- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിങ്കൾ വ്യാഴം ശനി ദിവസങ്ങളിൽ ഗാറ്റ്വാക്ക്- കൊച്ചി സർവ്വീസുകൾ; ബുധൻ വെള്ളി ഞായർ ദിവസങ്ങളിൽ കൊച്ചിയിൽ നിന്നും ഗാറ്റ്വിക്കിലേക്കും; കൊച്ചിയിൽ നിന്നും 11.55 ന് വിട്ടാൽ ലണ്ടനിൽ 6.15 ന് എത്തും; മാർച്ച് 26 മുതൽ തുടങ്ങുന്ന ഡയറക്ട് ഫ്ളൈറ്റ് ഷെഡ്യുൾ പുറത്തുവിട്ടു
കൊച്ചി: കൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവളം വേനൽക്കാല ഷെഡ്യുൾ പുറത്തു വിട്ടു. മാർച്ച് 26 മുതൽ ഒക്ടോബർ 28 വരെയായിരിക്കും ഇത് പ്രാബല്യത്തിൽ ഉണ്ടാവുക. 2023 മാർച്ച് 26 മുതൽ കൊച്ചി -ലണ്ടൻ (ഗാറ്റ്‌വിക്) ഡയറക്ട് ഫ്ളൈറ്റ് ആരംഭിക്കുന്ന കാര്യവും പ്രഖ്യാപിച്ചിട്ടുണ്ട്. ആഴ്‌ച്ചയിൽ മൂന്ന് ദിവസമായിരിക്കുംകൊച്ചിയിൽ നിന്ന് ലണ്ടനിലേക്കും തിരിച്ചും നേരിട്ടുള്ള വിമാന സർവീസ് ഉണ്ടാവുക.
കൊച്ചിയുൾപ്പടെ ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ നിന്നും ഗാറ്റ്‌വിക്കിലേക്ക് 12 പ്രതിവാര സർവീസുകളായിരിക്കും എയർ ഇന്ത്യ നടത്തുക. മാത്രമല്ല, യു കെയിലെ രണ്ടാമത്തെ വലിയ വിമാനത്താവളത്തിലേക്ക് നേരിട്ടുള്ള സർവീസ് നടത്തുന്ന ഒരേയൊരു എയർലൈൻസ് കൂടിയാണ് എയർ ഇന്ത്യ.
അതിനിടയിൽ തിരുവനന്തപുരം കൊച്ചി വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ദിവസേന സർവീസുകൾ നടത്താൻ കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനും തീരുമാനിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും കൊച്ചി വിമാനത്താവളത്തിലേക്ക് ദിവസേന ലോ ഫ്ളോർ ബസ്സുകളായിരിക്കും സർവീസ് നടത്തുക. ടിക്കറ്റുകൾ മുൻകൂർ ബുക്ക് ചെയ്യേണ്ടതുണ്ട്.
അതുപോലെ ഗാറ്റ്‌വിക് വിമാനത്താവളത്തിൽ നിന്നും മോട്ടോർവേ നെറ്റ് വർക്കിലേക്കും ആക്സസ് നൽകിയിട്ടുണ്ട്. അതിനാൽ തന്നെ വിമാനമിറങ്ങിയാൽ കാർ അല്ലെങ്കിൽ കോച്ച്ഉപയോഗിച്ച് ലണ്ടനിലേക്കോ തെക്ക് കിഴക്കൻ ഇംഗ്ലണ്ടിലേക്കോ എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയും. മാത്രമല്ല, ആഴ്‌ച്ചയിൽ എല്ലാ ദിവസവും 24 മണിക്കൂറും സൗത്ത് ടെർമിനലിൽ നിന്നും നേരിട്ടുള്ള ട്രെയിൻ സർവീസും ഉണ്ട്. അതുവഴി യാത്രക്കാർക്ക് അരമണിക്കൂറിനുള്ളിൽ സെൻട്രൽ ലണ്ടനിൽ എത്തിച്ചേരാൻ കഴിയും.
കൊച്ചിയിൽ നിന്നും ബുധൻ, വെള്ളി ഞായർ ദിവസങ്ങളിൽ ആയിരിക്കും സർവീസ് ഉണ്ടാവുക. രാവിലെ 11.55 ന് പുറപ്പെടുന്ന വിമാനം വൈകിട്ട് 6.15 ന് ഗാറ്റ്‌വിക്കിൽ എത്തിച്ചേരും. തിങ്കൾ, ചൊവ്വ, ശനി ദിവസങ്ങളിലാണ് ഗാറ്റ്‌വിക്കിൽ നിന്നും കൊച്ചിയിലെക്കുള്ള സർവീസ്. രാത്രി 8 മണിക്കാണ് ഗാറ്റ്‌വിക്കിൽ നിന്നും വിമാനം പുറപ്പെടുക.
മറുനാടന് ഡെസ്ക്