ഷാർജ: നമ്മുടെ പിറന്നാൾ ദിനത്തിൽ മറ്റുള്ളവർക്ക് കൂടി സന്തോഷം പകരുമ്പോഴാണ് ഒരോ ജന്മദിനവും കൂടുതൽ മധുരമാകുന്നത്.അത് മറ്റുള്ളവരുടെ ഒരു നേരത്തെ വിശപ്പ് മാറ്റിക്കൊണ്ടായലോ..അത്രയും ഗംഭീരമായി.അത്തരത്തിൽ വേറിട്ടൊരു പിറന്നാൾ ആഘോഷത്തിന്റെ കഥയാണ് ഷാർജയിൽ നിന്നും വരുന്നത്.തന്റെ പിറന്നാൾ ദിനം ഡെലിവറി ബോയിസിനായി മാറ്റിവെച്ച ഒരു മലയാളി യുവതിയുടെ കുടുംബം. യുഎഇ യിലെ പ്രമുഖ ബിസിനസ്സ് സംരംഭകയും കണ്ണൂർ കണ്ണാടിപ്പറമ്പ് സ്വദേശിനിയുമായ ഹസീന നിഷാദിന്റെ ജന്മദിനം ഭർത്താവും കുടുംബവുമാണ് വേറിട്ട രീതിയിൽ ആഘോഷിച്ചത്.

ബന്ധുക്കളും സുഹൃത്തുക്കളും മാത്രമല്ല, ഡെലിവറി ബോയിമാർ കൂടി പങ്കെടുത്ത ആഘോഷം കെങ്കേമമാക്കിയത് ഇതുവരെ കേട്ടുകേൾവിയില്ലാത്ത രീതിയിൽ. ജന്മദിനം ആഘോഷിക്കാൻ ഓർഡർ ചെയ്ത ഭക്ഷണം കൊണ്ടുവന്നപ്പോൾ അത് ഡെലിവറി ബോയിക്ക് തന്നെ തിരിച്ചു നൽകുകയും കൂടെ മധുരപ്പൊതി സമ്മാനിക്കുകയും ചെയ്താണ് പിറന്നാൾ അവിസ്മരണീയമാക്കിയത്.

ബന്ധുക്കളും സുഹൃത്തുക്കളും ഒത്തു ചേർന്നുള്ള പതിവു ആഘോഷത്തിൽ നിന്നു വ്യത്യസ്തമായി ഇത്തവണ തങ്ങളോടൊപ്പം ഇവയിൽ നിന്നെല്ലാം മാറി നിന്ന് അഹോരാത്രം അധ്വാനിക്കുന്നവർ കൂടി സന്തോഷം പങ്കിടണമെന്ന ഹസീനയുടെ അഭിലാഷം പൂർത്തീകരിക്കാനാണ് എല്ലാവരും ചേർന്ന് ഭക്ഷണവും മറ്റുമെത്തിക്കുന്ന ഡെലിവറി ബോയിമാർക്ക് സർപ്രൈസ് നൽകണമെന്നു തീരുമാനിച്ചത്.

മക്കളായ ഷിനാസ്, ഹംദാൻ, ഹനാൻ, ഹെസ്ലിൻ എന്നിവർ ഈ ആശയം പങ്കുവച്ചപ്പോൾ ഹസീനയും നിഷാദും അതു നടപ്പിലാക്കാൻ ഇറങ്ങിപ്പുറപ്പെടുകയായിരുന്നു. അങ്ങനെ ഉമ്മയുടെ പിറന്നാൾ ദിനത്തിൽ ഉപ്പയുടെ സഹായത്തോടെ അവർ സമ്മാനങ്ങളൊരുക്കി വച്ചു. 'ഇന്ന് ഞങ്ങളുടെ അമ്മയുടെ പിറന്നാളാണ്, ആ സന്തോഷം നിങ്ങളുമായി പങ്കുവെയ്ക്കുന്നു' എന്നെഴുതിയ മനോഹരമായ സമ്മാനപ്പൊതി അവർ തയ്യാറാക്കി. തുടർന്ന് ഹസീനയുടെയും നിഷാദിന്റെയും സഹായത്തോടെ ഫുഡ് ഡെലിവറി ആപ്പിൽ മുൻകൂറായി പണമടച്ച് ഇഷ്ട വിഭവങ്ങൾ ഓർഡർചെയ്തു.എല്ലാം വ്യത്യസ്തമായ റസ്റ്ററന്റുകളിൽനിന്ന്.

