ലണ്ടൻ: സുരക്ഷിത രാഷ്ട്രങ്ങളായി പരിഗണിക്കപ്പെടുന്ന രാജ്യങ്ങളുടെ പട്ടിക വിപുലപ്പെടുത്താൻ യു കെ സർക്കാർ തീരുമാനിച്ചു. ഇന്ത്യയേയും ഇതിൽ ഉൾപ്പെടുത്തും. ഇതോടെ ഇന്ത്യയിൽ നിന്നും അനധികൃതമായി ബ്രിട്ടനിലെത്തുന്നവരെ തിരിച്ചയ്ക്കുന്ന പ്രക്രിയ കൂടുതൽ സുഗമവും വേഗത്തിലുമാകും. അവർക്ക് ബ്രിട്ടനിൽ അഭയം നിഷേധിക്കുവാനും സാധിക്കും.

നവംബർ 8 ന് ജനപ്രതിനിധി സഭയിൽ അവതരിപ്പിച്ച നിയമത്തിന്റെ കരടിൽ ഇന്ത്യയേയും ജോർജിയയേയും ആണ് ഈ പട്ടികയിൽ പുതിയതായി ഉൾപ്പെടുത്തുന്നത് പറയുന്നത്. രാജ്യത്തിന്റെ ഇമിഗ്രേഷൻ സിസ്റ്റം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് ഈ തീരുമാനം എന്ന് ഹോം ഓഫീസ് പറയുന്നു. അതുപോലെ, നിയമങ്ങൾ ദുരുപയോഗം ചെയ്ത് അർഹതയില്ലാത്തവർ അഭയത്തിനായി അപേക്ഷിക്കുന്നത് തടയുവാനും സാധിക്കും.

അനധികൃതമായി ബ്രിട്ടനിൽ എത്തുന്നവർക്ക് ഒരു അവകാശങ്ങളും അനുവദിച്ചു കൊടുക്കാതെ ഉടനടി തിരിച്ചയയ്ക്കാൻ ഇതുവഴി കഴിയും. അനധികൃതമായി എത്തി, ബ്രിട്ടനിൽ കഴിയാമെന്ന് ആരും വ്യാമോഹിക്കേണ്ട എന്ന സന്ദേശമാണ് ഈ പട്ടികയിൽ ഉൾപ്പെട്ട രാജ്യങ്ങളിലെ ജനങ്ങൾക്ക് ബ്രിട്ടൻ നൽകുന്നത്. അനധികൃത കുടിയെറ്റ നിയമത്തിലെ കാര്യങ്ങൾ നടപ്പിലാക്കുന്നതിൽ തങ്ങൾക്ക് ബാദ്ധ്യതയുണ്ടെന്ന് ഹോം സെക്രട്ടറി സുവെല്ല ബ്രേവർമാൻ പറഞ്ഞു.

ഒരു രാജ്യത്തെ സുരക്ഷിത രാഷ്ട്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയാൽ പിന്നെ ആ രാജ്യത്തു നിന്നുംഅഭയാർത്ഥികൾ എത്തിയാൽ, അവരുടെ അപേക്ഷ നിരസിക്കപ്പെടും. അൽബേനിയ, സ്വിറ്റ്സർലാൻഡ്, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ, യൂറോപ്യൻ എക്കണോമിക് ഏരിയയിൽ ഉൾപ്പെടുന്ന രാജ്യങ്ങൾ എന്നിവയൊക്കെയാണ് ഈ പട്ടികയിൽ ഇപ്പോഴുള്ളത്. ഇതിലേക്കാണ് ഇപ്പോൾ ഇന്ത്യയേയും ജോർജിയയേയും ചേർക്കാൻ ഉദ്ദേശിക്കുന്നത്. പാർലമെന്റിൽ ചർച്ചകൾക്ക് ശേഷമായിരിക്കും നിയമം അന്തിമമായി പ്രാബല്യത്തിൽ വരിക.