- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെയർ വിസ തട്ടിപ്പിന്റെ ഉള്ളുകള്ളികൾ ചികഞ്ഞു ബിബിസി പനോരമ; അണ്ടർ കവർ റിപ്പോർട്ടറായി എത്തിയത് മലയാളി ജേർണലിസ്റ്റ് ബാലഗോപാൽ; തെരുവിലേക്ക് ഇറങ്ങേണ്ടി വരുന്നത് 200 ഓളം മലയാളികൾ
ലണ്ടൻ: രണ്ടു വർഷം മുൻപ് നവംബറിൽ നോർത്ത് വെയ്ൽസിൽ മലയാളി ദമ്പതികൾ വിദ്യാർത്ഥി വിസയിൽ എത്തിയവരെ ചൂഷണം ചെയ്തതിനു ജി എൽഎഎ അറസ്റ്റ് ചെയ്തത് മുതൽ വ്യാജ വിസ കച്ചവടത്തിന് എതിരായ ക്യാംപെയ്ൻ വ്യാപകമായി തന്നെ മാധ്യമങ്ങളിലെത്തി. സ്‌കൈ ന്യൂസ്, ദി ടെലിഗ്രാഫ്, ഒബ്‌സർവർ, ദി ഗാർഡിയൻ എന്നീ ദേശീയ മാധ്യമങ്ങൾക്ക് പിന്നാലെ ഒടുവിൽ ബിബിസിയുടെ സാക്ഷാൽ പനോരമ പരമ്പരയിലും ഈ വിഷയം ഇന്ന് എത്തുകയാണ്.
ജനലക്ഷങ്ങൾ കാത്തിരിക്കുന്ന ഈ പരിപാടി രഹസ്യമായി ചിത്രീകരിച്ചു തയ്യറാക്കാൻ നിമിത്തമായത് ഒരു മലയാളി മാധ്യമ പ്രവർത്തകനായ ബാലഗോപാലിന്റെ കഠിന അധ്വാനത്തിലൂടെയും. ബ്രിട്ടീഷ് സർക്കാർ കെയർ വിസയിൽ യുകെയിൽ എത്താനും ആശ്രിതരെ കൊണ്ടുവരുന്നതിനും കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ ബിബിസി പനോരമ നടത്തുന്ന ഈ ഇടപെടൽ ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കും എന്നുറപ്പാണ്. ലണ്ടൻ മലയാളിയായ ബാലഗോപാൽ ഒരു മാസത്തോളം രഹസ്യമായി ന്യൂ കാസിലിൽ എത്തി നോർത്ത് ഇന്ത്യൻ വംശജരുടെ ഉടമസ്ഥതയിൽ ഉള്ള കെയർ ഹോമിൽ ജോലി ചെയ്താണ് ഈ പരമ്പരക്ക് വേണ്ട വിശദംശങ്ങൾ സംഘടിപ്പിച്ചത്. വടക്കേ ഇംഗ്ലണ്ട് പട്ടണത്തിൽ 60 ഓളം കെയർ ഹോമുകൾ ഉള്ള ഈ ഗ്രൂപ്പിൽ ജോലിക്കെത്തിയ 200 ഓളം മലയാളികളൂടെ ഭാവിയാണ് ഇപ്പോൾ തുലാസിൽ ആയിരിക്കുന്നത്.
