വിക്ടോറിയ: 2020 ൽ മോഷണക്കേസുമായി ബന്ധപ്പെട്ട് ഫേസ്‌ബുക്കിൽ തെറ്റായ ചിത്രം പ്രസിദ്ധീകരിച്ചെന്നും,അന്യായമായി അറസ്റ്റ് ചെയ്‌തെന്നും ആരോപിച്ച് മാനനഷ്ടക്കേസ് നൽകിയ മലയാളി ഡോക്ടറോട് വിക്ടോറിയ പൊലീസ് മാപ്പ് പറഞ്ഞു.പൊലീസ് നടപടികൾക്കെതിരെയുള്ള പോരാട്ടം നിരവധി കടമ്പകൾ നിറഞ്ഞതായിരുന്നെന്നും പലരും ഇത്തരം സാഹചര്യങ്ങളിൽ മുന്നോട്ട് പോകുവാൻ മടിക്കുമെന്നും പൊലീസിന്റെ തെറ്റുതിരുത്തലിന് ശേഷം ഡോക്ടർ പ്രസന്നൻ പൊങ്കാനപ്പറമ്പിൽ എസ് ബി എസ് മലയാളത്തോട് പ്രതികരിച്ചു.

കേസ് നടത്താനുള്ള ഭാരിച്ച ചെലവുകളെയോർത്ത് പല കാര്യങ്ങളിലും നിയമവഴി തേടാത്ത പ്രവാസികൾക്ക് തനിക്കുണ്ടായ അനുഭവം മാതൃകയാവണം.ഇക്കാര്യത്തിൽ താൻ സ്വീകരിച്ച സമീപനം സമാനമായുള്ള സാഹചര്യങ്ങളിലുള്ളവർക്ക് പ്രചോദനമാകുമെന്നാണ് പ്രീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

2020ൽ മദ്യ വിൽപ്പന ശാലയിൽ വൈൻ ബോട്ടിൽ മോഷ്ടിച്ചുവെന്ന ആരോപണത്തെ തുടർന്നാണ് മെൽബൺ തെക്ക് കിഴക്കുള്ള ടാക്കെനം പൊലീസ് സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കേസെടുത്തത്.മോഷ്ടാവെന്ന തരത്തിൽ ചിത്രീകരിച്ചുകൊണ്ട് ഡോക്ടർ പ്രസന്നന്റെ ചിത്രമായിരുന്നു വിക്ടോറിയ പൊലീസ് ഫേസ്‌ബുക്കിലൂടെ പ്രതിക്കായുള്ള തിരച്ചിലിന് വേണ്ടി പ്രസിദ്ദീകരിച്ചത്.

വൈൻ ബോട്ടിൽ മോഷ്ടിക്കുന്നത് ഡോക്ടറാണെന്ന തരത്തിൽ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചു.എന്നാൽ ചിത്രത്തിൽ കാണുന്ന ആൾ താനാണെന്നും അത് മോഷണമല്ലെന്നും അറിയിച്ചെങ്കിലും ചിത്രം മാറ്റാൻ പൊലീസ് തയ്യാറായില്ല.2 ദിവസത്തിന് ശേഷമാണ് ഇത് നീക്കം ചെയ്തത്.ഇത് തനിക്കും കുടുംബത്തിനും വലിയ തരത്തിലുള്ള മാനനഷ്ടത്തിന് കാരണമായെന്നും പ്രസന്നൻ പറഞ്ഞു.

ഇതേ തുടർന്നാണ് മാനനഷ്ട കേസുമായി പ്രസന്നനൻ കോടതിയെ സമീപിച്ചത്.കേസ് മുന്നോട്ട് പോകുന്നതിനിടെ പ്രദേശത്തെ പാർലമെന്റ് അംഗം വിഷയം ആഭ്യന്തര മന്ത്രിയെ അറിയിക്കുകയും ചെയ്തു.ഒടുവിൽ പൊലീസ് വീട്ടിലെത്തി വരെ ഒത്തുതീർപ്പിന് ശ്രമിച്ചെങ്കിലും നിയമപോരാട്ടം തുടരാനായിരുന്നു ഡോക്ടറുടെ തീരുമാനം.

പിന്നീടാണ് പരസ്യമായി വിക്ടോറിയ പൊലീസ് മാപ്പ് പറയാൻ തയ്യാറായാൽ ഒത്തുതീർപ്പിന് തയ്യാറാണെന്ന നിലപാടിലേക്ക് എത്തിയത്.ഒടുവിൽ 2 വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ തനിക്ക് മാനനഷ്ടമുണ്ടായ അതേ മാർഗ്ഗത്തിലൂടെ വിക്ടോറിയ പൊലീസിന്റെ ഫേസ്‌ബു്ക്ക പേജ് വഴി തന്നെ അവർ ഡോക്ടറോട് മാപ്പ് പറയുകയും മാപ്പ് പറഞ്ഞുകൊണ്ടുള്ള ഔദ്യോഗിക രേഖ ഡോക്ടർക്ക് അയച്ചുകൊടുക്കുകയും ചെയ്തത്.

തങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായത് തെറ്റായ പെരുമാറ്റമാണെന്ന് മാപ്പ് പറഞ്ഞുകൊണ്ടുള്ള രേഖയിൽ വിക്ടോറിയ പൊലീസ് ഏറ്റുപറഞ്ഞു.ക്ഷമാപണം നടത്തുന്നതിന് പുറമേ ഇത്തരം തെറ്റുകൾ സോഷ്യൽ മീഡികളിൽ സംഭവിക്കാതിരിക്കാൻ ഉദ്യേഗസ്ഥർക്ക് പ്രത്യേക പരിശീലനം നൽകാനും വിക്ടോറിയ പൊലീസ് തീരുമാനിച്ചു.