- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
ജീവനക്കാർക്ക് സ്വർണ നാണയം സമ്മാനമായി നൽകുന്ന മുതലാളി യുകെയിലുമുണ്ട്
ലണ്ടൻ: കമ്പനിയുടെ വാർഷിക കണക്കെടുപ്പിൽ ലാഭം കുതിച്ചു കയറിയപ്പോൾ തന്റെ ജീവനക്കാർക്ക് പുതുപുത്തൻ ബിഎംഡബ്ലിയു കാർ സമ്മാനമായി നൽകിയ ഇന്ത്യൻ രത്ന വ്യാപാരിയുടെ കഥ അത്ഭുതത്തോടെ വിടർന്ന കണ്ണുകളുമായാണ് ഓരോ മലയാളിയും പത്രങ്ങളിൽ വർഷങ്ങൾക്ക് മുൻപേ വായിച്ചത്. അതേ മുതലാളി തന്നെ ബിസിനസ് പഠിക്കാൻ മകനെ വണ്ടിക്കൂലി മാത്രം നൽകി കേരളത്തിലേക്ക് പറഞ്ഞു വിട്ടു ഒരു ബേക്കറിയിൽ ജോലി ചെയ്യാൻ പ്രേരിപ്പിച്ചതും പിന്നീട് കേട്ട കഥയാണ്. ഇത്തരത്തിൽ വളരെ വ്യത്യസ്തരായി പെരുമാറുന്നവരാണ് പല സംരംഭകരും. യുകെയിൽ പഠിക്കാൻ എത്തുന്ന മലയാളി വിദ്യാർത്ഥികളെ മിനിമം ശമ്പളം പോലും നൽകാതെ കുളയട്ടകളെ പോലെ അവരുടെ അധ്വാനത്തിന്റെ പങ്കു ഊറ്റിയെടുത്തു മില്യൺ പൗണ്ട് വിലവരുന്ന വീടുകൾ സ്വന്തമാക്കിയ നേഴ്‌സിങ് ഏജൻസി നടത്തിപ്പുകാരായ മലയാളി സംരംഭകരെ കുറിച്ചു കേട്ടതും യുകെയിൽ നിന്നും തന്നെയാണ്. കയ്യിൽ കാശു നൽകുന്ന കച്ചവട പരിപാടിക്ക് നിവൃത്തിയില്ലാത്ത ചെറുപ്പക്കാരെ പ്രേരിപ്പിച്ചു സർക്കാരിന് കിട്ടേണ്ട നികുതി വെട്ടിപ്പ് നടത്തിയതും ഇതേ സംരംഭകർ തന്നെയാണ്.
എന്നാൽ ഇത്തരത്തിൽ വലിയ ലാഭം ഉണ്ടാക്കാൻ കഴിയുമായിരുന്ന ഒരു മലയാളി സംരംഭകൻ ഇപ്പോൾ തന്റെ കൂടെ വർഷങ്ങളായി ജോലി ചെയ്യുന്ന മലയാളികൾ ഉൾപ്പെടെയുള്ള എട്ടു ജീവനക്കാർക്ക് സ്വർണ നാണയം സമ്മാനമായി നൽകി ഞെട്ടിച്ചിരിക്കുകയാണ്. യുകെയിൽ നൂറു കണക്കിന് മലയാളികൾ സംരംഭകർ ആയിട്ടുണ്ടെങ്കിലും ഇത്തരം ഒരു സമ്മാനം നൽകിയ സംഭവം ആദ്യമായാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കോവിഡ് കാലഘട്ടത്തിൽ ഒക്കെ പണം സമ്മാനമായി നൽകിയ സംഭവം ഉണ്ടായിട്ടുണ്ടെങ്കിലും ജീവനക്കാരുടെ കാര്യശേഷിക്കുള്ള അംഗീകാരം എന്ന നിലയിൽ നഴ്‌സിങ് ഹോം നടത്തിപ്പിൽ നിന്നും കിട്ടിയ ലാഭം പങ്കുവയ്ക്കാൻ തയാറായത് യോർക്കിലെ ജെയ്‌മോൻ ലൂക്കോസ് എന്ന മലയാളിയാണ്. ഇദ്ദേഹം മുൻപ് ലെസ്റ്ററിലും വൂസ്റ്ററിലും ഒക്കെ താമസിച്ചു സംരംഭക മികവ് തെളിയിച്ച വ്യക്തികൂടിയാണ്. യുകെയിൽ ആദ്യകാല ആയുർവേദ മസാജിങ് സ്ഥാപനം തുടങ്ങിയാണ് ജെയ്‌മോൻ സംരംഭക ശേഷി വെളിപ്പെടുത്തിയത്. ഇപ്പോൾ ഓസ്‌ട്രേലിയയിലും തന്റെ ചിറക് വിരിക്കുകയാണ് ജെയ്‌മോൻ.
