- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
കുവൈറ്റിൽ നിന്നും കടമെടുത്തു യുകെയിലേക്ക് മുങ്ങിയ മലയാളികളെ തേടി ഗൾഫിലെ ബാങ്കുകൾ
ലണ്ടൻ: യുകെയിൽ എത്തിയാൽ നേരെ ഓസ്‌ട്രേലിയിലേക്ക് പോകാൻ പെട്ടി കെട്ടുന്നവരാണ് അടുത്തിടെ ആയി എത്തികൊണ്ടിരിക്കുന്ന മലയാളികളിൽ പലരും എന്ന ചൊല്ല് അത്ര അതിശയോക്തി നിറഞ്ഞതല്ല, കാരണം യുകെയിൽ നിന്നും കുടിയിറങ്ങുന്ന മലയാളികളുടെ എണ്ണം ഊഹിക്കാവുന്നതിലും അധികമാണ്. ഓരോരുത്തർക്കും കാരണം ഓരോന്നാണെങ്കിലും നല്ല പങ്കിനും പറയാനുള്ളത് മെച്ചമായ കാലാവസ്ഥ ആണെന്നത് തന്നെയാണ്. പത്തു വർഷം മുൻപ് സമാനമായ തരത്തിൽ ഇത്തരം കുടിയിറക്കിന് സാക്ഷികളായവരാണ് ഇപ്പോൾ യുകെയിൽ ഉള്ള പഴയ തലമുറ മലയാളികൾ. എന്നാൽ അന്നും ഇന്നും വിരലിൽ എണ്ണാവുന്ന മലയാളികളെ കുറിച്ച് ഒരപശ്രുതി ഈ കുടിയിറക്കിനിടയിൽ പ്രചരിപ്പിക്കപ്പെട്ടിരുന്നു.
പോകുന്നവരിൽ പലരും വൻതുകയുടെ ബാങ്ക് ലോൺ തിരിച്ചടയ്ക്കുന്നില്ലെന്നും ഓൺലൈൻ ആയി തവണ വ്യവസ്ഥയിൽ വാങ്ങിയ വിലകൂടിയ ഫോണുകൾ അടക്കമുള്ളവയുമായാണ് തിരിച്ചടവ് പൂർത്തിയാക്കാതെ പോകുന്നത് എന്നുമായിരുന്നു അപഖ്യാതി. ഇത്തരം അപവാദങ്ങൾ ശരിയാണെന്നു തെളിയിച്ച് ഒറ്റപ്പെട്ട ഒന്നുരണ്ടു സംഭവങ്ങളിൽ തിരിച്ചടവ് മുടങ്ങി എന്ന കാരണം ചൂണ്ടിക്കാട്ടി അന്നു റോയൽ ബാങ്ക് ഓഫ് സ്‌കോട്ലൻഡ് അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങൾ ഏതാനും മലയാളികൾക്ക് പിന്നാലെ കൂടിയതും വാർത്ത ആയിരുന്നു. തുടർന്നാണ് ഈ പ്രവണത പൊതുവെ ഇല്ലാതായത്.
കുവൈറ്റിലെ ഗൾഫ് ബാങ്കിനെ പറ്റിച്ചു യുകെയിലേക്ക്
എന്നാൽ ഇപ്പോൾ വീണ്ടും സമാനമായ തരത്തിൽ ഉള്ള പരാതിയാണ് യുകെ മലയാളികളെ കുറിച്ച് കേട്ട് തുടങ്ങിയിരിക്കുന്നത്. പ്രത്യേകിച്ചും കഴിഞ്ഞ മൂന്നോ നാലോ വർഷമായി കുവൈറ്റിൽ നിന്നും എത്തിയിരിക്കുന്ന യുകെ മലയാളികളാണ് അവിടെയുള്ള ബാങ്കിൽ നിന്നും ദശലക്ഷങ്ങൾ വായ്പയെടുത്തു യുകെയിലേക്ക് മുങ്ങിയിരിക്കുന്നു എന്ന പരാതി ഉയർന്നിരിക്കുന്നത്. കുവൈറ്റ് ഗൾഫ് ബാങ്കാണ് പ്രധാന പരാതിക്കാർ. ഇവരുടെ കണക്കിൽ നൂറിലേറെ മലയാളികൾ വായ്പയെടുത്തു യുകെയിലേക്ക് മുങ്ങിയിട്ടുണ്ട്. പലരും ദശലക്ഷങ്ങൾ ആണ് വായ്പ എടുത്തിരിക്കുന്നത്. ചിലരാകട്ടെ കോടികൾ കടന്നുള്ള തുകയും കൈക്കലാക്കിയിട്ടുണ്ട്.
