ലണ്ടൻ: ഓരോ അവധിക്കാലം എത്തുമ്പോഴും ഏറ്റവും ചൂഷണത്തിന് ഇരയാകുന്നത് പ്രവാസികളാണ്. വിമാനക്കമ്പനികൾ നിരക്കുയർത്തുന്നതാണ് ഒരു വെല്ലുവിളി. എന്നാൽ, യുകെയിലെ മലയാളികൾക്ക് പറയാനുള്ളത് വലിയൊരു തട്ടിപ്പിന്റെ കഥയാണ്. അടുത്തെത്തിയ ക്രിസ്മസ് അവധിക്കാല യാത്രയ്ക്കായി ടിക്കറ്റെടുത്ത വെയ്ൽസിലും മിഡ്‌ലാൻഡ്‌സിലും ഉള്ള മലയാളികൾക്കാണ് കനത്ത നഷ്ടം ഉണ്ടായതും പകരം കൂടിയ നിരക്കിൽ പുതിയ ടിക്കറ്റ് എടുക്കേണ്ടിയും വന്നത്.

വെയ്ൽസ് മലയാളിയുടെ സുഹൃത്ത്, പരാതി ഉയർന്നതോടെ ബാംഗ്ലൂർ ഏജൻസിക്കാരൻ മുങ്ങി

വെയ്ൽസിൽ ഉള്ള മലയാളിയുടെ റഫറൻസിൽ ആണ് പത്തനംതിട്ട സ്വദേശിയായ ശരത് ചന്ദ്രൻ എന്ന യുവാവിന്റെ ബാംഗ്ലൂരിൽ ഉള്ള ഗോബംഗ്ല എന്ന ഏജൻസി മുഖേനെ യുകെ മലയാളികൾ ടിക്കറ്റ് എടുക്കുന്നത്. ബെഡ്‌ഫോർഡ്ഷയർ മലയാളി അസോസിയേഷൻ ഭാരവാഹി ആയിരുന്ന വ്യക്തിയാണ് ഇപ്പോൾ തട്ടിപ്പിന് ഇരയായതായി വെളിപ്പെടുത്തൽ നടത്തുന്നത് .മകൾ അടക്കം ഉള്ളവരുടെ കുടുംബങ്ങൾക്കും ഇദ്ദേഹം നിർദ്ദേശം നൽകിയത് വഴിയാണ് തട്ടിപ്പ് കമ്പനിയിൽ നിന്നും ടിക്കറ്റ് എടുത്തത്. ഇപ്പോൾ അവരുടെ ടിക്കറ്റ് കൂടി സ്വന്തം കൈയിലെ പണം മുടക്കി എടുക്കേണ്ടി വന്ന ദുരവസ്ഥയാണ് ഇദ്ദേഹത്തിന് പറയാനുള്ളത്.

പേര് വെളിപ്പെടുത്തരുത് എന്ന പ്രത്യക അഭ്യർത്ഥന നടത്തിയതും പരാതിയുമായി ബന്ധപ്പെട്ട മുഴുവൻ തെളിവുകളും കൈമാറുകയും ചെയ്തതുകൊണ്ടാണ് പരാതിക്കാരന്റെ പേര് മറച്ചു വയ്ക്കുന്നത്. രണ്ടു പതിറ്റാണ്ടായി യുകെയിൽ ജീവിക്കുകയും ഇത്തരം തട്ടിപ്പുകൾക്ക് എതിരെ പ്രതികരിക്കുകയും ചെയ്തിട്ടുള്ള താൻ തന്നെ അതിനു ഇരയായി എന്ന് നാട്ടുകാർ അറിയുന്നത് പണം പോയതിനേക്കാൾ മനോവിഷമം ഉണ്ടാക്കുന്ന കാര്യം ആണെന്നും അദ്ദേഹം പറയുന്നു.

