- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
പത്താമത് ബ്രിട്ടീഷ് മലയാളി അവാർഡുകൾ ചരിത്രമായത് ഇങ്ങനെ
ലെസ്റ്റർ: ബ്രിട്ടനിലെ മലയാളികളുടെ ചരിത്രത്തിലെ അപൂർവ്വ ദിനമായിരുന്നു ഇന്നലെ. ഇത്രയേറെ മലയാളികൾ പങ്കെടുത്ത മറ്റൊരു കലാവിരുന്ന് ഇതിനു മുമ്പ് ബ്രിട്ടനിൽ അരങ്ങേറിയിട്ടുണ്ടോയെന്ന് സംശയിക്കേണ്ടി ഇരിക്കുന്നു. ബ്രിട്ടീഷ് മലയാളിയുടെ പത്താമത് അവാർഡ്സ് ഇന്നലെ ലെസ്റ്ററിൽ അരങ്ങേറിയപ്പോൾ മെഹർ സെന്ററിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങളാണ്. കൃത്യം 11 മണിക്ക് തന്നെ കലാവിരുന്ന് ആരംഭിക്കുമ്പോൾ നിറഞ്ഞു കവിഞ്ഞ ഹാളിൽ പിന്നീടൊരിക്കലും കാലിക്കസേരകൾ ഉണ്ടായില്ല. ഹാളിനുള്ളിലും പുറത്തും ആയിരക്കണക്കിന് ആളുകളാണ് അപൂർവ്വ വിരുന്ന് കാണാനായി തടിച്ചു കൂടിയത്.
അത്യപൂർവ്വമായ പരമ്പരാഗ നൃത്തങ്ങളും അതിമനോഹരമായ കലാരൂപങ്ങളും ഇഴുകിച്ചേർന്ന അവാർഡ്സിന് മേളപ്പൊരുമ കൂട്ടി ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം ഗോപിനാഥ് മുതുകാട് അവതരിപ്പിച്ച മാജിക് ഷോ അക്ഷരാർത്ഥത്തിൽ സദസിനെ പിടിച്ചു കുലുക്കി. നാട്ടിൽ നിന്നും കുടുംബസമേതം അവധിക്കെത്തിയ ഗോപിനാഥ് മുതുകാട് ലണ്ടനിൽ നിന്നും സുഹൃത്ത് ഷാനിനൊപ്പം നേരെയെത്തിയത് അവാർഡ്സ് വേദിയിലേക്ക് ആയിരുന്നു.
ആവേശത്തോടെ ആരെയും വളരാൻ അനുവദിക്കാതെ കുറ്റം കണ്ടുപിടിക്കുന്ന മലയാളി സമൂഹത്തെ കുറിച്ച് രസകരമായ കഥ പറഞ്ഞു തുടങ്ങിയാണ് മുതുകാട് ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം അത്ഭുതമാജിക് കാട്ടിയത്. വേദിയിൽ ദിനപത്രം കീറി ഒരുമിപ്പിച്ചതിനു പിന്നാലെ വാച്ച് അപ്രത്യക്ഷമാക്കി തിരിച്ചു കൊണ്ടുവന്ന മുതുകാടിന്റെ ജാലവിദ്യയ്ക്കു മുന്നിൽ നിലയ്ക്കാത്ത കയ്യടി പ്രവാഹമായിരുന്നു ഒഴുകിവന്നത്.
പ്രേമലുവിലൂടെ സൂപ്പർ സ്റ്റാറായി മാറിയ മമിതാ ബൈജുവിന്റെ നിറസാന്നിധ്യം അവാർഡ് നൈറ്റിന് ചാരുതയേറി. അവർക്കൊപ്പമായിരുന്നു സനുഷ സന്തോഷും അതിഥിയായി എത്തിയത്. രാവിലെ കൃത്യം 11 മണിക്ക് തന്നെ കലാവിരുന്നോടെ അവാർഡ് നൈറ്റിന് തുടക്കമായി. തെരഞ്ഞെടുക്കപ്പെട്ട പരിപാടികളായിരുന്നു അവതരിപ്പിച്ചതു മുഴുവൻ.