കാര്യമായ പണം ദുർവിനിയോഗം ഇല്ലാത്ത അക്കൗണ്ടുകൾ ആണെങ്കിൽ യുകെയിലേതു പോലെ വാരിക്കോരി പണം ലോൺ കിട്ടാനുള്ള സാഹചര്യമാണ് കുവൈറ്റിലും ഉള്ളത്. ഈ സാധ്യതയാണ് അനേകം മലയാളികൾ ദുരുപയോഗം ചെയ്തിരിക്കുന്നത്. യുകെയിലേക്ക് പോന്നതിനാൽ പിടിക്കപ്പെടില്ലെന്നും ലോണുകൾ തിരിച്ചടയ്ക്കണ്ട എന്ന ധാരണയുമാണ് അനേകം മലയാളികളെ ഇപ്പോൾ കുടുക്കിൽ ചാടിച്ചിരിക്കുന്നത്. ഭാര്യയും ഭർത്താവും മത്സരിച്ചു വായ്പയെടുത്തവരാണ് ഭൂരിഭാഗവും. ഇത്തരത്തിൽ ബാങ്കുകളെ ചതിച്ചു മുങ്ങിയ യുവ മലയാളികളെ തേടി മാഞ്ചസ്റ്ററിൽ ഉള്ള സോളിസിറ്റർ സ്ഥാപനമാണ് വക്കീൽ നോട്ടീസ് അയച്ചു തുടങ്ങിയിരിക്കുന്നത്.
മാഞ്ചസ്റ്റർ, ലിവർപൂൾ, ന്യുകാസിൽ തുടങ്ങിയ പ്രധാന പട്ടണങ്ങളിൽ ഉള്ള അനേകം പഴയ ഗൾഫ് മലയാളികളെ തേടിയാണ് ബാങ്കിന്റെ കത്ത് വന്നു തുടങ്ങിയിരിക്കുന്നത്. നിയമ സഹായം ചോദിച്ചു കത്തുകൾ കൈമാറിയവരിൽ നിന്നും ചോർന്നു ബ്രിട്ടീഷ് മലയാളിക്ക് ലഭിച്ചതോടെയാണ് ഈ തട്ടിപ്പിന്റെ വിശദാംശങ്ങൾ ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
വീണ്ടും മുങ്ങാനുള്ള ശ്രമം, പിടിവിടാതെ ബാങ്കുകളും
അതിനിടെ കത്തുകൾ വന്നു തുടങ്ങിയതിനാൽ കൈയിൽ ഉള്ള പണത്തിനു സമാധാനം പറയേണ്ടി വരും എന്നതിനാൽ വീണ്ടും ഓസ്‌ട്രേലിയയിലേക്കോ മറ്റോ മുങ്ങാനുള്ള സാധ്യത തേടുന്നവരും കുറവല്ല. ലോൺ എടുത്ത വമ്പൻ തുകയിൽ പലർക്കും പല വഴി ചെലവായി പോയ അനുഭവവും പറയാൻ ഉള്ളതിനാൽ തിരിച്ചടവും ഈസി അല്ല. അതിനാൽ സാധിച്ചാൽ ഒരിക്കൽ കൂടി മുങ്ങുക എന്ന തന്ത്രമാണ് പലരും ശ്രമിക്കുന്നത്.
