- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒടുവിൽ എല്ലാ നിയന്ത്രണങ്ങളും പാടെ മാറി; എയർ സുവിധ റദ്ദാക്കിയതിനു പിന്നാലെ വാക്സിനേഷൻ സർട്ടിഫിക്കറ്റോ പി സി ആർ ടെസ്റ്റോ നിർബന്ധമല്ലാതാക്കി അധികാരികൾ; ഇനി മുതൽ നാട്ടിലേക്ക് പോകാനും മടങ്ങാനും കോവിഡിന് മുൻപുള്ള കാലത്തെ നിയമങ്ങൾ മാത്രം ബാധകം
ലണ്ടൻ: ലോകത്തെ നടുക്കിയ കോവിഡിന്റെ അവസാനത്തെ തിരുശേഷിപ്പുകളും ഇല്ലാതെയാകുന്നു. മറ്റെല്ലാ നിയന്ത്രണങ്ങളും എടുത്തു കളഞ്ഞപ്പോഴും തുടർന്ന് വന്നിരുന്ന ചില യാത്രാ നിയന്ത്രണങ്ങൾ കൂടി ഇല്ലാതായതോടെ ജീവിതം കോവിഡ് പൂർവ്വ കാലഘട്ടത്തിലേക്ക് തിരിച്ചുപോവുകയാണ്. വിദേശങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് എത്തുമ്പോൾ ഇനി മുതൽ വാക്സിനേഷൻ എടുത്തതിന്റെ തെളിവോ അല്ലെങ്കിൽ നെഗറ്റീവ് പി സി ആർ ടെസ്റ്റ് ഫലമോ കാണിക്കേണ്ടതില്ല.
ബ്രിട്ടീഷ് സർക്കാരിന്റെ ഔദ്യോഗിക പേജിൽ ട്രാവൽ അഡ്വൈസ് ടു ഇന്ത്യയിലെ, നവംബർ 24 ന് അപ്ഡേറ്റ് ചെയ്ത സ്റ്റാറ്റസ് പ്രകാരം ഇനി മുതൽ നാട്ടിൽ പോകുമ്പോൾ നമുക്ക് ബാധകമാവുക കോവിഡിനു മുൻപത്തെ നിയമങ്ങൾ മാത്രമായിരിക്കും. ഇന്നലെ രാവിലെ ഹീത്രൂവിൽ നിന്നും മുംബൈയിൽ എത്തിയ ഒരു മലയാളി കുടുംബം പറയുന്നത്, പാസ്സ്പോർട്ടും ടിക്കറ്റും അല്ലാതെ മറ്റ് അധിക രേഖകൾ ഒന്നും പരിശോധിക്കുന്നില്ല, ആവശ്യപ്പെടുന്നില്ല എന്നാണ്. കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റോ പൂരിപ്പിച്ച എയർ സുവിധ ഫോമോ അധികൃതർ ചോദിച്ചില്ല എന്ന് ഇവർ സ്ഥിരീകരിക്കുന്നു.
അതേസമയം, യാത്രാ സമയത്തോ അല്ലെങ്കിൽ ഇന്ത്യയിൽ എത്തിയതിനു ശേഷമോ നിങ്ങൾ കോവിഡ് -19 ലക്ഷണങ്ങൾ പ്രദർശിപ്പിക്കുകയാണെങ്കിൽ അധികൃതരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതുണ്ട്. രോഗപരിശോധനയും, പ്രത്യേകം സജ്ജമാക്കിയ ആരോഗ്യ കേന്ദ്രങ്ങളിലെ ഐസൊലേഷനും ഒരുപക്ഷെ ആ നിർദ്ദേശങ്ങളിൽ ഉൾപ്പെട്ടേക്കാം. അതേസമയം, പാസ്സ്പോർട്ടിന്റെ സാധുത തുടങ്ങിയ, സാധാരണ യാത്രാ നിയമങ്ങളിൽ ഒന്നും തന്നെ ഒരു ഇളവും ഉണ്ടായിരിക്കുന്നതല്ല.
2016 മാർച്ചിൽ ഒ സി ഐ കാർഡ് ഉടമകൾക്ക് ഇന്ത്യ സന്ദർശിക്കാൻ വിസ ആവശ്യമില്ലെന്ന് ഇന്ത്യൻ സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഒ സി ഐ കാർഡ് ഉടമകളുടെ വിദേശ പാസ്സ്പോർട്ടിൽ പതിപ്പിച്ച യു വിസ സ്റ്റിക്കർ ഇമിഗ്രേഷൻ അധികൃതരെ കാണിച്ചാൽ മതിയാകുമായിരുന്നു. എന്നാൽ, ഇനി മുതൽ ഈ സ്റ്റിക്കറിന് സാധുതയുണ്ടാകില്ല. നിങ്ങളുടെ സാധുവായ പാസ്സ്പോർട്ടും ഒ സി ഐ കാർഡും മാത്രം കാണിച്ചൽ മതിയാകും. ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇന്ത്യൻ സർക്കാരിന്റെ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ ഉണ്ട്.
ഒ സി ഐ കാർഡില്ലാത്ത, വിദേശ പൗരത്വമുള്ളവർക്ക് ഇന്ത്യയിൽ പ്രവേശിക്കാൻ വിസയുടെ ആവശ്യമുണ്ട്. മൂന്ന് ഘട്ടമായുള്ള വിസ ആപ്ലിക്കേഷൻ പ്രോസസ്സിലൂടെ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ നിന്നും വിസ ലഭിക്കും. നിങ്ങളുടെ യാത്രക്ക് യോജ്യമായ വിസ എടുക്കാൻ ശ്രമിക്കുക. തെറ്റായ വിസയിലാണ് നിങ്ങൾ ഇന്ത്യയിൽ എത്തുന്നതെങ്കിൽ, നിങ്ങളെ തടയുകയും തിരിച്ചയയ്ക്കുകയും ചെയ്യും. മാത്രമല്ല, ഭാവിയിൽ ഇന്ത്യ സന്ദർശിക്കുന്നതിൽ നിന്നും വിലക്കും നേരിട്ടേക്കാം.ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇന്ത്യൻ ഹൈക്കമ്മീഷൻ വെബ്സൈറ്റിലും ഇന്ത്യൻ ഇമിഗ്രേഷൻ ബ്യുറോ വെബ്സൈറ്റിലും ലഭ്യമാണ്.
മറുനാടന് ഡെസ്ക്