- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
15 വർഷത്തെ കാത്തിരിപ്പിന് ശേഷം ഭാര്യയും മക്കളും ദുബായിലെത്തി; കുടുംബം നാട്ടിൽ നിന്ന് എത്തിയ അതേ ദിവസം ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതിനിടെ നെഞ്ചുവേദന; സന്തോഷ നിമിഷങ്ങൾ ദുഃഖത്തിലേക്ക് വഴിമാറ്റി കൊണ്ട് പ്രവാസി മലയാളിയുടെ മരണം
ദുബായ്: സ്വപ്‌നങ്ങളും പ്രതീക്ഷകളുമായി ഗൾഫിലേക്ക് വിമാനം കയറുന്നവർ, വിശേഷിച്ച് കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യേണ്ടി വരുന്നവർ അനുഭവിക്കുന്ന ദുരിതങ്ങളുടെ കഥ പറഞ്ഞാൽ തീരില്ല. ജോലി സമ്മർദ്ദവും, മാനസിക സംഘർഷവും, കുടുംബത്തിൽ നിന്ന് അകന്ന് ഒറ്റപ്പെട്ട ജീവിതം നയിക്കുന്നതിന്റെ സങ്കടവും എല്ലാം ചേർന്ന് വലിയൊരു തീച്ചൂളയിലായിരിക്കും മിക്കവരും. 15 വർഷത്തിലേറെയായി യുഎഇയിൽ ജോലി നോക്കിയിട്ടും ഒരിക്കൽ പോലും കുടുംബത്തെ കൊണ്ടുവരാൻ സാധിക്കാതിരുന്ന പ്രവാസിക്ക് അതിന് അവസരം കിട്ടിയപ്പോൾ ഉണ്ടായ ദുരന്തമാണ് പ്രവാസി സാമൂഹിക പ്രവർത്തകനായ അഷ്‌റഫ് താമരശ്ശേരി കുറിക്കുന്നത്.
കുടുംബം എത്തിച്ചേർന്നതിന്റെ സന്തോഷം അൽപായുസായിരുന്നു. ഭാര്യയും മക്കളും ദുബായിൽ എത്തിയ അന്നുതന്നെ പ്രവാസി മലയാളി മരണമടഞ്ഞു. കുടുംബത്തിനൊപ്പം ഭക്ഷണം കഴിക്കുമ്പോൾ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു.
അഷ്‌റഫ് താമരശ്ശേരിയുടെ കുറിപ്പ് വായിക്കാം:
പ്രവാസ ലോകത്ത് കഴിഞ്ഞ ദിവസം മരണപ്പെട്ട സഹോദരന്മാരിൽ ഒരാളുടെ അവസ്ഥ പറയാം. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തിന്റെ ഭാര്യയും കുട്ടികളും നാട്ടിൽ നിന്നും വന്നത്. ഏറെ സന്തോഷകരമായ നിമിഷങ്ങൾ കടന്ന് പോകവേ. ദുഃഖത്തിന്റെ ദൂതുമായി മരണത്തിന്റെ മാലാഖയെത്തി. കുടുംബം നാട്ടിൽ നിന്നും എത്തിയ അതേ ദിവസം എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കേ നെഞ്ച് വേദനയോടെ ഹൃദയഘാതത്തിന്റെ രൂപത്തിൽ ഇദ്ദേഹത്തെ മരണം പിടികൂടുകയായിരുന്നു. മരണം വാതിൽക്കലെത്തിയാൽ പിന്നെ കൂടെ പോവുകയല്ലാതെ മറ്റൊരു വഴിയും ഇല്ല.
ഭാര്യയും മക്കളും നാട്ടിൽ നിന്നെത്തിയ സന്തോഷ നിമിഷങ്ങൾ എത്ര പെട്ടന്നാണ് ദുഃഖത്തിലേക്ക് വഴിമാറിയത്. ചില മരണങ്ങൾ ഇങ്ങനെയാണ് ഒരുപാട് ജീവിതങ്ങളെ കൊത്തി വലിക്കും. വല്ലാത്ത വേദനകൾ സമ്മാനിക്കും. സങ്കടക്കടൽ തീർക്കും. നമ്മിൽ നിന്നും മരണപ്പെട്ട് പിരിഞ്ഞു പോയ പ്രിയ സഹോദരങ്ങൾക്ക് ദൈവം തമ്പുരാൻ നന്മകൾ ചൊരിയുമാറാകട്ടെ. അവരുടെ കുടുംബങ്ങൾക്കും പ്രിയപ്പെട്ടവർക്കും ക്ഷമയും സഹനവും നൽകി അനുഗ്രഹിക്കുമാറാകട്ടെ........
മറുനാടന് മലയാളി ബ്യൂറോ