സമ്മാനം കിട്ടിയപ്പോൾ കൈനീട്ടി വാങ്ങിയത് കണ്ണീരോടെ
ജീവിതത്തിൽ പലർക്കും ആദ്യമായിരുന്നു അത്തരം ഒരു അനുഭവം. അതും സർപ്രൈസ് ആയി തന്റെ പേര് കൂടി സമ്മാന പട്ടികയിൽ ഉണ്ടെന്നറിഞ്ഞ എട്ടു ജീവനക്കാരിൽ പലർക്കും ആനന്ദ കണ്ണീരോടെയാണ് ജയ്മോൻ നൽകിയ സ്വർണ നാണയം വാങ്ങാനായത്. കോവിഡിന് തൊട്ടു മുൻപായി നേഴ്‌സിങ് ഹോം വാങ്ങി ബിസിനസിന്റെ മറ്റൊരു മേഖലയിലേക്ക് ചുവടു വച്ച ജെയ്‌മോൻ അന്നുമുതൽ കൂടെ ഉണ്ടായിരുന്ന ജീവനക്കാർക്കാണ് നന്ദിപൂർവം സ്വർണ സമ്മാനം നൽകിയത്. കോവിഡ് കാലത്തിൽ സ്വന്തം ജീവൻ പണയം നൽകി ജോലിക്കെത്തിയ ആരോഗ്യ പ്രവർത്തകർക്ക് ഒട്ടേറെ സ്ഥാപനങ്ങൾ ബോണസ് അടക്കമുള്ള സമ്മാനങ്ങൾ നൽകിയിരുന്നെങ്കിലും ഇപ്പോൾ ജയ്മോൻ കാട്ടിയ മാതൃക ജീവനക്കാർക്കും ഏറെ ഹൃദ്യമായി മാറിയിരിക്കുകയാണ്.
സാധാരണയായി പൂക്കളും ചോക്ലേറ്റും ഷോപ്പിങ് കാർഡും ഒകെ സമ്മാനം ലഭിക്കുന്ന യുകെ ജീവിതത്തിൽ കണ്ണ് മഞ്ഞളിച്ചു പോകുന്ന സ്വർണ നാണയം ജീവിതത്തിൽ എന്നും ഓർമ്മിച്ചു വയ്ക്കാനുള്ള സമ്മാനമായി മാറിയിരിക്കുകയാണ് എട്ടു ജീവനകാകർക്കും. സ്ഥാപനം വളരുമ്പോൾ താനും ജീവനക്കാർക്ക് ഒപ്പം ഉണ്ടാകും എന്ന സന്ദേശമാണ് ജെയ്‌മോൻ നൽകിയിരിക്കുന്നത്. കഴിഞ്ഞ മൂന്നര പതിറ്റാണ്ട് ജോലി ചെയ്തിട്ടും കിട്ടാത്ത അംഗീകാരമാണ് ജെയ്‌മോന് ഒപ്പം ജോലി ചെയ്തപ്പോൾ കിട്ടിയത് എന്നാണ് ബ്രിട്ടീഷുകാരിയായ ജീവനക്കാരി സ്വർണ നാണയം കൈപ്പറ്റിയ ശേഷം പ്രതികരിച്ചത്. ബ്രിട്ടീഷ് , പോളിഷ് , ഫിലിപ്പീൻസ്, ഇന്ത്യൻ വംശജരായ ജീവനക്കാരാണ് സമ്മാനം കൈനീട്ടി വാങ്ങിയത്.
