ലണ്ടൻ: ഇക്കഴിഞ്ഞ മാർച്ച് 4 ന് പുറത്തിറക്കിയ ഒരു സർക്കുലറിലൂടെ, ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യ (ഒ സി ഐ) കാർഡ് ഉടമകൾക്ക് ഇന്ത്യയിൽ നടത്താൻ കഴിയുന്ന പ്രവർത്തനങ്ങളിൽ ആഭ്യന്തര മന്ത്രാലയം കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു. മാത്രമല്ല, അവരെ വിദേശ പൗരന്മാരായിട്ടായിരിക്കും ഇനിമുതൽ പരിഗണിക്കുക. ഒരു വിദേശ രാജ്യത്തിന്റെ പാസ്സ്പോർട്ട് ഉള്ള ഒരു ഓ സി ഐ കാർഡ് ഉടമ ഇന്ത്യൻ പൗരൻ ആയിരിക്കില്ല എന്ന് മന്ത്രാലയം പുറത്തിറക്കിയ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു. ഇപ്പോൾ വരെ ഒ സി ഐ കാർഡ് ഉടമകളെ ഇന്ത്യൻ പൗരന്മാർക്ക് തുല്യമായിട്ടായിരുന്നു പരിഗണിച്ചിരുന്നത്.

ഒ സി ഐ കാർഡ് ഉടമകൾക്കും, വിദേശത്തുള്ള ഇന്ത്യൻ സമൂഹത്തിന് തന്നെയും ഈ തീരുമാനം ഒരു തിരിച്ചടിയാണെന്ന് ഇന്ത്യ ഓവർസീസ് കോൺഗ്രസ്സ് വൈസ് ചെയർമാൻ ജോർജ്ജ് അബ്രഹാം പ്രതികരിച്ചു. ഇരട്ട പൗരത്വം നടപ്പിലാക്കും എന്ന പ്രതീക്ഷയിലായിരുന്നു തങ്ങളെന്നും ഇപ്പോൾ തങ്ങളെ വിദേശികളായി മാത്രമെ പരിഗണിക്കുകയുള്ളു എന്ന് വ്യക്തമാക്കിയതോടെ ആ പ്രതീക്ഷ നഷ്ടപ്പെട്റ്റു എന്നും ജോർജ്ജ് അബ്രഹാം പറയുന്നു.

അതേസമയം 2005, 2007, 2009 എന്നീ വർഷങ്ങളിൽ നിലവിൽ വന്ന, ഇപ്പോൾ പ്രാബല്യത്തിൽ ഉള്ള നിയമത്തിന്റെ വ്യാഖ്യാനം മാത്രമാണ് ബുള്ളറ്റിൻ എന്നാണ് സാൻ ഫ്രാൻസിസ്‌കോ കൗൺസൽ ജനറൽ ഓഫ് ഇന്ത്യയുടെ വക്താവ് പറഞ്ഞത്. ഈ നിയമങ്ങൾ പ്രകാരം ഒ സി ഐ കാർഡ് ഉടമകൾ മിഷനറി പ്രവർത്തനം, പത്രപ്രവർത്തനം, പർവ്വതാരോഹണം തുടങ്ങിയ പ്രവർത്തനങ്ങൾ ഇന്ത്യയിൽ നടത്തുവാൻ ഇന്ത്യൻ സർക്കാരിന്റെ പ്രത്യേകാനുമതി വാങ്ങിയിരിക്കണം.

അതുപോലെ കേന്ദ്ര സർക്കാർ നിയന്ത്രിത മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള സ്ഥലങ്ങൾ സന്ദർശിക്കുവാനും പ്രത്യേകാനുമതി വാങ്ങിയിരിക്കണം. അരുണാചൽ പ്രദേശ് പൂർണ്ണമായും, ഹിമാചൽ പ്രദേശ്, ജമ്മു കാശ്മീർ എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളും ഇത്തരത്തിലുള്ള നിയന്ത്രിത പ്രവേശനമുള്ള മേഖലകളാണ്. അതിനു പുറമെ മണിപ്പൂർ, മിസോറാം, സിക്കിം, നാഗാലണ്ട് എന്നീ സംസ്ഥാനങ്ങൾ പൂർണ്ണമായും, രാജസ്ഥാൻ, ഉത്തരഖണ്ഡ് സംസ്ഥാനങ്ങളുടെ ചില ഭാഗങ്ങളും നിയന്ത്രിത മേഖലയിൽ ഉൾപ്പെടും.

കൂടാതെ ഇന്ത്യയിൽ നിന്നും വിദേശത്തേക്ക് ദത്തെടുക്കുന്നതിലും ഇനി മുതൽ ഒ സി ഐ കാർഡ് ഉടമകൾക്ക് കർശനമായ നിയന്ത്രണങ്ങൾ ഉണ്ടായിരിക്കും. വിദേശ ഇന്ത്യാക്കാർ ഇന്ത്യയിൽ ഉന്നത വിദ്യാഭ്യാസം ചെയ്യാൻ ഉദ്ദേശിക്കുന്നുവെങ്കിലും പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ അനുസരിച്ചായിരിക്കണം. അതുപോലെ ഇന്ത്യയിൽ താമസിക്കുന്ന ഒ സി ഐ കാർഡ് ഉടമകൾ, അവരുടെ മേൽവിലാസം മാറുമ്പോഴോ, ജോലി മാറുമ്പോഴോ അക്കാര്യം ഫോറിൻ റീജ്യണൽ റെജിസ്ട്രേഷൻ ഓഫീസറേയോ, ഫോറിനഴ്സ് റെജിസ്ട്രേഷൻ ഓഫീസറെയോ അക്കാര്യം ഈമെയിൽ മുഖാന്തിരം അറിയിച്ചിരിക്കണം.

എന്നാൽ, ചില ആനുകൂല്യങ്ങൾ ഈ ബുള്ളറ്റിൻ വഴി ഒ സി ഐ കാർഡ് ഉടമകൾക്ക് സർക്കാർ നൽകുന്നുണ്ട്. നാഷണൽ പാർക്കുകൾ, വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങൾ, ദേശീയ സ്മാരകങ്ങൾ, ചരിത്രസ്ഥലങ്ങൾ, മ്യുസിയം എന്നിവ സന്ദർശിക്കുന്നതിനുള്ള ഫീസും അതുപോലെ രാജ്യത്തിനകത്തെ വിമാന യാത്രാക്കൂലിയും ഇന്ത്യൻ പൗരന്മാരുടേതിന് തുല്യമാക്കിയിട്ടുണ്ട് ഒ സി ഐ കാർഡ് ഉടമകൾക്കും. ഇന്ത്യയിൽ സ്ഥലമോ കെട്ടിടമോ വാങ്ങണമെങ്കിൽ ഒ സി ഐ കാർഡ് ഉടമകൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുമതി വാങ്ങിയിരിക്കണം. അതേസമയം, വിദേശ ഇന്ത്യാക്കാർക്ക് കൃഷിയിടങ്ങൾ വാങ്ങുന്നതിനുള്ള വിലക്ക് തുടരും.