- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ വിസ ലഭിക്കാൻ മാസത്തിൽ ലാഭിക്കുന്നത് 40,000 അപേക്ഷകൾ; സമയത്ത് വിസ ലഭിക്കാത്തതിനാൽ ബ്രിട്ടീഷ് ടൂറിസ്റ്റുകൾ ഇന്ത്യ വിടുന്നു; ലണ്ടനിലും ഗ്ലാസ്ഗോയിലും ഓരോ വിസ സെന്റർ കൂടി തുറക്കാൻ ധൃതിപിടിച്ച് നടപടിയുമായി ഇന്ത്യൻ ഹൈക്കമ്മീഷൻ
ലണ്ടൻ: ഇന്ത്യൻ വിസയ്ക്ക് അപേക്ഷിക്കുന്നാവർ വിസ സെന്ററുകളിൽ നേരിട്ട് എത്തണമെന്ന നിയമം വന്നതിൽ പിന്നെ ആയിരക്കണക്കിന് ബ്രിട്ടീഷുകാർ ഇന്ത്യൻ വിസ ലഭിക്കാതെ ഇന്ത്യൻ സന്ദർശനം റദ്ദാക്കുന്നതായി നേരത്തേ റിപ്പോർട്ടുകൾ വന്നിരുന്നു. നേരിട്ട് എത്തി സമർപ്പിക്കുവാൻ അപ്പോയിന്റ്മെന്റ് ലഭിക്കണമെങ്കിൽ പോലും രണ്ടു മാസം വരെ കാത്തിരിക്കേണ്ട അവസ്ഥയാണ് ഇപ്പോൾ ഉള്ളത്. ഇത് വഴി ഇന്ത്യൻ ടൂറിസ്റ്റ് മേഖലയ്ക്കും വൻ തിരിച്ചടിയാണ് ലഭിക്കുന്നതെന്നും റിപ്പോർട്ടുകളിൽ പറഞ്ഞിരുന്നു.
എന്നാൽ, ഈ പ്രശ്നത്തിന് ഉടനടി പരിഹാരമാകും എന്നാണ് ഇന്ത്യൻ ഹൈക്കമ്മീഷണർ വിക്രം ദൊരൈസ്വാമി കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ പറഞ്ഞത്. ബ്രിട്ടനിൽ നിന്നും ഇന്ത്യയിലേക്ക് പോകുന്നവർക്ക് വിസ ലഭിക്കുന്നതിനുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കുവാൻ കൂടുതൽ കേന്ദ്രങ്ങൾ തുറക്കുകയാണെന്നായിരുന്നു അദ്ദേഹം അറിയിച്ചത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇന്ത്യൻ വിസക്കുള്ള അപേക്ഷകൾ കുമിഞ്ഞുകൂടി കിടക്കുകയാണ്.
ഇതിനു പരിഹാരമായി വിസ സെന്ററുകളുടെ പ്രവർത്തനം വിപുലീകരിക്കുവാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. അടുത്തയാഴ്‌ച്ച സ്‌കോട്ട്ലാൻഡിൽ ഒരു വിസ സെന്റർ തുറന്ന് പ്രവർത്തനം ആരംഭിക്കുമെന്ന് വിക്രം ദൊരൈസ്വാമി അറിയിച്ചു. അതിനോടൊപ്പം ഈ മാസം അവസാനത്തോടെ സെൻട്രൽ ലണ്ടനിലും ഒരു വിസ കേന്ദ്രം തുറക്കും. വിസ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കരാർ എടുത്തിരിക്കുന്ന വി എഫ് എസിന്റെ പ്രവർത്തനം ഇരട്ടിപ്പിച്ചുകൊണ്ട് പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനാണ് ഇപ്പോൾ ശ്രമിക്കുന്നത്.
അപ്പോയിന്റ്മെന്റ് ലഭിക്കുക എന്നതാണ് ഏറ്റവും പ്രധാന പ്രശ്നം എന്നു പറഞ്ഞ അദ്ദേഹം സാഹചര്യം കൂടുതൽ മെച്ചപ്പെടുത്താൻ സാധ്യമായതെല്ലാം ചെയ്യുമെന്നും കൂട്ടിച്ചേർത്തു. ലണ്ടനിലെ ഇന്ത്യാ ഹൗസിൽ നിന്നുള്ള ഒരു വീഡിയോ സന്ദേശത്തിൽ കൂടിയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുക വഴി പ്രതിമാസം 40,000 വിസ അപേക്ഷകൾ വരെ കൈകാര്യം ചെയ്യാൻ കഴിയും എന്ന് അദ്ദേഹം പറയുന്നു. ഇപ്പോൾ ഉള്ളതിന്റെ ഇരട്ടിയാണിത്.
അതിനൊപ്പം അപേക്ഷകൾ സമർപ്പിക്കുന്ന നടപടി കൂടുതൽ ലളിതവും എളുപ്പവുമാക്കാനുള്ള നടപടികളെ കുറിച്ചും ആലോചിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.ഇതുമായി ബന്ധപ്പെട്ട് സേവന ദാതാക്കളുമായി സംസാരിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ പിന്നീട് അറീയിക്കാം എന്നും അദ്ദേഹം പറഞ്ഞു. നിങ്ങളുടെ ഇന്ത്യയിലേക്കുള്ള യാത്ര ഏറ്റവും സുഗമമവും, എളുപ്പമുള്ളതും ശ്രമരഹിതവും ആക്കുവാനാണ് തങ്ങൾ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നേരത്തേ ഏജന്റുമാർ വഴി അപേക്ഷകൾ സമർപ്പിക്കാൻ കഴിയുമായിരുന്നു. എന്നാൽ, അനധികൃത ഏജന്റുമാർ ഇതിന് പണം ഈടാക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് വിസ അപേക്ഷകൾ നേരിട്ട് സമർപ്പിക്കണം എന്ന നിയമം കൊണ്ടു വന്നതെന്ന് വിക്രം ദൊരൈസ്വാമി അറിയിച്ചു. അതേസമയം ഇന്ത്യയിലേക്കുള്ള വിസ നിയമങ്ങളുടെ കാര്യത്തിൽ മാറ്റങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. ഓൺലൈൻ വഴി ടൂറിസ്റ്റ് ഇ വിസ ലഭ്യമാകുന്ന 150 രാജ്യങ്ങളുടെ ലിസ്റ്റിൽ ബ്രിട്ടൻ ഇനിയും ഉൾപ്പെട്ടിട്ടില്ല. അതുകൊണ്ട് വി എഫ് എസ് സെന്ററുകളെ ആശ്രയിക്കുക മാത്രമാണ് ഇന്ത്യ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന വിനോദ സഞ്ചാരികൾക്ക് ഏക ആശ്രയം.
മറുനാടന് ഡെസ്ക്