ബിബിസി എത്തും മുൻപേ ഹോം ഓഫിസ് എത്തി
കെയർ വിസയുടെ പേരിൽ യാതൊരു യോഗ്യതയും ഇല്ലാത്തവർ വിസ കച്ചവടത്തിന് ഇറങ്ങുന്നതിന്റെ അപകടം പല വട്ടം മറുനാടൻ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. ഇപ്പോൾ ഇതിന്റെ നേർ ഉദാഹരണമാണ് ഇന്ന് രാത്രി ഏഴിന് ബാലഗോപാലിന്റെ റിപ്പോർട്ടിങ്ങിലൂടെ ബിബിസി പനോരമ വെളിച്ചത്തു കൊണ്ടുവരുന്നത്. ഏതാനും മാസം മുൻപ് പ്ലസ് ടൂ വിദ്യാഭ്യാസം മാത്രം നേടിയ മധ്യവയസ്‌കയായ സ്ത്രീ 17 വയസായ മകനെ യുകെയിൽ എത്തിക്കാനായി 18 ലക്ഷം രൂപ ചെലവിട്ട ശേഷമാണു ഡിഗ്രി ഇംഗ്ലീഷ് സാഹിത്യത്തിൽ ഡിസ്റ്റിങ്ഷനോടെ പാസായി എന്ന വ്യാജ സർട്ടിഫിക്കറ്റിൽ യുകെ വിസ കരസ്ഥമാക്കിയത്. മാഞ്ചസ്റ്റർ എയർപോർട്ടിൽ ഇവർ ബഹളം വച്ചതിനെ തുടർന്ന് അതും വാർത്തയായി. തുടർന്ന് ഇവരെ ജോലിക്കെടുത്ത തൊഴിൽ സ്ഥാപനം മുഴുവൻ പണവും മടക്കി നല്കാൻ തയ്യാറായി. കാരണം മലയാളി അഭിഭാഷകനും ഹോം ഓഫിസിൽ വാളണ്ടിയർ ജോലി ചെയ്യുന്ന മലയാളികളും ഒക്കെ കെയർ ഹോം ഉടമയോടു നേരിൽ സംസാരിച്ചതോടെ നാട്ടിൽ പോകാൻ തയാറാണ് എന്ന് പറഞ്ഞ സ്ത്രീക്ക് പണം മുഴുവൻ മടക്കി ലഭിക്കാൻ സാഹചര്യം സൃഷ്ടിക്കുക ആയിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ 15 ലക്ഷം രൂപയ്ക്ക് മുകളിൽ വിസയ്ക്കായി പണം നൽകിയ മിക്കവരും ഇത്തരത്തിൽ അവിഹിതമായ മാർഗത്തിൽ ബ്രിട്ടനിൽ എത്തിയവരാണ് എന്ന് വ്യക്തമാകുക ആയിരുന്നു. ഇക്കാരണത്താൽ കൂടിയാണ് പണം നൽകിയവർ പരാതിയുമായി മുൻപോട്ട് വരാൻ തയ്യാറാകാത്തതും. അഥവാ പരാതിക്കു തയ്യാറായാൽ പണം വാങ്ങിയ ഏജന്റ് ആദ്യ ഭീഷണി മുഴക്കുന്നതും ഈ വ്യാജ സർട്ടിഫിക്കറ്റുകളുടെ പേരിൽ ആയിരിക്കും.
ന്യുകാസിലിൽ തെരുവിലേക്ക് ഇറങ്ങേണ്ടി വരുന്നത് 200 ഓളം മലയാളികൾ
ഇപ്പോൾ ബിബിസി തുറന്നു പറയാൻ തയ്യാറാകുന്ന ന്യുകാസിലിലെ ഇന്ത്യൻ വംശജരുടെ ഉടമസ്ഥതയിൽ ഉള്ള കെയർ ഹോമിലും പലരും ഇത്തരത്തിൽ എത്തിയവർ ആണെന്ന സൂചനയുണ്ട്. അതിനാൽ തന്നെ ഇവരിൽ നിന്നും പണം വാങ്ങിയ ലണ്ടൻ മലയാളിയായ പ്രധാന ഏജന്റ് സുനിൽ എന്ന് വിളിക്കപ്പെടുന്നയാൾ തനിക്ക് ഈ കച്ചവടത്തിൽ ഭയക്കാൻ ഒന്നും ഇല്ലെന്ന നിലയിൽ കഴിയുകയാണ്. എന്നാൽ ബിബിസി പരമ്പരക്ക് ശേഷം നൂറുകണക്കിന് ആളുകളെ അടിമക്കച്ചവടം എന്ന നിലയിൽ യുകെയിൽ എത്തിച്ചതിനു ഇയാൾ ഇരുമ്പഴിക്കുളിൽ എത്തുമോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. പക്ഷെ ബിബിസി പനോരമ വെളിപ്പെടുത്താൻ തയ്യാറെടുക്കും മുൻപേ ഈ വ്യാജ ഏജന്റിനെക്കുറിച്ചും സ്ഥാപനത്തിനും എതിരെ ഹോം ഓഫിസിൽ പരാതി എത്തിയിരുന്നു. കഴിഞ വർഷം യുകെയിൽ എത്തിയ മധ്യ വയസ്‌കയായ കോട്ടയം സ്വദേശിയാണ് സ്ഥാപനത്തിനും ഏജന്റിനും എതിരെ പരാതി നൽകി യുകെയിൽ നിന്നും നാട്ടിലേക്ക് മടങ്ങിയത്.
