ലണ്ടൻ: വെയിൽസിലെ ഒരു വിനോദ സഞ്ചാര കേന്ദ്രത്തിൽ നദിയിൽ വീണ രണ്ട് കുട്ടികളെ രക്ഷിക്കാൻ ജീവൻ നൽകിയ മോഹൻ മുരുഗനാഥരാജ എന്ന 27 കാരനായ പൈലറ്റിന് വീരനായക പരിവേഷം. ബ്രീകോൺ ബീകോൺസിലെ സ്ഗോട്ട് വൈ പൻവർ വെള്ളച്ചാട്ടത്തിനടുത്താണ് സംഭവം നടന്നത്. വെള്ളത്തിൽ വീണ രണ്ട് കുട്ടികളെയും വലിച്ചെടുത്ത് രക്ഷിച്ച മോഹൻ പിന്നീട് വെള്ളത്തിലേക്ക് ആണ്ടു പോവുകയായിരുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്‌ച്ചയായിരുന്നു സംഭവം നടന്നത്.

പൊലീസും എയർ ആംബുലൻസും ഉൾപ്പടെയുള്ള എമർജൻസി ടീം സ്ഥലത്ത് എത്തിയെങ്കിലും പൈലറ്റ് ലൈസൻസ് ഉള്ള മോഹനെ രക്ഷിക്കാൻ ആയില്ല. അണ്ടർ വാട്ടർ ക്യാമറകൾ ഉപയോഗിച്ച് കണ്ടെത്തിയ മോഹന്റെ മൃതശരീരം പിറ്റേന്നായിരുന്നു പുറത്തെടുത്തത്. തന്റെ വീര കൃത്യത്തിലൂടെ നിരവധി പേരുടെ ഹൃദയത്തിലാണ് മോഹൻ സ്ഥാനം പിടിച്ചതെന്നായിരുന്നു സുഹൃത്തുക്കൾ മോഹനെ കുറിച്ച് പറഞ്ഞത്. സ്വാൻസീയിലെ, അദ്ദേഹം അംഗമായ ബാഡ്മിന്റൻ ക്ലബ്ബും അനുശോചനം രേഖപ്പെടുത്തി.

ഫോട്ടോഗ്രാഫർമാർക്കും നടക്കാൻ ഇറങ്ങുന്നവർക്കും ഒക്കെ ഏറെ പ്രിയങ്കരമായ ഒരു ഇടമാണ് ഇപ്പോൾ ബന ബ്രെഹിനോ എന്ന് അറിയപ്പെടുന്ന ഇവിടം. ഇവിടത്തെ ചെറു വെള്ളച്ചാട്ടവും അരുവിയുമാണ് ഇവിടേക്ക് സന്ദർശകരെ ആകർഷിക്കുന്നത്. ഏകദേശം 40 അടി ഉയരത്തിൽ നിന്നുള്ളതാണ് ഈ ചെറുവെള്ളച്ചാട്ടം. ഫാൾ ഓഫ് ദി ഫുള്ളർ എന്നറിയപ്പെടുന്ന ഇത് മെല്റ്റ് നദിയിലാണ് സ്ഥിതിചെയ്യുന്നത്.

സംഭവം നടന്ന് അധികം താമസിയാതെ തന്നെ പൊലീസ്, അഗ്‌നിശമന സേന, മൗണ്ടൻ റെസ്‌ക്യു, ഹസാർഡസ് റെസ്പോൺസ് ടീം എന്നിവരടങ്ങിയ രക്ഷാ സൈന്യം രംഗത്തെത്തിയെങ്കിലും രക്ഷിക്കാനായില്ല. തുടർന്ന് നടന്ന തിരച്ചലിൽ, രാത്രി 7 മണിയോടെയായിരുന്നു അണ്ടർ വാട്ടർ ക്യാമറകളുടെ സഹായത്തോടെ മൃതദേഹം കണ്ടെത്തിയത്. എന്നാൽ, പ്രതികൂല സാഹചര്യങ്ങൾ കാരണം പിറ്റേന്ന് രാവിലെ മാത്രമായിരുന്നു അത് പുറത്തെടുക്കാനായത്.