അരമിനിറ്റിന്റെ പോലും ലാഗില്ലാതെ വേദിയിലേക്ക് അനർഗമായി പ്രവഹിച്ചുകൊണ്ടിരുന്നു. മാർഗംകളിയിൽ തുടങ്ങിയ കലാപ്രകടനങ്ങൾ കലിയുടെ സർഗക്കാഴ്ചകളൊരുക്കിയ രാവണ നടനും കാഴ്ചയുടെ പൂരമൊരുക്കിയ വെൽക്കം ഡാൻസും പീലി വിരിച്ചാടിയ മയിലിനെ പോലെ നൃത്തം ചെയ്ത് ടീം ദാസ്യയും അടക്കമുള്ള ടീമുകൾ വേദിയെ കോരിത്തരിപ്പിച്ച കാഴ്ചകളായിരുന്നു പിന്നീട് ഒഴുകിയെത്തിയത്.
കോരിത്തരിപ്പിപ്പ് തെയ്യക്കോലം, മനംകവർന്ന് കലാവിരുന്നുകൾ
അതിൽ ഏറ്റവും അധികം ശ്രദ്ധ കൈവരിച്ചത് തെയ്യക്കോലങ്ങളുടെ പ്രകടനമായിരുന്നു. അവതരണ മികവു കൊണ്ടും ദൃശ്യ ഭംഗി കൊണ്ടും മനം കവർന്ന തെയ്യവും ഫ്യുഷൻ ഡാൻസും ചേർത്ത ഈ കലാവിരുന്ന് അരങ്ങിലെത്തിച്ചത് ഡെർബിയിലെ മലയാളി കലാകാരന്മാരാണ്. ഡെർബിയിലെ കലാകാരനായ ടോളി പൗലോയുടെ നേതൃത്വത്തിലാണ് കാണികളെ കോരിത്തരിപ്പിച്ചു ആകാംക്ഷയുടെ കൊടുമുടിയിൽ ഉയർത്തി പുത്തനൊരനുഭവം സമ്മാനിച്ചത്.
യുകെയിൽ പല വേദികളിലും നിറഞ്ഞൊടി കൈയടി നേടിയ തെയ്യം അവാർഡ് വേദിയിലും സൂപ്പർ ഹിറ്റായ കാഴ്ചയാണ് കണ്ടത്. ടോളി പൗലോയിലെ കൂടാതെ, സിബി തോട്ടം, റിതിക രാജേഷ് നായർ, ഡയാന മിൽട്ടൺ, എസ്രാ ആറ്റികൽ, ഹെവൻലി ആറ്റിങ്ങൽ, ശ്രേയ സാം, ഹെസ്സ ജെയിംസ്, ആന്മരിയ ജിനേഷ്, ജെനിറ്റ് ജോസ്, ജുവാന റിജു, അലക്‌സ് വർഗീസ് എന്നിവരാണ് തെയ്യം കലാരൂപത്തിൽ പങ്കെടുത്ത മറ്റ് കലാകാരന്മാർ.
ഇൻസ്ട്രുമെന്റൽ ഫ്യൂഷനിൽ അലിഞ്ഞ് കാണികൾ
സംഗീത പ്രകടനങ്ങളിൽ ഏറ്റവും അധികം ശ്രദ്ധനേടിയത് ഇൻസ്ട്രുമെന്റൽ ഫ്യൂഷനാണ്. ഹരിനാരായണൻ, ദേവദർശൻ, ക്രിസ്റ്റി എന്നീ മൂന്ന് സംഗീത പ്രതിഭകളുടെ മാസ്മരിക ഉപകരണ സംഗീത വിരുന്ന് ഒഴുകിയെത്തിയതോടെ സംഗീത പ്രേമികൾ ഇരുപത് മിനിറ്റോളം ആനന്ദനടനമാടുകയായിരുന്നു.
