മസ്‌കത്ത്: മസ്‌കറ്റിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടാനിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ പുക ഉയർന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. മസ്‌കറ്റ് സമയം രാവിലെ 11.20ന് കൊച്ചിയിലേക്ക് പുറപ്പെടാനിരുന്ന എയർ ഇന്ത്യ എക്സ്പ്രസിന്റ ഐ എക്സ് 442 നമ്പർ വിമാനത്തിൽ നിന്നാണ് പുക ഉയർന്നത്.സംഭവം ശ്രദ്ധയിൽ പെട്ടയുടനെ ടേക്ക് ഓഫ് നിർത്തിവെച്ച് യാത്രക്കാരെ പുറത്തെത്തിക്കുകയായിരുന്നു.

വിമാനം ടേക് ഓഫ് ചെയ്യുന്നതിന് മുന്നോടിയായി ടാക്സിബേയിലേക്ക് നീങ്ങിയപ്പോഴാണ് ഇടതുവശത്തെ ചിറകിൽ നിന്ന് പുക ഉയരുന്നത് കണ്ടത്. ഉടൻ ടേക് ഓഫ് നിർത്തിവെച്ച് യാത്രക്കാരെ എമർജൻസി വാതിൽ വഴി പുറത്തിറക്കുകയായിരുന്നു. അഗ്‌നി രക്ഷാ സേനയുടെ നേതൃത്വത്തിൽ വിമാനത്തിന് മുകളിലേക്ക് വെള്ളം ചീറ്റി തീപടരുന്നത് തടഞ്ഞു.

ഇതോടെ എമർജൻസി വാതിലിലൂടെ പുറത്തിറങ്ങിയ യാത്രക്കാർ അവിടെനിന്ന് പരക്കം പായുന്ന വിഡിയോ ദൃശ്യം പുറത്തുവന്നു.കുഞ്ഞുങ്ങളെയുമെടുത്ത് യാത്രക്കാർ ഓടുന്നതും ദൃശ്യത്തിൽ കാണാം. ഇതിനിടെ പതിനാലു പേർക്ക് പരുക്കേറ്റതായാണ് വിവരം. 141 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ നാല് കുഞ്ഞുങ്ങളും ഉൾപ്പെടും.എല്ലാവരും സുരക്ഷിതരാണെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചു.

 

തീപിടിക്കാൻ കാരണം എന്തെന്ന് വ്യക്തമല്ല. അപകടവിവരം ഒമാൻ സിവിൽ ഏവിയേഷൻ അഥോറിറ്റി സ്ഥിരീകരിച്ചു.യാത്രക്കാർ ഇപ്പോൾ വിമാനത്താവളത്തിന്റെ ടെർമിനലിലാണ് ഉള്ളത്. സാങ്കേതി വിദഗ്ധരും ഫയർ ആൻഡ് സേഫ്റ്റി സംഘവും വിമാനം പരിശോധിച്ചുവരികയാണ്.

സാങ്കേതിക തകരാർ പരിഹരിച്ച് വിമാനം എപ്പോൾ പുറപ്പെടുമെന്ന് അറിയിപ്പ് ലഭിച്ചിട്ടില്ല. അതേസമയം മുംബൈയിൽനിന്ന് മറ്റൊരു എയർ ഇന്ത്യ വിമാനം മസ്‌കത്തിലെത്തി യാത്രക്കാരെ കൊച്ചിയിലേക്കു കൊണ്ടുവരുമെന്ന് അധികൃതർ വ്യക്തമാക്കി.