തന്റെ അറിവിൽ ആയിരം പൗണ്ട് മുടക്കി എടുത്ത പതിനഞ്ചിനോളം പേർക്കാണ് ഇപ്പോൾ പണം നഷ്ടമായത്. എന്നാൽ യുവാവിനു യുകെയിൽ നിന്നും വ്യാപകമായി ബന്ധങ്ങൾ ലഭിച്ചതോടെ കൂടുതൽ ടിക്കറ്റുകൾ വിറ്റിരിക്കാൻ ഉള്ള സാധ്യതയാണ് പരാതിക്കാരൻ ഉയർത്തുന്നത്. വെയ്ൽസിൽ ഉള്ള പൊതുസുഹൃത് പരിചയപ്പെടുത്തിയതിനാൽ ശരത് ചന്ദ്രന് അവിടെ നിന്നും ബുക്കിങ് ലഭിക്കാനുള്ള സാധ്യത അധികമാണ്. അതിനാൽ ഇയാൾ വഴി ടിക്കറ്റ് എടുത്ത ആരെങ്കിലും ഉണ്ടെങ്കിൽ എത്രയും വേഗം ടിക്കറ്റ് നിലവിൽ ഉണ്ടോ എന്ന് പരിശോധിക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെടുന്നു. ഇയാളെ വിളിച്ചു ചോദിച്ചു പണം തിരികെ ആവശ്യപ്പെടാൻ പോലും കഴിയാത്ത സാഹചര്യമാണ്. ബിസിനസ് ചെയ്ത പണം ഉപയോഗിച്ച് ഭാര്യയ്ക്ക് ബെൽജിയത്തിൽ വിസ ഉറപ്പാക്കിയ യുവാവ് അങ്ങോട്ടേക്ക് കടന്നിരിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

തട്ടിപ്പിന് ഉപയോഗിച്ചത് പതിവ് രീതികൾ തന്നെ, കൊല്ലം റൂറൽ പൊലീസിൽ പരാതി

ട്രാവൽ ഏജൻസിയുമായി ബന്ധപ്പെട്ട് കാലങ്ങളായി കേൾക്കുന്ന പരാതി തന്നെയാണ് ഗോബംഗ്ല തട്ടിപ്പിലും സംഭവിച്ചത്. ടിക്കറ്റിന്റെ പണം മുഴുവൻ മുൻകൂറായി ലഭിച്ചതിനെ തുടർന്ന് ബുക്ക് ചെയ്ത ടിക്കറ്റുകൾ ക്യാൻസൽ ചെയ്തു പണം പിൻവലിക്കുക ആയിരുന്നു ശരത് ചന്ദ്രന്റെ തട്ടിപ്പിന്റെ രീതി. ടിക്കറ്റിന്റെ കോപ്പികൾ യാത്രക്കാർക്ക് അയച്ചു നൽകിയിരുന്നതിനാൽ ആർക്കും സംശയവും ഉണ്ടായില്ല. നിലവിൽ വിപണിയിൽ ഉണ്ടായിരുന്ന 1200-1300 പൗണ്ടിന്റെ ടിക്കറ്റ് ആണ് ആയിരം പൗണ്ട് ഈടാക്കി ശരത് ചന്ദ്രൻ വ്യാപകമായി വിറ്റത്. തുകയിൽ ഉള്ള ചെറിയ വ്യത്യാസം അയാൾ കയ്യിൽ നിന്നും എടുത്തായിരിക്കും ടിക്കറ്റുകൾ വിറ്റതെന്നും സംശയിക്കുന്നു. ഉപയോക്താവ് മുഴുവൻ പണവും കൈമാറിയ ശേഷം ടിക്കറ്റ് അയച്ചു കൊടുത്ത ശരത് ചന്ദ്രൻ ഏതാനും ദിവസത്തിന് ശേഷം ടിക്കറ്റുകൾ മുഴുവൻ ക്യാൻസൽ ചെയ്തു മുഴുവൻ പണവും സ്വന്തം കീശയിൽ ആക്കുക ആയിരുന്നു.

ഈ വിവരം അറിഞ്ഞു താൻ മൂലം പണം നഷ്ടമായവരെ ആശ്വസിപ്പിക്കാൻ വെയ്ൽസിലെ പൊതു സുഹൃത്ത് കേരളത്തിൽ എത്തി ഗോബംഗ്ല ട്രാവൽസ് ഉടമ ശരത് ചന്ദ്രന് എതിരെ കൊല്ലം റൂറൽ പൊലീസിൽ പരാതി നൽകുക ആയിരുന്നു. ബാംഗ്ലൂർ ജയനഗർ ഫെഡറൽ ബാങ്കിന്റെ ശാഖയിലേക്കാണ് ഇയാൾ പണം അയക്കാൻ ആവശ്യപ്പെട്ടിരുന്നത്. തട്ടിപ്പുകാരൻ മുങ്ങി എന്ന് വ്യക്തമായതിനെ തുടർന്നു ഇയാളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു അന്വേഷണം നടത്താം എന്ന സാധ്യതയാണ് പൊലീസ് പരിശോധിക്കുന്നത്. എന്നാൽ ഇയാൾ മൊബൈൽ ഫോൺ സിം കാർഡ് ഇതിനകം നശിപ്പിച്ചിരിക്കാൻ ആണ് സാധ്യതയെന്നും പൊലീസ് കരുതുന്നു. ഇതോടെ പണം പോയവർക്ക് പ്രതീക്ഷയെ വേണ്ടാന്നു സൂചനയാണ് ലഭിക്കുന്നത്.

