മനാമ: ഇന്ത്യയടക്കം ഏഴ് രാജ്യങ്ങളിൽ സൗദി വിദേശകാര്യ മന്ത്രാലയം ഇ - വിസ നടപ്പാക്കി. പാസ്പോർട്ടിൽ സ്റ്റിക്കർ പതിക്കുന്നതിനു പകരമാണ് ക്യു ആർ കോഡുള്ള പേപ്പർ വിസ സംവിധാനമെന്ന് സൗദി വാർത്താ ഏജൻസിയായ എസ്‌പിഎ വ്യാഴാഴ്ച അറിയിച്ചു.

ഇ - വിസയിൽ ക്യുആർ കോഡ് വഴി വിവരങ്ങൾ വായിക്കാൻ കഴിയും. ഇന്ത്യക്കു പുറമേ, യുഎഇ, ജോർദാൻ, ഈജിപ്ത്, ബംഗ്ലാദേശ്, ഇന്തോനേഷ്യ, ഫിലിപ്പൈൻസ് എന്നീ രാജ്യങ്ങളിലെ എംബസികളിലാണ് ഇ - വിസ നടപ്പാക്കിയത്. ജോലി, താമസ, സന്ദർശന വിസ തുടങ്ങിയ വിസ നടപകികൾ പരിഷ്‌കരിച്ച് കോൺസുലേറ്റ് സേവനങ്ങളുടെ നിലവാരം ഉയർത്തുകയാണ് പദ്ധതിവഴി ലക്ഷ്യമിടുന്നത്.

ഇന്ത്യയിൽ പേപ്പർ വിസ സൗദി കോൺസുലേറ്റ് നൽകി തുടങ്ങി. വിസ സ്റ്റാമ്പ് ചെയ്യാനായി സമർപ്പിച്ചവർക്ക് പേപ്പർ വിസയാണ് നൽകിയത്. ആരുടെ പാസ്പോർട്ടിലും വിസ സ്റ്റാമ്പ് ചെയ്തിട്ടില്ല. തൊഴിൽ വിസകൾ കോൺസുലേറ്റും സന്ദർശക വിസകൾ വിഎഫ്എസ് കേന്ദ്രങ്ങൾ വഴിയുമാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടത്. കൊച്ചിയിലും പുതിയ വിഎഫ്എസ് കേന്ദ്രം തുറന്നിട്ടുണ്ട്.

പുതിയ നടപടികൾ രാജ്യത്തേക്കുള്ള സന്ദർശകരുടെ എണ്ണം വർധിപ്പിക്കുമെന്നാണ് അധികാരികൾ കണക്കുക്കൂട്ടുന്നത്. സന്ദർശകരുടെ എണ്ണം ജനുവരിയിൽ 24 ലക്ഷവും ഫെബ്രുവരിയിൽ 25 ലക്ഷവുമായി ഉയർന്നു. ഈ വർഷം 2.5 കോടി വിനോദ സഞ്ചാരികളെ സ്വീകരിക്കാനാണ് രാജ്യം ലക്ഷ്യമിടുന്നത്.