കോവിഡിന് ശേഷം ജീവിതം വഴി മുട്ടിയ അനേകമാളുകൾക്ക് അത്താണി ആയതു ജന്മഭാഗ്യമെന്നു ജയ്മോൻ
കോവിഡിന് ശേഷം ജീവനക്കാരെ ആരോഗ്യ രംഗത് ലഭിക്കാൻ പ്രയാസമായപ്പോൾ നൂറോളം മലയാളി ജീവനക്കാരെയാണ് ജെയ്‌മോൻ കൂടെ ചേർത്തത്. ഇവരിൽ നല്ല പങ്കും കേരളത്തിൽ നിന്നും എത്തിയ ചെറുപ്പക്കാരും .രണ്ടു വർഷം മുൻപ് ബ്രിട്ടൻ കെയർ ജോലിക്കെത്തുന്നവരെ ഷോർട്ടേജ് ഒക്കുപ്പേഷൻ ലിസ്റ്റിൽ ഉൾപ്പെടുത്തിയപ്പോൾ പതിനായിരക്കണക്കിനു ചെറുപ്പക്കാരാണ് ദശ ലക്ഷങ്ങൾ നൽകി യുകെയിൽ എത്തിയത്. ഇപ്പോൾ വിസ കച്ചവടം ഏകദേശം അറുതി ആയ ഘട്ടത്തിലും ചോദിക്കുന്ന പണം നൽകാം എന്ന ഉറപ്പുമായി ആയിരങ്ങളാണ് യുകെയിൽ നിന്നും എത്തുന്ന ഒരു ഓഫറിനായി കാത്തിരിക്കുന്നത്. ഈ കച്ചവടത്തിൽ കിട്ടുമായിരുന്ന കോടികൾ വേണ്ടെന്നു വച്ചാണ് നാട്ടുകാരും പരിചയക്കാരും ആയ അനേകമാളുകൾക്ക് സൗജന്യമായി ജോലി ചെയ്യാൻ ജെയ്‌മോൻ അവസരം ഒരുക്കിയത്. സ്വന്തം കുടുംബത്തിൽ ഉൾപ്പെട്ടവർക്ക് വരെ കണക്കു പറഞ്ഞു വിസയ്ക്കായി ലക്ഷങ്ങൾ വാങ്ങിയ പലരും യുകെയിൽ ഉള്ളപ്പോഴാണ് ജെയ്‌മോൻ അത്തരക്കാർക്കിടയിലും വ്യത്യസ്തനാകുന്നത്. ജീവിതത്തിൽ പണത്തിനു അപ്പുറം പലതുമുണ്ട് എന്ന കാര്യം കൂടിയാണ് തന്റെ പ്രവർത്തിയിലൂടെ ജയ്മോൻ തെളിയിക്കുന്നത് .
വിട്ടുവീഴ്ചയില്ലാത്ത പോരാളി, സ്വന്തം നിലയിൽ ബ്രിട്ടനിൽ കേസ് വാദിച്ചു ജയിച്ചയാൾ
പലവട്ടം പ്രധാന വാർത്തകളിൽ ഇടം പിടിച്ച പേരാണ് ജെയ്‌മോന്റെത്. ആദ്യകാല മലയാളികൾ കിട്ടുന്ന പണം ചെലവായി പ്പോകാതിരിക്കാൻ ചിട്ടി കൂടുന്ന പതിവ് ഉണ്ടായിരുന്നതിനാൽ ജെയ്‌മോനും ലെസ്റ്ററിൽ താമസിക്കുമ്പോൾ അത്തരം ഒരു ചിട്ടിയിൽ ചേർന്നിരുന്നു. എന്നാൽ മനഃപൂർവം ചിട്ടി പൊട്ടിച്ചു കിട്ടിയ കാശു കേരളത്തിൽ റിയൽ എസ്റേറ്റിലും ബസ് വ്യവസായത്തിലും ഒക്കെ മുടക്കുന്നതായിരുന്നു അന്ന് ചിട്ടി നടത്തിയിരുന്നവരുടെ ഹോബി. ജെയ്‌മോൻ ചേർന്ന ചിട്ടിയിലും അത്തരം ഒരു ഏർപ്പാടിൽ പണം നൽകിയ സാധാരണക്കാർ വഞ്ചിതരായി . എന്നാൽ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം അങ്ങനെ വിട്ടു കളയാൻ ജെയ്‌മോൻ മാത്രം തയാറായില്ല. ചിട്ടിക്കാരൻ പറഞ്ഞ കള്ളത്തരങ്ങൾ പൊളിച്ചടുക്കാൻ കേരളത്തിൽ പോയി ഒരു സദാ ബാങ്ക് അകൗണ്ട് തുറന്നു അതിലൂടെ ചിട്ടിക്കാരന് ഇടപാട് നടത്തി അയാൾ യുകെയിൽ കബളിപ്പിച്ച പണം കേരളത്തിൽ എത്തിച്ചു എന്ന് തെളിയിച്ച ബുദ്ധിയാണ് ജെയ്മോന്റെത്.