അങ്ങനെ ഷാർജയുടെയും പരിസരപ്രദേശത്തുമുള്ള അൻപതോളം ഡെലിവറി ബോയ്‌സ് പല സമയങ്ങളിലായി ഡെലിവറിക്കായി ഇവരുടെ വില്ലയിലെത്തി. മക്കളെല്ലാം ചേർന്ന് അവരെ സ്വീകരിച്ചു. കൈയിലുള്ള സമ്മാനപ്പൊതി നൽകിയ ശേഷം നിങ്ങൾ കൊണ്ടുവന്ന ഭക്ഷണം നിങ്ങൾക്ക് തന്നെയുള്ളതാണെന്ന് പറഞ്ഞപ്പോൾ ഡെലിവറി ബോയിമാരുടെ കണ്ണുകളിൽ സന്തോഷാശുശ്രക്കൾ പൊഴിഞ്ഞു. ചിർ ആദ്യം അത് വിശ്വസിച്ചില്ലെങ്കിലും പിന്നീട് നിറകണ്ണുകളോടെ സമ്മാനം ഏറ്റുവാങ്ങി കുട്ടികൾക്ക് നന്ദി പറഞ്ഞു.

തന്റെ അഞ്ചു വർഷത്തെ ഡെലിവറി ജീവിതത്തിൽ ഇങ്ങനെയൊരു അനുഭവം ആദ്യമാണെന്നു പാക്കിസ്ഥാൻ സ്വദേശിയായ ഡെലിവറി ബോയ് അബ്ദുൽ റസാഖ് പറഞ്ഞു. സഹജീവികളോട് കരുണയോടെ പെരുമാറേണ്ടതിന്റെ ആവശ്യകത കുട്ടികളെ പഠിപ്പിച്ചെടുക്കാൻ വേണ്ടിയാണ് താനും ഹസീനയും മക്കളുടെ ആഗ്രഹത്തിന് പൂർണപിന്തുണ നൽകിയതെന്ന് നിഷാദ് പറഞ്ഞു.

മക്കളുടെ ആശയം ഭർത്താവ് നിഷാദ് ഹുസൈൻ അവരോടൊപ്പം ചേർന്ന് ആവിഷ്‌കരിച്ചത് ഒട്ടേറെ പേരുടെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു. റോഡിലെ തടസ്സം നീക്കിയതിനു ദുബായ് രാജകുമാരൻ ഹംദാൻ പാക്കിസ്ഥാൻ സ്വദേശി അബ്ദുൽ ഗഫൂർ എന്ന ഡെലിവറി ബോയിയെ നേരിൽകണ്ട് അഭിനന്ദിച്ച പ്രവൃത്തിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഡെലിവറി ബോയ്‌സിന് വേണ്ടിഎന്തെങ്കിലുമൊക്കെ ചെയ്യണമെന്ന ആഗ്രഹം കുട്ടികളിലുണ്ടായത്.

സ്വന്തം തൊഴിലാളികൾക്ക് നൽകുന്ന കാരുണ്യ പ്രവർത്തനങ്ങളിലൂടെ ദമ്പതികളായ ഈ ബിസിനസ്സ് സംരംഭകർ ഇതിനകം സമൂഹത്തിന്റെ പ്രശംസ സ്വന്തമാക്കിയവരാണ്. മാതൃകയാക്കേണ്ട ഒട്ടേറെ പ്രവർത്തനങ്ങൾ ഇവർ ഇതിനോടകം ചെയ്തിട്ടുണ്ട്. ഷാർജ ജെംസ് മില്ലേനിയം സ്‌കൂളിലെ ഏഴാം ക്‌ളാസ് വിദ്യാർത്ഥിയാണ് ഷിനാസ്. അതെസ്‌കൂളിലെ രണ്ടാം ക്ളാസ്സ് വിദ്യാർത്ഥിനിയാണ് ഹനാൻ. ഹംദാൻ ഷാർജ കേംബ്രിഡ്ജ് സ്‌കൂളിലെ അഞ്ചാം ക്ളാസുകാരനും.