തന്റെ മകളുടെ ഭാവി ജീവിതം സ്വപ്നം കണ്ടാണ് അവർ യുകെയിൽ എത്തിയത്. ഇവർക്ക് എജന്റ് നൽകിയ വിവരം അനുസരിച്ചു യുകെയിൽ യൂണിവേഴ്‌സിറ്റി വിദ്യാഭ്യസവും സൗജന്യം ആണെന്നാണ് ധരിപ്പിച്ചത്. എന്നാൽ യുകെയിൽ എത്തിയ ശേഷമാണു യൂണിവേഴ്‌സിറ്റിയിൽ ഏതു കോഴ്സ് പഠിക്കാനും തന്റെ മകൾ ലക്ഷങ്ങൾ ഫീസ് അടയ്ക്കണം എന്ന് ഈ വീട്ടമ്മ മനസിലാക്കിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഏജന്റ് സുനിലുമായി ഇവർ തർക്കത്തിൽ ആയെങ്കിലും അതൊന്നും കേൾക്കാൻ ഏജന്റ് തയ്യാറായിരുന്നില്ല .തുടർന്നാണ് ഈ വീട്ടമ്മ ഏജന്റിനും സ്ഥാപനത്തിനും എതിരെ അഭിഭാഷക സഹായത്തോടെ പരാതി നൽകി യുകെയിൽ നിന്നും മടങ്ങിയത്. ഈ പരാതിക്കൊപ്പം മറ്റു ചില പരാതികളും സ്ഥാപനത്തെ കുറിച്ച് ഹോം ഓഫിസിൽ എത്തിയതോടെ സ്ഥാപനത്തിന്റെ സ്‌പോൺസർഷിപ് ലൈസൻസ് ഹോം ഓഫിസ് റദ്ദാക്കുക ആയിരുന്നു.
ഇങ്ങനെയാണ് 200 ഓളം മലയാളികൾ ഒറ്റയടിക്ക് തെരുവിലേക്ക് എത്തുന്ന സാഹചര്യം ഉണ്ടായത്. പത്തു മുതൽ 15 ലക്ഷം വരെ രൂപയാണ് ഇവരിൽ നിന്നും ഏജന്റ് കൈക്കലാക്കിയത്. എന്നാൽ പണം വച്ചുള്ള കളിയായിരുന്നു എന്ന് തങ്ങൾക്ക് അറിയില്ലെന്നാണ് സ്ഥാപനത്തിന്റെ നിലപാട്. അങ്ങനെയെങ്കിൽ ഈ ഒരൊറ്റ കച്ചവടത്തിൽ മാത്രം ചുരുങ്ങിയത് 25 കോടി രൂപയാണ് സുനിലിന്റേയും മറ്റു ഏജന്റുമാരുടെയും കൂടി കൈകളിൽ എത്തിയിരിക്കുന്നത്.