വർഷങ്ങൾ നീണ്ടേക്കാവുന്ന കേസ് ആയതിനാൽ വക്കീലിന് നൽകേണ്ട ഭാരിച്ച തുക ലഭിക്കാൻ സ്വന്തം നിലയിൽ നിയമ വശങ്ങൾ പഠിച്ചാണ് കോടതിയിലെത്തി സ്വന്തമായി ജെയ്‌മോൻ തന്റെ വാദങ്ങൾ നിരത്തിയത്. ഈ കേസ് ജയിക്കാൻ ജോലിക്ക് പോലും പോകാതെ മാസങ്ങളാണ് ജെയ്‌മോൻ ചെലവിട്ടത്. കിട്ടാൻ ഉണ്ടായിരുന്നത് പതിനായിരം പൗണ്ടിന് മുകളിൽ മാത്രം ആയിരുന്നെങ്കിലും അതിന്റെ പത്തിരട്ടി സമ്പാദിക്കാൻ കഴിയുമായിരുന്ന സമയമാണ് ഈ കേസിനായി ജെയ്‌മോൻ മാറ്റിവച്ചത്. കാരണം അതൊരു വാശി മാത്രമായിരുന്നു. മനഃപൂർവം ഒരാൾ കബളിപ്പിച്ച ശേഷം കൈമലർത്തി കാണിക്കുമ്പോൾ അത് കണ്ടു നിൽക്കാൻ സ്വയം ഒരു വിഡ്ഢിയല്ല എന്ന് തെളിയിക്കുക കൂടിയായിരുന്നു ജെയ്‌മോൻ ആ നിയമപോരാട്ടത്തിലൂടെ. ഒടുവിൽ സ്വാഭാവികമായും ജെയ്‌മോന് കോടതി വിധി അനുകൂലമാകുകയും ചെയ്തു. തുടർന്ന് അനേകം മലയാളികളാണ് ചിട്ടി തട്ടിപ്പിന് എതിരെ നിയമ നടപടി തുടങ്ങുകയും വ്യാപക തട്ടിപ്പായി വളർന്ന ചിട്ടി കച്ചവടം ഏകദേശം യുകെ മലയാളികൾക്കിടയിൽ ഇല്ലാതായതും.
രാജ്യങ്ങളുടെ സംസ്‌കാരങ്ങളും ഭക്ഷണങ്ങളും കോർത്തിണക്കി ഒരുക്കിയ കൾച്ചറൽ ഡൈവേഴ്സിറ്റി പരിപാടിയും കൗൺസിൽ ശ്രദ്ധയിൽ
ജെയ്മോൻ നടത്തുന്ന കെയർ ഹോം ഇതിന് മുമ്പും കൗൺസിലിന്റെ അടക്കം ശ്രദ്ധ നേടിയെടുത്തിട്ടുള്ളത്. ഇതിൽ 5 ഓളം രാജ്യങ്ങളുടെ സംസ്‌കാരങ്ങളും വൈവിദ്ധ്യമാർന്ന പല ഭക്ഷണപഥാര്ഥങ്ങളും കോർത്തിണക്കി വ്യത്യസ്തമായ പരിപാടികളാൽ നടത്തിയ കൾച്ചറൽ ഡൈവേഴ്സിറ്റി പ്രോഗ്രം കൗൺസിലിൽ ശ്രദ്ധ നേടിയിരിക്കുന്നു. സ്റ്റാഫുകൾക് സന്തോഷത്തോടെയും സഹോദര്യത്തോടെയും ജോലി ചെയുന്ന ഒരു ഒരു അന്തരീക്ഷം സൃഷ്ടിച്ചു എടുക്കുകയും അങ്ങനെ അവരും കെയർ ഹോമിനോടൊപ്പം വളരണം എന്ന് മാനേജ്മെന്റിന്റെ ലക്ഷ്യം ആണ ഇതിന് പിന്നിൽ തെളിയുന്ന കാര്യം.
ഇത്തരത്തിൽ ഒരു പ്രസ്ഥാനത്തിന്റെ വിജയത്തിന്റെ പിന്നിൽ സ്റ്റാഫുകൾ നൽകുന്ന ശക്തി വളരെ വിലമതിക്കുന്നതാണെന്ന തിരിച്ചറിവിലാണ് 100ഓളം വരുന്ന സ്റ്റാഫുകളും അവരുടെ ഫാമിലിയും പങ്കെടുത്ത സ്റ്റാഫ് പാർട്ടിയിൽ ഈ സമ്മാനങ്ങൾ കൈമാറിയത്. സ്റ്റാഫിനു അംഗീകാരം നൽകുമ്പോൾ കമ്പനിക്കൊപ്പം സ്റ്റാഫും വളരുകയാണെന്നാണ് സാധാരണക്കാരനായ ഈ മോനിപ്പള്ളികാരൻ വിശ്വസിക്കുന്നത്. റെസിഡന്റിനോടൊപ്പം സ്റ്റാഫുകളുടെയും മാനസിക സന്തോഷം ഉറപ്പു വരുത്തേണ്ടത് ഇന്നിന്റെ ആവശ്യമാണെന്ന് വ്യക്തമാകുകയാണ് ഈ മലയാളി ഓണർ.