- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൂട്ടക്കൊലയിൽ വില്ലൻ 'ജെ ഡി' എന്ന ജാക് ഡാനിയൽ; സാജുവിന്റെ പ്ലാൻ എ പൂർത്തിയാകാതെ പോയത് ഒരു കുപ്പി മദ്യം മൂലം; ഏഴു വർഷം മുൻപത്തെ ആദ്യ കൂട്ടക്കൊലയിലെ സമാന സാഹചര്യങ്ങൾ തന്നെ കെറ്ററിംഗിലും; രണ്ടു കുടുംബങ്ങൾ ശിഥിലമായ സാമൂഹ്യ യാഥാർത്ഥ്യങ്ങൾ ബ്രിട്ടനെ സ്വപ്നം കാണുന്ന കേരളത്തിൽ നിന്നുള്ള കുടിയേറ്റക്കാരുടെ കണ്ണ് തുറപ്പിക്കുമോ?
ലണ്ടൻ: ഇതിപ്പോൾ പറഞ്ഞില്ലെങ്കിൽ എപ്പോൾ...? ഈ ചിന്തയോടെയാണ്് കെറ്ററിങ് കൂട്ടക്കൊലയുടെ പശ്ചാത്തലത്തിൽ ഈ ഫീച്ചർ തയ്യാറാക്കുന്നത്. ഡിസംബർ 15ന് ഉച്ചയോടെ കെറ്ററിംഗിൽ നിന്നും ഉച്ചയോടെ കൊലപാതക സൂചനയോടെ വാർത്ത എത്തുമ്പോൾ മുതൽ എന്തായിരിക്കും ജീവിതം തേടിയെത്തിയ ഒരു കുടുംബത്തെ ഇല്ലായ്മ ചെയ്യാൻ പ്രധാന കാരണമായത് എന്ന ചിന്തയാണ് ഓരോരുത്തരിലും നിറഞ്ഞത്. കൊലപാതകം താൻ തന്നെ ചെയ്തത് ആണെന്ന് പൊലീസ് കോടതിയിൽ ഹാജരാക്കിയ വേളയിൽ സാജു തന്നെ വെളിപ്പെടുത്തിയെങ്കിലും ഇക്കഴിഞ്ഞ തിങ്കളാഴ്ച കോടതി സാജുവിനെ 40 വർഷത്തേക്ക് ശിക്ഷിക്കും വരെ കെറ്ററിംഗിലെ പരിചയക്കാരായ മലയാളികൾക്ക് സാജുവിൽ എങ്ങനെ ഇത്രയും വലിയൊരു ക്രൂരത മറഞ്ഞിരുന്നുവെന്ന് ചിന്തിക്കാൻ എളുപ്പമായിരുന്നില്ല.
സാജു പുറം ലോകത്തിനു വെറുമൊരു പൊയ്മുഖം മാത്രമായിരുന്നു
കാരണം അവർ അറിയുന്ന സാജു സൗമ്യനും കുടുംബ സ്നേഹിയും വീട്ടുകാര്യങ്ങൾ നോക്കുന്ന ഗൃഹസ്ഥനും ആയിരുന്നു. പുറത്തു കൂട്ടുകാരുമായി വേഗത്തിൽ ഇണങ്ങിയിരുന്ന സാജു സൗഹൃദ സദസ്സുകളിലും അത്ര അപരിചിതൻ ആയിരുന്നില്ല. കെറ്ററിംഗിൽ എത്തി മാസങ്ങൾ കൊണ്ട് തന്നെ നിരവധി പേരുമായി സൗഹൃദം സ്ഥാപിക്കാനും സാജുവിന് കഴിഞ്ഞിരുന്നു. എന്നാൽ അതൊരു വെറും പൊയ്മുഖം ആയിരുന്നു എന്നും തികച്ചും പുറത്തു പറയാൻ കൊള്ളാത്ത വിധം വൈകൃതങ്ങൾ നിറഞ്ഞ വ്യക്തി കൂടി ആയിരുന്നു എന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയതായി പ്രോസിക്യൂഷൻ കോടതിയിൽ തെളിയിച്ചത്. ഈ കാര്യങ്ങൾ ഒന്നും നിഷേധിക്കാൻ സാജുവിന് കഴിയുമായിരുന്നില്ല. കാരണം കൃത്യമായ തെളിവുകൾ സഹിതമായിരുന്നു പ്രോസിക്യൂഷൻ നിലപാടുകൾ. അതിനാൽ തന്നെ കോടതിക്ക് പരമാവധി ശിക്ഷ ഉറപ്പുവരുത്തുവാനും വേഗത്തിൽ സാധിച്ചു.