മലയാളത്തിലെ സൂപ്പർ ഹിറ്റ് ഗാനങ്ങൾ കോർത്തിണക്കിയാണ് ഓടക്കുഴൽ, വയലിൻ, പിയാനോ എന്നിവ സമന്വയിച്ചപ്പോൾ കുട്ടനാടൻ പുഞ്ചയിലും ഉർവ്വശീ സോംഗുമൊക്കെ നിറകയ്യടികളോടെയാണ് കാണികൾ ഏറ്റുവാങ്ങിയത്. ഇത്തരത്തിൽ ഏതാണ് മികച്ചതെന്ന് പറയാൻ സാധിക്കാത്ത വിധം അതിഗംഭീരമായിരുന്നു ഓരോ കലാവിരുന്നുകളും.
സൗന്ദര്യ റാണിമാരായി ഷാരോണും അഞ്ചേലും അൻസയും
പരിപാടികളുടെ ചാരുത കൂട്ടിയ പരിപാടികൾ മിസ്സ് കേരളാ, മിസ്സിസ്സ് കേരളാ, പ്രിൻസസ് മത്സരങ്ങളായിരുന്നു. വിധികർത്താക്കളായി ഇരുന്നവരെ അക്ഷരാർത്ഥത്തിൽ വെള്ളം കുടിപ്പിച്ച സെക്ഷനായിരുന്നു ഇത്. മൂന്ന് സെക്ഷനുകളിലായി നടന്ന ബ്യൂട്ടി കോണ്ടസ്റ്റ് മത്സരത്തിനൊടുവിൽ ന്യുകാസിലിലെ ഡോ. ഷാരോൺ, ലെസ്റ്ററിലെ ആൻ മേരി, ബിർമിൻഹാമിലെ ആര്യ നോബിൾ എന്നിവരാണ് യഥാക്രമം വിന്നർ, ഫസ്റ്റ് റണ്ണറപ്പ്, സെക്കന്റ് റണ്ണറപ്പ് സ്ഥാനങ്ങളിലെത്തിയത്.
ലിവർപൂളിലെ അഞ്ചേൽ ജോസ്, ലെസ്റ്ററിലെ സ്മൃതി രാജീവ്, ഡെർബിയിലെ ഐറിൻ സൂസൻ എന്നിവരാണ് മിസിസ്സ് കേരളയിൽ മിന്നിയത്. അൻസാ സനിൽ കോയിത്തറ, ജോയന്നാ എൽസാ ജിന്റോ, അമേലിയാ വേണുഗോപാൽ എന്നിവരാണ് കുട്ടിത്താരങ്ങളിൽ കിരീടം ചൂടിയവർ.
വോട്ടിങ് പോരാട്ടത്തിനൊടുവിൽ വിജയകിരീടം സ്വന്തമാക്കിയവർ
ശേഷവും ഏറ്റവും ആകാംഷ നിറച്ചത് ബ്രിട്ടീഷ് മലയാളി വാർത്താ താരത്തേയും ബെസ്റ്റ് നഴ്സ്, യംഗ് ടാലന്റ് എന്നിവരെ പ്രഖ്യാപിക്കുന്ന ചടങ്ങായിരുന്നു. മൂന്നു വിഭാഗത്തിലും അഞ്ചു പേർ വീതം മത്സരിച്ച വോട്ടിങ് പോരാട്ടത്തിനൊടുവിൽ വാർത്താ താരമായി ജോബി ഐയ്ത്തിലും നഴ്‌സുമാർക്ക് അഭിമാനമായി ലീന ഫിലിപ്പോസും യുവതാരമായി അനെക്സ് വർഗീസുമാണ് വിജയനേട്ടം കൊയ്തത്.