എട്ടു വർഷം മുൻപും സമാന തട്ടിപ്പ്.

എട്ടു വർഷം മുൻപ് ലണ്ടൻ മലയാളി ആയിരുന്ന ചങ്ങനാശേരി സ്വദേശി നടത്തിയ സമാനമായ തട്ടിപ്പാണ് ഇപ്പോൾ ഗോ ബംഗ്ലാ തട്ടിപ്പിനെ കുറിച്ച് കേൾക്കുമ്പോൾ ഓർമ്മ വരുക. മലയാളികളും മറ്റു നാട്ടുകാരും അടക്കം 400 ലധികം പേരുടെ പണം നഷ്ടമായ ഗ്രീൻ ലാൻഡ് തട്ടിപ്പ് യുകെയിൽ മലയാളികൾക്കിടയിൽ നടന്ന ഏറ്റവും വലിയ ടിക്കറ്റ് സ്‌കാം ആയി മാറിയിരിക്കുകയാണ്. ഓണക്കാല യാത്രക്ക് തയാറായ നൂറുകണക്കിന് പേരുടെ യാത്രയാണ് അന്ന് മുടങ്ങിയത്. വ്യാപകമായി പരാതികൾ ഉയർന്നതോടെ ഫാൽക്കൺ എന്ന പേരിട്ട മെട്രോപൊളിറ്റൻ പൊലീസ് ഡിക്ടറ്റീവ് സംഘത്തെ നിയോഗിച്ചു അന്വേഷണം നടത്തിയപ്പോൾ എട്ടോളം വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ തികച്ചും സങ്കീർണമായ കേസായി ഗ്രീൻ ലാൻഡ് മാറുക ആയിരുന്നു. ഒരേ യാത്രക്കാരിൽ നിന്നും തന്നെ ബാങ്ക് കാർഡ് വിശദംശങ്ങൾ ഉപയോഗിച്ച് പല തവണ പണം എടുത്ത ക്രൂരതയും ഗ്രീൻ ലാൻഡ് തട്ടിപ്പിൽ പുറത്തു വന്നിരുന്നു. ഒടുവിൽ തട്ടിപ്പുകാരന്റെ നാട്ടിലെ വീട് വരെ കയ്യേറി ആളുകൾ പ്രതികരിക്കാൻ തയ്യാറായതും വലിയ വാർത്ത കോലാഹലം തന്നെ സൃഷ്ടിച്ചതാണ്.

നിർഭാഗ്യവശാൽ അന്ന് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാതെ പണം നൽകിയ മിക്കവർക്കും അന്ന് പണം നഷ്ടവുമാകുക ആയിരുന്നു. ഏജൻസി നടത്തിയ വ്യക്തി ആർക്കും തന്നെ പണം മടക്കി നൽകാതെ ലക്ഷക്കണക്കിന് പൗണ്ട് സ്വന്തം ആവശ്യത്തിനായി ഉപയോഗിക്കുക ആയിരുന്നു. പ്രമുഖ ഏജൻസികളുടെ സബ് ഏജന്റ് എന്ന നിലയിൽ പ്രവർത്തിച്ച ഗ്രീൻ ലാൻഡ് ഉടമ വമ്പൻ എജൻസികളെ കൂടി വഞ്ചിച്ചാണ് അന്ന് സ്വന്തം സംരംഭം പൂട്ടിയത് .ഇത്തരം ആളുകളുമായി കച്ചവടത്തിന് ഇറങ്ങുമ്പോൾ തുല്യ ഉത്തരവാദിത്തം ഉപയോക്താവിനും ഉള്ളതിനാൽ കേസ് അവസാനിപ്പിക്കുക ആന്നെന്നാണ് അന്വേഷണ നടത്തിയ സംഘം പണം നഷ്ടമായവരെ ഇമെയിൽ മുഖേനെ അറിയിച്ചത്.