ഇപ്പോൾ കേസ് ഡയറിയിൽ പറയുന്ന കാര്യങ്ങൾ അടക്കം പരിശോധിക്കുമ്പോൾ നീണ്ട കാലമായി മനസ്സിൽ കാത്തു സൂക്ഷിച്ച പകയും വൈരാഗ്യവും തന്നെയാണ് അഞ്ജുവിന്റെ മരണത്തിലേക്ക് നയിച്ചിരിക്കുന്നത്. ഭാര്യയിൽ ഉള്ള അവിശ്വാസം കുട്ടികളുടെ പൈതൃകത്തിലും കടന്നു കൂടിയോ എന്നത് സാജു കൃത്യമായി വെളിപ്പെടുത്തിയിട്ടില്ല. സ്വന്തം രക്തത്തിൽ പിറന്ന രണ്ടു പിഞ്ചു കുഞ്ഞുങ്ങളെ കൊന്നു കളയാൻ വേറെന്തു കാരണം എന്ന് തിരക്കിയ ഉദ്യോഗസ്ഥരോട് കുട്ടികളെ അത്ര ഇഷ്ടമായിരുന്നു എന്നും അമ്മ ഇല്ലാതാകുന്നതോടെ അവരെ വളർത്താൻ ഉള്ള പ്രയാസം ആലോചിച്ചുമാണ് ആ ക്രൂരതയിലേക്ക് നീങ്ങിയത് എന്നുമായിരുന്നു സാജുവിന്റെ വിശദീകരണം.
ഇതിനായി ഏറെ നാളുകൾ എടുത്ത് അഞ്ജു മുഖേനെ ഉറക്കത്തിനു സഹായിക്കുന്ന ഗുളികകൾ സാജു സംഘടിപ്പിച്ചിരുന്നു എന്നാണ് നിഗമനം. തനിക്ക് ഉറക്കമില്ലെന്ന നാട്യത്തിൽ അഞ്ജുവിൽ നിന്നും ഗുളികകൾ സംഘടിപ്പിക്കുകയും അവ കൃത്യ നിർവ്വഹണത്തിനായി സാജു സൂക്ഷിച്ചു വയ്ക്കുകയും ചെയ്തിരിക്കണം എന്ന് അനുമാനിക്കാൻ മാത്രമേ കഴിയൂ. മിക്സിയിൽ പാല് ചേർത്ത് അരച്ചെടുത്ത ഗുളികകളാണ് കുട്ടികൾ മയങ്ങാൻ സാജു ഉപയോഗിച്ചത്.
