ദോഹ: ഖത്തറിലെ മലയാളി സമൂഹത്തെ കണ്ണീരിലാഴ്‌ത്തിയാണ് മിൻസ എന്ന മലായളി പെൺകുട്ടിയുടെ ദാരുണാന്ത്യം. നാലാം പിറന്നാളിന്റെ സന്തോഷത്തിൽ സ്‌കൂളിലേക്ക് പോയ കൊച്ചു കുഞ്ഞ് സ്‌കൂൾ ബസിൽ വെച്ച് അത്യുഷ്ണത്താലും ശ്വാസം കിട്ടാതെയുമാണ് ദാരുണമായി മരിച്ചത്. സ്‌കൂൾ ബസ് ജീവനക്കാരുടെ ചെറിയൊരു അശ്രദ്ധയാണ് ഈ പിഞ്ചു കുഞ്ഞിന്റെ ജീവനെടുത്തത് എന്നോർക്കുമ്പോൾ സഹിക്കാൻ കഴിയാത്ത അവസ്ഥയിലാണ് പ്രവാസികൾ.

സ്‌കൂളിലേക്ക് കുട്ടികളെ പറഞ്ഞുവിടുന്ന രക്ഷിതാക്കൾ ഉൾപ്പെടെ എല്ലാവർക്കും നാലുവയസ്സുകാരി മിൻസ മറിയം കണ്ണീർവേദനയായി. കോട്ടയം ചിങ്ങവനം കൊച്ചുപറമ്പിൽ അഭിലാഷ് ചാക്കോയുടെയും സൗമ്യ ചാക്കോയുടെയും രണ്ടു മക്കളിൽ ഇളയവളാണ് മിൻസ. ഞായറാഴ്ചയായിരുന്നു നാലാം പിറന്നാൾ. തലേദിനം രാത്രിതന്നെ പിറന്നാൾ ആഘോഷിച്ച അവൾ, ഇരട്ടി സന്തോഷത്തിലായിരുന്നു അൽ വക്‌റയിലെ വീട്ടിൽനിന്ന് രാവിലെ സ്‌കൂളിലേക്കു പുറപ്പെട്ടത്. കൂട്ടുകാരോട് പിറന്നാൽ സന്തോഷം പങ്കുവെക്കാനും ലക്ഷ്യമിട്ടായിരുന്നു മിൻസ സ്‌കൂളിലേക്ക് തിരിച്ചത്.

രണ്ടാം ക്ലാസുകാരിയായ ചേച്ചി മിഖ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥിനിയാണ്. മിൻസ സ്പ്രിങ് ഫീൽഡ് കിൻഡർഗാർട്ടനിൽ കെ.ജി ഒന്നിലും. സ്‌കൂളിലേക്കുള്ള യാത്രക്കിടയിൽ ഉറങ്ങിപ്പോയ കുട്ടി ബസിനുള്ളിലുള്ളത് അറിയാതെ ഡ്രൈവർ ഡോർ അടച്ച് പോയി. പിന്നീട് 11.30ഓടെ ബസ് എടുക്കാനായി ജീവനക്കാരൻ തിരിച്ചെത്തിയപ്പോഴാണ് കുട്ടിയെ അബോധാവസ്ഥയിൽ കണ്ടത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഡിസൈനറായി ജോലി ചെയ്യുന്ന പിതാവ് അഭിലാഷ് സ്‌കൂളിൽനിന്ന് ഫോൺ വിളിയെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഉച്ചയോടെ ജോലിസ്ഥലത്തുനിന്ന് പുറപ്പെടുന്നത്. മകൾക്ക് സുഖമില്ലെന്നും ഉടൻ ഭാര്യയെയുംകൂട്ടി സ്‌കൂളിലെത്തണമെന്നായിരുന്നു സന്ദേശം. തിരക്കുപിടിച്ച് അദ്ദേഹം സ്‌കൂളിലെത്തുമ്പോഴേക്കും കുട്ടിയെ ആംബുലൻസിൽ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. വൈകാതെ മരണവും സ്ഥിരീകരിച്ചു.

10 വർഷം മുമ്പ് മറ്റൊരു ഇന്ത്യൻസ്‌കൂളിലും സമാനമായ ദുരന്തത്തിൽ മലയാളി വിദ്യാർത്ഥി മരിച്ചിരുന്നു. തുടർന്ന് ഖത്തർ വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽതന്നെ സ്‌കൂളുകൾതോറും ജീവനക്കാർക്കും മാനേജ്‌മെന്റ് അംഗങ്ങൾക്കുമായി ബോധവത്കരണവും സജീവമായി. ഓരോ അധ്യയനവർഷത്തിലും ബോധവത്കരണം സജീവമാക്കിയെങ്കിലും വലിയ ദുരന്തം ആവർത്തിച്ചതിന്റെ ഞെട്ടലിലാണ് എല്ലാവരും.

സ്‌കൂൾ ബസുകളിൽനിന്ന് കുട്ടികൾ പൂർണമായും പുറത്തിറങ്ങിയെന്ന് ജീവനക്കാർ ഉറപ്പാക്കണമെന്നും ബസിലെ സീറ്റിനടിയിലോ മറ്റോ കുട്ടികൾ ഇരിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും അധികൃതർ നിർദ്ദേശിക്കാറുണ്ട്. ഇതിനിടയിലാണ് തിരുത്താനാവാത്ത ദുരന്തം ഒരു കുടുംബത്തിനും സുഹൃത്തുക്കൾക്കും രക്ഷിതാക്കൾക്കുമെല്ലാം തീരാവേദനയായത്.

അതേസമയം സ്‌കൂൾ ബസിൽ ഉറങ്ങിപ്പോയ മലയാളി വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഖത്തർ വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം ആരംഭിച്ചു. കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ മാതൃകാപരമായ ശിക്ഷ ഉറപ്പാക്കും. വിദ്യാർത്ഥികളുടെ സുരക്ഷയിൽ ഒരു വിട്ടുവീഴ്ചക്കും തയാറല്ല -മന്ത്രാലയം അറിയിച്ചു.

ബാലികയുടെ മരണത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും കുടുംബത്തിന്റെ വേദനയിൽ പങ്കുചേരുന്നതായും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.