ഒപ്പം ജീവകാര്യണ്യ പ്രവർത്തനങ്ങളിലൂടെ അനേകം പേർക്ക് വഴികാട്ടിയും അത്താണിയും ആയി മാറിയ ബെൽഫാസ്റ്റിലെ മാലാഖ എന്നറിയപ്പെടുന്ന ബിജി ജോസിനും സാധാരണ നഴ്സിൽ നിന്നും നഴ്സിങ് ഹോമുകളുടെയും ഹോട്ടലുകളുടെയും ഉടമയായി മാറി സംരംഭക വഴികളിൽ വേറിട്ട വിജയങ്ങൾ സ്വന്തമാക്കിയ സാമൂഹ്യ പ്രവർത്തക കൂടിയായ ഷൈനു ക്ലെയർ മാത്യുസിനും ആരെയും അസൂയപ്പെടുത്തുന്ന വിധം സംരംഭക വിജയം നേടിയ കായൽ ഗ്രൂപ്പ് ഉടമ ജെയ്മോൻ തോമസിനും സ്പെഷ്യൽ ജൂറി പുരസ്‌കാരവും നൽകി.
മമിതയ്ക്ക് 23-ാം പിറന്നാൾ; വേദിയിൽ സർപ്രൈസ് കേക്ക്
ഇന്നലെ നടി മമിതാ ബൈജുവിന്റെ 23-ാം പിറന്നാളായിരുന്നു. ഇക്കാര്യം നടി രഹസ്യമാക്കി വച്ചെങ്കിലും തലേദിവസം ഇക്കാര്യം സംഘാടകരുടെ ശ്രദ്ധയിൽപ്പെട്ടു. ഉടൻ തന്നെ അതിവേഗം മനോഹരമായ ഒരു കേക്ക് ഒരുക്കണമെന്നും നിർദ്ദേശം നൽകി. പിന്നെ നടന്നതെല്ലാം സർപ്രൈസ് ആയിരുന്നു. ആഘോഷങ്ങൾക്കിടെയാണ് നടിയെ വീണ്ടും വേദിയിലേക്ക് ക്ഷണിച്ച് കേക്ക് മുറിച്ചത്. ബ്രിട്ടീഷ് മലയാളി സ്ഥാപകനും മജീഷ്യൻ ഗോപിനാഥ് മുതുകാടും ഒപ്പം നിന്ന ചടങ്ങിൽ ആയിരങ്ങളാണ് നടിക്ക് പിറന്നാൾ ആശംസകളേകി ബെർത്ത്ഡേ സോംഗ് പാടിയത്. തന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാനാകാത്ത പിറന്നാൾ ആഘോഷവും വേദിയും ഇതായിരിക്കുമെന്നാണ് നടി പറഞ്ഞത്.
രാവിലെ തന്നെ കാർ പാർക്കിങ് നിറഞ്ഞു, എൻസിപിയിലും വൻ തിരക്ക്
രാവിലെ ഒൻപതരയോടെ തന്നെ മെഹർ സെന്ററിലേക്ക് കാണികൾ എത്തി തുടങ്ങിയതോടെ 12 മണി കഴിയും മുന്നേ തന്നെ വേദിക്കരികിലെ പാർക്കിങ് ഏരിയ നിറഞ്ഞു കവിഞ്ഞിരുന്നു. വിഐപി സീറ്റുകളിലേക്കും അതിന്റെ പതിന്മടങ്ങ് ആളുകൾ വേറെയും എത്താനിരിക്കെ അവരെ മെഹർ സെന്ററിന് തൊട്ടരികിലുള്ള എൻസിപി കാർ പാർക്കിങ് ഏരിയയിലേക്ക് പോകുവാനാണ് വൊളണ്ടിയർമാർ നിർദ്ദേശം നൽകിയത്.