എന്നാൽ വമ്പൻ തുകയാണ് ഇത്തരത്തിൽ നഷ്ടമായിരിക്കുന്നത് എന്നതിനാൽ ലോൺ എടുത്ത ഓരോരുത്തരുടെയും പിന്നാലെ കൂടുവാനാണ് ഗൾഫിലെ ബാങ്കുകളുടെ ശ്രമം. അതിനായി എത്ര പണം നിയമ സ്ഥാപനങ്ങൾക്ക് കൈമാറാനും ബാങ്കുകൾ തയ്യാറാണ്. റിക്കവറി മാത്രമല്ല യുകെയിൽ കോടതി നടപടികളും ആരംഭിക്കണം എന്നാണ് ബാങ്ക് നിയമ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ സാഹചര്യം യാഥാർഥ്യമായാൽ അനേകം പേർക്ക് യുകെ എന്നന്നേക്കുമായി ഉപേക്ഷിക്കേണ്ടി വരും എന്നുറപ്പാണ്.
പാരയായതു വീട് വാങ്ങാൻ ബാങ്കിനെ സമീപിച്ചത്, ഡിജിറ്റൽ ലോകത്തിൽ പണം ഒളിപ്പിക്കുക എളുപ്പമല്ല
അതിനിടെ കുവൈറ്റിൽ നിന്നും മുങ്ങിയവർ നേരെ പൊങ്ങിയത് യുകെയിൽ ആണെന്ന് അവിടെയുള്ള ബാങ്കുകൾക്ക് വിവരം ലഭിച്ചത് പണം കൈക്കലാക്കിയ മലയാളികൾ പലരും വീട് വാങ്ങാൻ യുകെ ബാങ്കുകളെ സമീപിച്ചപ്പോൾ ആണെന്നും സൂചനയുണ്ട്. യുകെയിലെ ബാങ്കുകൾ ക്രെഡിറ്റ് സ്‌കോർ ചെയ്യുന്നതിന്റെ ഭാഗമായി അക്കൗണ്ടിൽ ഉള്ള പണത്തിന്റെ സ്രോതസ് ചോദിച്ചതോടെ പലരും യുക്തിരഹിതമായ മറുപടിയാണ് നൽകിയത്. ഇതേതുടർന്ന് ഒന്നിലേറെ പേർ വൻതുക യുകെയിൽ എത്തി ഒന്നോ രണ്ടോ വർഷം കൊണ്ട് വീട് വാങ്ങാൻ ഡെപ്പോസിറ്റ് നൽകാം എന്ന ഓഫർ ബാങ്കിന് നൽകിയതോടെ ഇവർ എവിടെ നിന്നാണ് യുകെയിൽ എത്തിയത് എന്ന ബാങ്കിന്റെ അന്വേഷണമാണ് പലരെക്കുറിച്ചുള്ള വിവരവും കുവൈറ്റിലെ ബാങ്കുകൾക്ക് ലഭിക്കാൻ സഹായകമായത്.
രാജ്യങ്ങൾ തമ്മിൽ സാമ്പത്തിക കുറ്റകൃത്യം തടയുന്നതിന്റെ ഭാഗമായി ഇത്തരം വിവരങ്ങൾ കൈമാറുന്നത് സ്വാഭാവിക നടപടി ആയതിനാൽ വമ്പൻ തുക ഡെപ്പോസിറ്റ് നൽകാൻ തയ്യാറായ ഗൾഫിൽ നിന്നും എത്തിയ മലയാളികളെ കുറിച്ച് അതാതു രാജ്യങ്ങളിലെ ബാങ്കുകൾക്ക് വിവരം കൈമാറിയതാണ് ലഭ്യമാകുന്ന സൂചന. ഇതേത്തുടർന്നാണ് തങ്ങളെ കബളിപ്പിച്ചു മുങ്ങിയവർ യുകെയിലാണ് പൊങ്ങിയത് എന്ന വിവരം ഗൾഫിലെ ബാങ്കുകൾക്ക് ലഭിക്കുന്നത്. ആധുനിക ലോകത്തു സാമ്പത്തിക തട്ടിപ്പുകൾ എപ്പോൾ വേണമെങ്കിലും പിടിക്കപ്പെടാം എന്ന സൂചന കൂടിയാണ് ഈ സംഭവം പുറത്തു വിടുന്നത്. സൈബർ ഫോറൻസിക് വിഭാഗം കൂടുതൽ കാര്യക്ഷമം ആയി പ്രവർത്തിക്കുന്ന സാഹചര്യത്തിൽ പഴയതു പോലെയുള്ള കുതന്ത്രങ്ങൾ നിലനിൽക്കില്ല എന്ന് ചുരുക്കം.
