- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യു കെയിൽ ജീവിക്കുന്ന ആറിലൊരാൾ ജനിച്ചത് വിദേശത്ത്; റൊമാനിയക്കാരുടെ വർദ്ധന 576 ശതമാനം; ലണ്ടൻ നഗരത്തിലെ 40 ശതമാനം പേരും വിദേശികൾ; 10 ലക്ഷത്തിനു അടുത്തെത്തി വിദേശികളുടേ എണ്ണത്തിൽ ഇന്ത്യാക്കാർ ഒന്നാമത്
ലണ്ടൻ: യൂറോപ്പിലിതാദ്യമായി വെള്ളക്കാരനല്ലാത്ത ഒരാളെ പ്രധാനമന്ത്രിയാക്കിയെന്ന ബഹുമതി ബ്രിട്ടന് ലഭിച്ചിട്ട് അധികനാളായിട്ടില്ല. അതിനിടയിൽ പുറത്തു വന്ന ഏറ്റവും പുതിയ സെൻസസ് ഡാറ്റ മറ്റൊരു രസകരമായ കാര്യം കൂടി പുറത്തു കൊണ്ടു വരുന്നു. ഇംഗ്ലണ്ടിലും വെയിൽസിലും ജീവിക്കുന്നവരിൽ ആറിൽ ഒരാൾ വീതം ജനിച്ചത് വിദേശത്താണ് എന്നതാണ് ആ വിവരം. അതായത്, ഏകദേശം 10 മില്യണിൽ അധികം ബ്രിട്ടീഷേതര ദേശീയതയുള്ളവർക്ക് ഇപ്പോൾ ഈ രണ്ടു രാജ്യങ്ങൾ സ്വന്തം വീട് ആകുകയാണ്.
ഇന്നലെ പുറത്തുവിട്ട ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ രേഖ കാണിക്കുന്നത്, റൊമാനിയയിൽ ജനിച്ച് ഇവിടെയെത്തിയവരുടെ എണ്ണത്തിൽ 576 ശതമാനത്തിന്റെ വർദ്ധനവ് കാണിക്കുന്നു എന്നാണ്. 2011 -ൽ 80,000 റൊമേനിയക്കാരാണ് ബ്രിട്ടനിൽ ഉണ്ടായിരുന്നതെങ്കിൽ 2021-ൽ അത് 5,39,000 ആയി ഉയർന്നു. ഈ വിവരം അനുസരിച്ച് ഇംഗ്ലണ്ടിലേയും വെയിൽസിലേയും സാധാരണ താമസക്കാരിൽ, ബ്രിട്ടന് പുറത്ത് ജനിച്ചവരുടേ എണ്ണത്തിൽ 2011 ന് ശേഷം 2.5 മില്യണിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
2014-ൽ യൂറോപ്യൻ യൂണിയനിൽ ആകെമാനം ജോലി ചെയ്യുന്നതിനുള്ള നിയന്ത്രണങ്ങൾ എല്ലാം എടുത്തു കളഞ്ഞ പശ്ചാത്തലത്തിലായിരുന്നു റൊമേനിയക്കാരുടെ എണ്ണം ഇത്രയും വർദ്ധിച്ചത്. അതേസമയം, ജനിച്ച രാജ്യത്തിന്റെ അടിസ്ഥാനത്തിൽ നോക്കിയാൽ, ഇന്ന് ബ്രിട്ടനിൽ ഏറ്റവും അധികം ഉള്ളത് ഇന്ത്യാക്കാർ തന്നെയാണ്. ഇന്ത്യയിൽ ജനിച്ച്, ഇംഗ്ലണ്ടിലും യു കെയിലുമായി താമസമാക്കിയിരുന്നവരുടെ എണ്ണം ഏകദേശം 9,25,000 വരും. മൊത്തം ജനസംഖ്യയുടെ 1.5 ശതമാനം വരും ഇത്.
ഓഫീസ് ഫോർ നാഷണൽ സെൻസസ് പുറത്തുവിട്ട ഡാറ്റ അനുസരിച്ച്, ബ്രിട്ടന് പുറത്ത് ജനിച്ചവർ ഏറ്റവും അധികം താമസിക്കുന്ന മേഖല ലണ്ടൻ നഗരം തന്നെയാണ്. നഗര ജനസംഖ്യയുടെ ഏകദേശം 40.6 ശതമാനം പേർ ഇത്തരത്തിൽ ഉള്ളവരാണ്. ഇംഗ്ലണ്ടിലും വെയിൽസിലും എത്തിച്ചേരുന്ന, വിദേശരാജ്യങ്ങളിൽ ജനിച്ചവരിൽ ഭൂരിഭാഗവും 18 നും 29 നും ഇടയിൽ പ്രായമുള്ളവരാണ്.
ഒരു കാലത്ത് ബ്രിട്ടന്റെ ഭാഗം തന്നെയായിരുന്ന അയർലൻഡിൽ ജനിച്ച് ബ്രിട്ടനിൽ എത്തുന്നവരുടെ എണ്ണത്തിൽ പക്ഷെ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിൽ കുറവാണ് ഉണ്ടായിരിക്കുന്നത്. 2011 - 4,07,000 പേർ ഇത്തരത്തിൽ പെടുന്നവരായി ഇംഗ്ലണ്ടിലും വെയിൽസിലും ഉണ്ടായിരുന്നെങ്കിൽ 2021 -ൽ അയർലൻഡിൽ ജനിച്ച് ഇവിടെ താമസിക്കുന്നവരുടെ എണ്ണം 3,25,000 ആയി ചുരുങ്ങി. അതുപോലെ അമേരിക്കയും ജമൈക്കയും ഇത്തരത്തിലുള്ള രാജ്യങ്ങളുടെ ആദ്യ പത്തിന്റെ പട്ടികയിൽ സ്ഥാനം പിടിച്ചിട്ടില്ല.
മറുനാടന് ഡെസ്ക്