുന്നത് നിർത്തലാക്കണം എന്ന അഭിപ്രായമുയരുന്നുണ്ട്. പ്രാദേശികമായി തന്നെ ആളുകളെ പരിശീലനം നൽകി ആരോഗ്യ മേഖലയിലെ തൊഴിലാളി ക്ഷാമം പരിഹരിക്കണം എന്ന ആവശ്യത്തിന് ഇപ്പോൾ ശക്തി കൂടുകയാണ്. എന്നാൽ, വിദേശ റിക്രൂട്ട്മെന്റ് ഇല്ലാതെ നിലവിൽ കെയർ ഹോമുകൾക്ക് മുൻപോട്ട് പോകാൻ കഴിയില്ല എന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്.