അവാർഡ്‌സിന്റെ ആദ്യ പകുതി പിന്നിട്ടപ്പോഴേക്കും ഹാളിനുള്ളിൽ ഇരിക്കാൻ പോലും ഇടമില്ലാത്ത സ്ഥിതിയിലേക്ക് കാര്യങ്ങളെത്തി. അൽപം വൈകിയെത്തിയവർ സീറ്റില്ലാതെ പുറത്തു നിൽക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. അകത്തുള്ളവർ ഭക്ഷണം കഴിക്കാനും മറ്റും പുറത്തേക്ക് ഇറങ്ങി തിരിച്ചെത്തുമ്പോൾ കസേരയിൽ മറ്റൊരാൾ ഇരിപ്പുറപ്പിച്ചു കാണും. പലരും സീറ്റ് നഷ്ടപ്പെട്ടാലോയെന്നു കരുതി അകത്തിരുന്ന് തന്നെ ഭക്ഷണം കഴിക്കുകയായിരുന്നു.
രുചിയൂറും വിഭവങ്ങളൊരുക്കി കായൽ
രാവിലെ ഒൻപതു മണി മുതൽ രാത്രി അവസാന പോഗ്രാമും കഴിഞ്ഞ് കാണികൾ വേദി വിടും വരെ ആവി പറക്കുന്ന ഭക്ഷണം വിളമ്പിയാണ് ലെസ്റ്ററിലെ കായൽ റെസ്റ്റോറന്റ് ശ്രദ്ധ നേടിയത്. പരിപാടിയും കാണുന്നതിനിടെ രുചികരമായ ഭക്ഷണത്തിന്റെ മണം വേദിയിലേക്ക് പറന്നെത്തുമ്പോൾ സീറ്റിൽ എങ്ങനെ മനസമാധാനത്തോടെ ഇരിക്കും എന്നാണ് ഫുഡ് കൗണ്ടറിനു മുന്നിൽ തിരക്കു കൂടിയപ്പോൾ പലരും പറഞ്ഞത്. കായൽ റെസ്റ്റോറന്റിന്റെ രണ്ടു കൗണ്ടറുകൾ ഇടതടവില്ലാതെ ഭക്ഷണം വിതരണം ചെയ്യുന്നതിനായി ഹാളിനുള്ളിലും പുറത്തുമായി ഉണ്ടായിരുന്നു.
മെഹർ സെന്ററിലെ കിച്ചണിൽ തന്നെ ഭക്ഷണമുണ്ടാക്കി ചൂടോടെയാണ് ആളുകളിലേക്കെത്തിച്ചത്. ബോൺലെസ് ചിക്കൻ ബിരിയാണി, വെജിറ്റബിൾ ബിരിയാണി, കപ്പ, പൊറോട്ട, ചപ്പാത്തി, കായൽ ഫിഷ് കറി, ഫ്രൈഡ് റൈസ്, വെജിറ്റബിൾ കറി, നാടൻ ബീഫ് ഫ്രൈ, ലൈവ് മസാല ദോശ കൂടാതെ കുട്ടികൾക്കായി ബർഗർ, ചിക്കൻ നാഗേറ്റ്‌സ് ആൻഡ് ചിപ്‌സ് എന്നിവയും നാടൻ പലഹാരങ്ങളായ പഴം പൊരി, സമോസ, ഉഴുന്നുവട, കോഫി, ചായ എന്നിവയുമൊക്കെയാണ് കുറഞ്ഞ വിലയിൽ ആസ്വാദ്യകരമായത്.
വിജയികൾക്ക് കൈനിറയെ സമ്മാനങ്ങൾ
മിസ് കേരളയിലും മിസ്സിസ് കേരളയിലും ആദ്യ മൂന്നു സ്ഥാനങ്ങളിൽ എത്തിയവർക്ക് ലഭിച്ചത് കിടിലൻ സമ്മാനങ്ങളാണ്. വിന്നേഴ്സിന് ഷാൻ പ്രോപ്പർടീസ് യുകെ നൽകുന്ന അരപ്പവൻ തൂക്കമുള്ള സ്വർണ നാണയവും രണ്ടും മൂന്നും സ്ഥാനക്കാർക്ക് സ്വർണ നാണയവും ലഭിച്ചപ്പോൾ വർക്കലയിലെ പ്രശസ്തമായ സ്‌കൈലാർ സീ വ്യൂബീച്ച് റിസോർട്ടിൽ താമസവും ഇതേ സുന്ദരിമാർക്ക് ലഭിക്കും. ഇതുകൂടാതെ സൗന്ദര്യ മത്സരത്തിലെ ആദ്യ മൂന്നു സ്ഥാനക്കാർക്ക് സാരികൾ സമ്മാനിച്ചത് ലെസ്റ്ററിലെ കാവ്യാ സിൽക്സാണ്. സാരികൾ കടയിൽ എത്തി തിരഞ്ഞെടുക്കാനുള്ള ഗിഫ്റ്റ് വൗച്ചറാണ് സമ്മാനിച്ചത്.
