മെൽബൺ: ഓസ്‌ട്രേലിയയിൽ ഇന്ത്യൻ വംശജനായ പ്രമുഖൻ പീഡന കേസിൽ കുറ്റക്കാരൻ. അഞ്ച് കൊറിയൻ സ്ത്രീകളെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസിലാണ് ഇന്ത്യക്കാരൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഓസ്‌ട്രേലിയയിലെ ഇന്ത്യക്കാരുടെ ഇടയിൽ പ്രമുഖനായ ബലേഷ് ധൻകറാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. സിഡ്‌നിയിലെ ഡൗണിങ് സെന്ററിലുള്ള ജില്ലാ കോടതിയാണ് ഇയാളെ കുറ്റക്കാരനാണെന്ന് വിധിച്ചത്.

രാഷ്ട്രീയ സ്വാധീനമുള്ള ഇയാൾ കൊറിയൻ സ്ത്രീകളെ പറഞ്ഞ് പറ്റിച്ച് വലയിലാക്കുകയും മയക്കുമരുന്ന് നൽകി ബോധം നഷ്ടപ്പെടുത്തതിയ ശേഷം പീഡിപ്പിക്കുകയുമായിരുന്നുവെന്ന് സിഡ്‌നി മോർണിങ് ഹെരാൾഡ് റിപ്പോർട്ട് ചെയ്തു. ഓസ്‌ട്രേലിയയില ഓവർസീസ് ഫ്രണ്ട്‌സ് ഓഫ് ബിജെപിയുടെ മുൻ അധ്യക്ഷൻ കൂടിയാണ് ഇയാളെന്നും പത്രം ചൂണ്ടിക്കാട്ടുന്നു.

അലാം ക്ലോക്കിൽ ഘടിപ്പിച്ച രഹസ്യ കാമറയിലും ഫോൺ കാമറയിലും ധൻകർ ഈ ലൈംഗികാതിക്രമങ്ങൾ റെക്കോർഡ് ചെയ്തിട്ടുമുണ്ട്. 2018ലാണ് പൊലീസ് ധൻകറിന്റെ ഫോണിൽ നിന്ന് ഡസൻ കണക്കിന് വിഡിയോകൾ കണ്ടെത്തിയത്. ചിലതിൽ സ്ത്രീകൾ അബോധാവസ്ഥയിലും മറ്റു ചെലവിൽ വളരെ ബുദ്ധിമുട്ടിയും ഉറക്കത്തിൽ ദുഃസ്വപ്നം കണ്ട് എഴുന്നേൽക്കുന്നതുപോലെ ഞെട്ടിയുണർന്ന് നിലവിളിച്ചും കഴിയുന്നതായി കണ്ടു. വിഡിയോകൾ ഫോൾഡറുകളിലായി ഓരോ സ്ത്രീയുടെയും പേരിലാണ് സൂക്ഷിച്ചിരുന്നത്. എല്ലാ വിഡിയോകളും ചേർത്ത് 95 മിനുട്ടുള്ള മറ്റൊരു വിഡിയോയും നിർമ്മിച്ചിട്ടുണ്ട്.

അതേസമയം, കോടതിയിൽ ധൻകറിനെ ഭാര്യ പിന്തുണച്ചു. എന്നാൽ താൻ സ്ത്രീകളോട് നുണ പറഞ്ഞത്, ഒരു വിവാഹേതര ബന്ധം തകർന്നതുമൂലം ഒറ്റപ്പെടൽ അനുഭവപ്പെട്ടതിനാലാണെന്ന് പറഞ്ഞുകൊണ്ട് ധൻകർ കോടതിയിൽ കരഞ്ഞു. വിവാഹ ബന്ധത്തിൽ വേണ്ടത്ര തൃപ്തിയില്ലാത്തതാണ് തന്റെ ഒറ്റപ്പെടലിനിടയാക്കിയതെന്നും ധൻകർ കോടതിയിൽ പറഞ്ഞു.

എന്നാൽ കോടതിയിൽ ഇയാളെ കുറ്റക്കാരനാണെന്ന് കണ്ടെത്തി. ഇയാളെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. 43 കാരനായ ധൻകർ മെയിൽ വീണ്ടും കോടതിയിൽ ഹാജരാകണം. ഈ വർഷം അവസാനം ശിക്ഷ വിധിക്കുമെന്നാണ് കരുതുന്നത്.