പണ്ടും മുങ്ങി, യുകെയിൽ നിന്നും വിദ്യാർത്ഥി വിസക്കാർ
ഈ മുങ്ങൽ പ്രവാസി ലോകത്തു പുത്തരിയല്ല എന്നതാണ് രസകരം. പത്തു വർഷം മുൻപ് ബ്രിട്ടീഷ് സർക്കാർ വിദേശ വിദ്യാർത്ഥികൾക്ക് പോസ്റ്റ് സ്റ്റഡി വിസ നിർത്തലാക്കാൻ തീരുമാനിച്ചപ്പോൾ ആയിരക്കണക്കിന് മലയാളി വിദ്യാർത്ഥി വിസക്കാർക്കാണ് യുകെ ഉപേക്ഷിക്കേണ്ടി വന്നത്. അന്നാകട്ടെ ഐ ഫോൺ അടക്കം വിലകൂടിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ തിളങ്ങുന്ന കാലവും. ആർഗോസിനെയും കാർ ഫോൺ വെയർ ഹൗസിനേയും വഞ്ചിച്ചു ആയിരക്കണക്കിനു വിദ്യാർത്ഥി വിസക്കാരാണ് അന്ന് വിലകൂടിയ സ്മാർട്ട് ഫോണുകളുമായി മുങ്ങിയത്.
ഈ സംഭവത്തിനു ശേഷമാണ് ഇപ്പോൾ പ്രധാന റീറ്റെയ്ൽ വിൽപനക്കാർ ഫോൺ അടക്കമുള്ള വിലകൂടിയ സാധനങ്ങൾ ക്രെഡിറ്റ് വിൽപന നടത്താൻ യുകെയിൽ മിനിമം മൂന്നു വർഷം താമസിച്ചിരിക്കണം എന്ന നിബന്ധന നടപ്പിലാക്കാൻ കാരണം. കാക്കനാട് പൈനാപ്പിൾ കൊലപാതകം എന്ന കുപ്രസിദ്ധ കൊലക്കേസിൽ പ്രതിയായ മലയാളിയുടെ ഭാര്യ അന്ന് റെഡിങ്ങിൽ വാടകക്ക് താമസിച്ച വീടിന്റെ അഡ്രസ് നൽകി ആയിരക്കണക്കിന് പൗണ്ടിന്റെ സാധനവുമായാണ് കേരളത്തിലേക്ക് മുങ്ങിയത്. പിന്നീട് അഡ്രസ് ദുരുപയോഗം ചെയ്യപ്പെട്ട പേരിൽ വീട്ടുടമയാണ് പല സാധനങ്ങളുടെയും ബിൽ അടച്ചു തീർക്കേണ്ടി വന്നത്.
ഈ വീട്ടുടമ പിന്നീട് കേരളത്തിൽ എത്തി മുങ്ങിയ യുവതിയെ തപ്പിയെങ്കിലും പൊടിപോലും കണ്ടെത്താനായില്ല എന്നതാണ് കഥയുടെ ബാക്കിപത്രം. ഇത്തരത്തിൽ പലവിധത്തിൽ മലയാളികൾ തട്ടിപ്പിൽ ഗവേഷണം നടത്തിയതുകൊണ്ടാണ് ഇപ്പോൾ പുതുതായി എത്തിയവരുടെ ജീവിതം കൂടുതൽ ദുഷ്‌കരം ആയി മാറിയിരിക്കുന്നതും. പലനാൾ കള്ളൻ ഒരുനാൾ കുടുങ്ങും എന്ന ചൊല്ല് അന്ന്വർത്ഥം ആക്കും വിധമാണ് തന്ത്രശാലികളായ മലയാളികൾ മറ്റുള്ളവരുടെ ജീവിതം കൂടി പ്രയാസത്തിലാക്കുന്നത് എന്ന് ചുരുക്കം.