എങ്ങനെ ഈ ക്രൂരതയ്ക്ക് ധൈര്യം വന്നു, ഉത്തരമായി മുന്നിലേക്ക് വരുന്നത് ''ജാക് ഡാനിയൽ''
ഭാര്യയെയും മക്കളെയും മണിക്കൂറുകൾ നീണ്ടു നിന്ന ക്രൂരതയിലൂടെ കൊന്നൊടുക്കുവാൻ എങ്ങനെയാകും മുൻപ് ഒരിക്കലും ക്രിമിനൽ കേസിൽ ഉൾപ്പെട്ടില്ലാത്ത സാജു തയ്യാറായിരിക്കുക? അന്വേഷണ ഉദ്യോഗസ്ഥരെ ഏറെ കുഴപ്പിച്ച ചോദ്യം കൂടിയാണ്. ഇതിനായി സാജുവിന്റെ വ്യക്തി സ്വഭാവ സവിശേഷതകൾ അറിയാൻ ഏകദേശം 20 ലേറെ ''കോഫി മീറ്റിംഗുകളാണ്'' ഡിക്ടറ്റീവ് ഉദ്യോഗസ്ഥർ കുടുംബവുമായി പരിചയമുള്ള മലയാളികളുമായി നടത്തിയത്.
തണുത്തുറഞ്ഞ ഡിസംബറിലെ സായംസന്ധ്യ മുതൽ സാജു സേവിച്ചു തുടങ്ങിയ ജാക് ഡാനിയൽ എന്ന മദ്യകുപ്പിയാണ് ഇപ്പോൾ പല സംശയങ്ങൾക്കും ഉത്തരം നൽകുന്നത്. സംഭവ സ്ഥലത്തു നിന്നും പൊലീസ് ശേഖരിച്ച മദ്യകുപ്പിയിൽ പാതിയിലേറെയും സജു അകത്താക്കിയിരുന്നു. നല്ല രുചിയുള്ള ഭക്ഷണവും മദ്യവും സാജുവിന്റെ പ്രധാന വീക്നെസ് ആയിരുന്നു എന്ന് അടുപ്പമുള്ളവർ പൊലീസിനോടും വ്യക്തമാക്കിയിട്ടുണ്ട്. രുചിയുള്ള മീൻ തേടി നോർത്താംപ്ടൺ വരെ പോകുക സാജുവിന്റെ പതിവും ആയിരുന്നു.
മലയാളികൾക്കിടയിൽ ഏറെ പ്രചാരം ഉള്ള ജാക് ഡാനിയൽ എന്ന മദ്യം അമിത അളവിൽ ശരീരത്തിൽ എത്തിയാൽ തലച്ചോറിനെ മന്ദീഭവിപ്പിക്കാൻ ഏറെ കേമവും ആന്നെന്നാണ് ഇത് സംബന്ധിച്ച ഗവേഷണം പറയുന്നത്. പൊതുവെ സ്‌കോച്ച് വിസ്‌കികൾ വളരെ സാവധാനത്തിൽ ശരീരത്തിൽ പ്രവർത്തിക്കുന്നതിനാൽ ഉയർന്ന അളവിൽ ഉപയോഗിച്ചാലും വേഗത്തിൽ കുഴഞ്ഞു പോകും വിധം മദ്യപാനിയായ ഒരാൾ മാറുകയില്ല. എന്നാൽ ഉണർന്നിരിക്കുന്ന മദ്യപാനിയിൽ അമിതമായ ആത്മവിശ്വാസം നൽകാൻ വീര്യം കൂടിയ ഈ മദ്യത്തിന് കഴിയുകയും ചെയ്യും.
അഞ്ജുവിനെ കൊലപ്പെടുത്തിയ രാത്രി പത്തു മണി ആയപ്പോഴേക്കും സാജു സാമാന്യം നല്ല വിധം മദ്യത്തിന് അടിപ്പെട്ടിരിക്കാനാണ് സാധ്യത. ശേഷിച്ച മദ്യം കൂടി കുട്ടികളെ കൊലപ്പെടുത്താൻ വേണ്ടി വന്ന മണിക്കൂറുകളിൽ അയാൾ അകത്താക്കുകയും ചെയ്തിരിക്കണം. അതിനാൽ ആണ് സാജുവിനൊപ്പം ഈ കേസിൽ ജാക് ഡാനിയൽ കൂടി കുറ്റാരോപണം നേരിടേണ്ടി വരുന്നത്.