പണം നഷ്ടമായവർക്ക് പരാതിപ്പെടാൻ സുവർണാവസരം
യുകെ കെയർ വിസയ്ക്ക് 2022 ഫെബ്രുവരിയിൽ മുതൽ നടന്ന വ്യാജ ഇടപാടുകളിൽ നൂറുകണക്കിന് കോടി രൂപ ഇതിനകം കൈമറിഞ്ഞു എന്ന് വ്യക്തമാക്കി പല തവണ ഞങ്ങൾ റിപ്പോർട്ട് ചെയ്ത സംഭവങ്ങളാണ് ഇപ്പോൾ ബ്രിട്ടീഷ് ദേശീയ മാധ്യമങ്ങളുടെ തലക്കെട്ടുകളായി മാറുന്നത്. അതിനാൽ ഇനി ഉള്ള നാളുകളിൽ ഓരോ കെയർ ഹോമും അവിടെയുള്ള ജീവനക്കാരും കൂടുതലായി ഹോം ഓഫീസിന്റെയും മാധ്യമങ്ങളുടെയും നിരീക്ഷണത്തിൽ ആയിരിക്കും എന്ന് വ്യക്തം. വിസ കാലാവധി അവസാനിച്ചു പുതുക്കാൻ ചെല്ലുബോൾ യുകെയിൽ ആദ്യമായി വരാൻ തയ്യാറാക്കിയ തെളിവുകളിൽ അടക്കം അന്വേഷണം നടക്കാൻ ഇടയുണ്ട് എന്നാണ് ബ്രിട്ടീഷ് മലയാളിക്ക് ഹോം ഓഫിസിൽ ജോലി ചെയ്യുന്ന മലയാളി ജീവനക്കാരിൽ നിന്നും അനൗദ്യോഗികമായി ലഭ്യമാക്കുന്ന വിവരം. ഇക്കാര്യങ്ങൾക്ക് മാത്രമാണ് അധികാരം നഷ്ടമാകും മുൻപേ സ്യുവേല നിയോഗിച്ച ഹോം ഓഫിസിലെ 600 ഓളം എൻഫോഴ്‌സ്‌മെന്റ് ജീവനക്കാർ ജോലി ചെയുക എന്നും വ്യക്തം.
അടുത്ത ഏതാനും മാസത്തേക്ക് വിസ പുതുക്കാൻ എത്തുന്നവർക്ക് കർശന പരിശോധന കഴിഞ്ഞേ അത് പുതുക്കി ലഭിക്കൂ എന്നും സൂചനയുണ്ട്. യുകെയിൽ നിന്നും മടങ്ങേണ്ടി വന്നാൽ വീട് പണയം വച്ചും സ്വർണം വിറ്റും ബാങ്കിലെ മുഴുവൻ ഡെപ്പോസിറ്റ് പിൻവലിച്ചതും ഒക്കെ വെറുതെയാകുന്ന സാഹചര്യത്തിൽ പണം വാങ്ങിയ യുകെയിൽ ഉള്ള കെയർ വിസ ഏജന്റുമാരെക്കുറിച്ചും കെയർ ഹോമുകളെ കുറിച്ചും ഹോം ഓഫിസിൽ റിപ്പോർട്ട് ചെയ്യണം എന്നാണ് ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നത്. ഇങ്ങനെ തയാറാകുന്ന ജീവനക്കാർക്ക് മാനുഷിക പരിഗണന നൽകണമെന്ന് സാൽവേഷൻ ആർമി, കെയറേഴ്സ് യുകെ തുടങ്ങിയ ചാരിറ്റി സംഘടനകളും ഇതിനകം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ചാരിറ്റി സംഘടനകൾ വഴി ഇതിനകം നൂറുകണക്കിന് യുകെ മലയാളികളായ കെയർമാർ സഹായം തേടിയിട്ടുമുണ്ട്.