കുവൈറ്റിലെ ബാങ്കുകളും പാഠം പഠിച്ചു; മലയാളികൾക്ക് ലോണില്ല
മുൻപ് കുവൈറ്റിലെ ബാങ്കുകളിൽ നിന്നും ലോൺ കിട്ടുവാൻ വളരെ എളുപ്പമായിരുന്നു. മിനിസ്ട്രി സ്റ്റാഫാണെങ്കിൽ സാലറി സ്ലിപ് കൊടുത്ത് ബാങ്ക് ഏജന്റ് വഴി ബന്ധപ്പെടുകയോ നേരിട്ട് ബാങ്കിൽ പോവുകയോ ചെയ്താൽ നാലു ദിവസത്തിനുള്ളിൽ തന്നെ ലോൺ ലഭിക്കും. സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കും ലഭിക്കും. പക്ഷെ, 400 കുവൈറ്റ് ദിനാറിലധികം ശമ്പളവും ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ അംഗീകാരവും പരിഗണിച്ചായിരിക്കും ലോൺ നൽകുക. ഇത്തരത്തിൽ ഒരു കുടുംബത്തിൽ തന്നെ ഭാര്യയ്ക്കും ഭർത്താവിനും ലോൺ ലഭിക്കുന്ന സാഹചര്യമായിരുന്നു കുവൈത്തിൽ ഉണ്ടായിരുന്നത്.
ഒരിക്കൽ ലോണെടുത്ത് 30 തവണകൾ വരെ കൃത്യമായി തിരിച്ചടച്ചാൽ ബാങ്ക് തന്നെ ലോൺ ക്ലോസ് ചെയ്ത് വീണ്ടും ലോണും നൽകും. 5, 10, 15 വർഷ കാലാവധികളിലാണ് ലോൺ നൽകുക. ഓരോ ബാങ്കുകൾക്കും ഓരോ രീതികളായിരിക്കും. എങ്കിലും സാലറിയുടെ നാൽപ്പത് ഇരട്ടി വരെയാണ് ബാങ്കുകൾ ലോണായി നൽകിയിരുന്നത്. അതായത് 700 കുവൈറ്റ് ദിനാർ സാലറിയുള്ള ഒരു വ്യക്തിക്ക് 30,000 കുവൈറ്റ് ദിനാർ വരെയാണ് ലോൺ കിട്ടുക.
എന്നാൽ 2016 മുതൽ കുവൈറ്റിലേക്കെത്തിയ, ഭാര്യയും ഭർത്താവും നഴ്സുമാരായിട്ടുള്ള നിരവധി പേരാണ് ഇത്തരത്തിൽ ബാങ്കിൽ നിന്നും ലോണെടുത്ത് യുകെയിലേക്കടക്കം പല യൂറോപ്യൻ രാജ്യങ്ങളിലേക്കും മുങ്ങിയത്. അതിനു മുൻപൊന്നും വിദേശ ജോലിക്കാർക്ക് ലോൺ ലഭിക്കുക എന്നത് അത്ര എളുപ്പമായിരുന്നില്ല. എന്നാൽ കുവൈറ്റിലെത്തി ജോലിയിൽ ജോയിൻ ചെയ്ത് മൂന്നുമാസത്തിനുള്ളിൽ കൊണ്ട് പേപ്പറുകൾ ശരിയായി ആദ്യ സാലറി വന്ന് അടുത്ത മാസം തൊട്ട് ലോൺ എടുക്കാം എന്ന തരത്തിലേക്കാണ് ബാങ്കിന്റെ നിയമങ്ങൾ മാറിയത്.
ഈ സൗകര്യം പ്രയോജനപ്പെടുത്തിയാണ് നിരവധി പേർ ലക്ഷങ്ങളും കോടികളും ലോണെടുക്കുകയും ആ പണവുമായി മുങ്ങുകയും ചെയ്തത്. ഇതിനെ തുടർന്ന് നാലു മാസം മുമ്പ് ബാങ്കുകൾ നിയമം മുഴുവൻ പൊളിച്ചെഴുതി. ഇപ്പോൾ വിദേശീയർക്ക് ലോൺ എടുക്കണമെങ്കിൽ കുവൈറ്റിൽ പത്തുവർഷത്തെ പ്രവർത്തന പരിചയവും 1000 മുതൽ 2000 കെഡി വരെ ശമ്പളവും വേണമെന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ എത്തിയിരിക്കുന്നത്.