കൂടാതെ കായൽ റെസ്റ്റോറന്റിലെ മീൽ ഫോർ ടു വൗച്ചർ കൂപ്പണുകളും ആദ്യ മൂന്ന് വിജയികൾക്ക് സമ്മാനിച്ചു. ലിറ്റിൽ പ്രിൻസസ് മത്സരത്തിലെ വിജയികൾക്ക് പാരിസിലെ ഡിസ്നി ലാൻഡിലേക്കുള്ള പാസും യാത്ര ടിക്കറ്റും കാവ്യാ സിൽക്‌സിന്റെ മികച്ച ഉടുപ്പുകൾ വാങ്ങാനുള്ള വൗച്ചറുകളുമാണ് ലഭിച്ചത്. ഡിസ്നി ലാൻഡിലേക്കുള്ള യാത്ര ടിക്കറ്റും പാസും നൽകിയത് യുകെ മലയാളികളുടെ പഠന ആവശ്യങ്ങൾക്ക് സഹായം ഒരുക്കുന്ന ഗ്ലോബൽ സ്റ്റഡി ലിങ്ക് എന്ന സ്ഥാപനമാണ്.
റാഫിൾ ടിക്കറ്റ് വിജയികൾക്കും സമ്മാനപ്പെരുമഴ
ബ്രിട്ടീഷ് മലയാളി അവാർഡ്സിന് എത്തിയവർ പലരും ആദ്യം റാഫിൾ ടിക്കറ്റ് എടുത്തില്ല. കാരണം, മറ്റൊന്നുമല്ല, കയ്യിൽ കാശായി ആരും കരുതിയവർ വളരെ ചുരുക്കമായിരുന്നു. എന്നാൽ പകരം സംഘാടകർ അതിവേഗം പേയ്മെന്റ് സംവിധാനങ്ങൾ ഒരുക്കിയപ്പോൾ പിന്നെ ചൂടപ്പം പോലെയാണ് ടിക്കറ്റുകൾ വിറ്റുപോയത്. ഒടുക്കം പത്തു മണിക്കൂറിലധികം നീണ്ട അവാർഡ്സ് നിശയ്ക്ക് തിരശ്ശീല വീണപ്പോൾ വിജയികളെ തേടിയെത്തിയത് സമ്മാനപ്പെരുമഴയായിരുന്നു.
അതിൽ ആദ്യത്തേത് മുത്തൂറ്റിന്റെ സ്വർണ നാണയമായിരുന്നു. രണ്ടാം സമ്മാനമായി ടൂർ ഡിസൈനേഴ്സിന്റെ നാട്ടിലേക്ക് ഒരു സൗജന്യ വിമാന യാത്രയും മൂന്നാം സമ്മാനമായി വോസ്റ്റെകിന്റെ കിടിലൻ എയർ പോഡും ലഭിച്ചപ്പോൾ നാലാം സമ്മാനമായി അഞ്ചു കുടുംബങ്ങൾക്ക് ഇടുക്കി കുളമാവിലെ റിസോർട്ടിൽ താമസം ആണ് ലഭിച്ചിരിക്കുന്നത്. റാഫിൾ എടുത്ത 20 പേർക്ക് ലൈഫ് ലൈൻ നൽകുന്ന സൗജന്യ വിൽപത്രം ക്ലെയിം ചെയ്യാനാകും.