ശ്രീകണ്ഠാപുരം :കണ്ണൂർ പയ്യാവൂർ സ്വദേശി ഉൾപെടെ രണ്ടു വിദ്യാർത്ഥികൾ അയർലൻഡിലെ തടാകത്തിൽ കുളിക്കുന്നതിനിടെ ദാരുണമായി മുങ്ങിമരിച്ചു. കണ്ണൂർ പയ്യാവൂരിലെ പൊന്നുംപറമ്പപത്ത് മുപ്രാപ്പള്ളിയിൽ ജോഷിയുടെ മകൻ റുവാൻ (16), എരുമേലി കൊരട്ടി കുറുവാമൂഴിയിലെ ഒറ്റപ്ലാക്കൽ അജുവിന്റെ മകൻ ജോസഫ് സെബാസ്റ്റ്യൻ(16) എന്നിവരാണ് ദാരുണമായിമരിച്ചത്.

വടക്കൻ അയർലൻഡിലെ ഡെറി നഗരത്തിനടുത്ത സ്ട്രാത്ത്‌ഫോയിലിലെ ലഫ് എനാഗ് തടാകത്തിൽ ഇന്ത്യൻ പ്രാദേശികസമയം തിങ്കളാഴ്ച വൈകുന്നേരം 6.25 ഓടെയായിരുന്നു സംഭവം. അവധി ദിനമായതിനാൽ സൈക്കിൾ സവാരിക്കിറങ്ങിയ ആറംഗ വിദ്യാർത്ഥിസംഘം വഴിയരികിലെ തടാകത്തിൽ കുളിക്കാനിറങ്ങിയതായിരുന്നു. നീന്തുന്നതിനിടെ രണ്ടു പേർ മുങ്ങിത്താഴുകയായിരുന്നു.

വിവരമറിഞ്ഞ് പൊലീസും എമർജൻസി സർവീസ് ടീമംഗങ്ങളും നീന്തൽ വിദഗ്ധരുമെത്തി നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിൽ രാത്രി വൈകി ഇരുവരെയും കരയ്‌ക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വടക്കൻ അയർലൻഡിൽ നഴ്‌സായി ജോലിചെയ്യുന്ന സാലിയാണു റുവാന്റെ മാതാവ്. എഡ്വിൻ ഏക സഹോദരനാണ്. ജോഷിയും കുടുംബവും 15 വർഷമായി വടക്കൻ അയർലൻഡിലെ ലണ്ടൻഡെറിയിലാണു താമസം.

മരിച്ച രണ്ടു വിദ്യാർത്ഥികളും ലണ്ടൻഡെറി സെന്റ് കൊളംബസ് ബോയ്‌സ് കോളജ് വിദ്യാർത്ഥികളാണ്. കഴിഞ്ഞയാഴ്ചയാണ് ജനറൽ സർട്ടിഫിക്കറ്റ് ഓഫ് സെക്കൻഡറി എഡ്യുക്കേഷൻ (ജിസിഎസ്ഇ) പരീക്ഷ മികച്ച രീതിയിൽ പാസായത്.വീട്ടിൽനിന്ന് അഞ്ചു കിലോമീറ്റർ അകലെയാണ് ലഫ് എനാഗ് തടാകം. ഇവിടേക്ക് വിനോദ സഞ്ചാരത്തിനായി പോയ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. അവധി ദിനത്തിലാണ് കുട്ടികൾ വിനോദ സഞ്ചാര യാത്രയ്ക്കിറങ്ങിയത്.