എന്നാൽ അമിതമായി മദ്യം അകത്തു ചെന്നതുകൊണ്ട് തന്നെയാണ് സാജുവിന്റെ പ്ലാൻ പൂർണമായി വിജയിക്കാതെ പോയതും ഇപ്പോൾ ശേഷ ജീവിതം ജയിലിൽ കഴിയേണ്ടിയും വരുന്നത്. മൂന്നു പേരെയും കൊന്ന ശേഷം സ്വയം ജീവനെടുക്കാൻ ഉണ്ടായിരുന്ന പ്ലാനും ഇതിനായി എഴുതി വച്ച കുറിപ്പും എല്ലാം ഇപ്പോൾ ഈ കേസിന്റെ രേഖകളുടെ ഭാഗമാണ്. എന്നാൽ അമിത മദ്യ സേവയിലൂടെ തലച്ചോർ പ്രവർത്തനം മന്ദീഭവിക്കുകയും സ്വയം ജീവനെടുക്കാനുള്ള പ്ലാനിലേക്ക് ശരീരവും മനസും ഒത്തിണങ്ങാൻ തയ്യാറാകാതിരുന്നതുമാണ് പൊലീസ് എത്തുമ്പോഴും കയ്യിൽ പിടിച്ച കത്തിയുമായി സാജു നിൽക്കാൻ കാരണം. രാത്രി പത്തു മണിക്ക് ഒരു കൊലപാതകം നടത്തിയ വ്യക്തി പിറ്റേന്ന് പുലർച്ചെ പത്തു മണിക്കും അതേ മാനസികാവസ്ഥയിൽ കാണപ്പെടുന്നത് അത്ര സാധാരണമായ കാര്യമല്ല. ഇതിനു സാജുവിന് ധൈര്യം നൽകിയതിൽ മദ്യത്തിന്റെ റോൾ എടുത്തുപറയാതിരിക്കാനുമാകില്ല.
ഏഴു വർഷം മുൻപും പക തന്നെ കാരണം അന്നും വാക്കേറ്റം പതിവായിരുന്നു
ലണ്ടനിലെ ചാഡ്വെൽ ഹീത്തിൽ ഏഴു വർഷം മുൻപ് തൃശൂർ സ്വദേശിയായ രതീഷ് ഭാര്യയെയും ടീനേജുകാരായ പെൺമക്കളെയും കൊലപ്പെടുത്തി സ്വയം ജീവൻ ഒടുക്കിയ കേസിലും ഗാർഹിക പീഡനം ആണ് പ്രതി സ്ഥാനത്തേക്ക് രതീഷിനെ കൊണ്ടെത്തിച്ചത്. കൗൺസിൽ ജീവനക്കാരി കൂടി ആയിരുന്നു ഷിഗി ഭർതൃ പീഡനം സംബന്ധിച്ചു പരാതി നൽകിയെങ്കിലും അതിൽ അന്വേഷണം എത്തും മുൻപ് തന്നെ ദുരന്തം സംഭവിക്കുക ആയിരുന്നു. ആ സംഭവത്തിലും രതീഷിന്റെ മദ്യപാന സ്വഭാവം ചർച്ച ചെയ്യപ്പെട്ടിരുന്നു.
നാട്ടിൽ പുതുതായി പണിയുന്ന വീടിന്റെ കാര്യങ്ങൾ തന്നോട് ആലോചിക്കാതെ ഭാര്യ ഒറ്റയ്ക്ക് തീരുമാനം എടുത്തതാണ് ആ സംഭവത്തിൽ രതീഷിനെ കൊലപാതകിയാക്കിയത്. എന്ത് കാര്യത്തിലും വഴക്ക് പതിവായതോടെ വിവാഹ മോചനത്തിലേക്ക് കാര്യങ്ങൾ നീങ്ങുന്നു എന്നതും രതീഷിനെ ക്രൂരതയ്ക്ക് പ്രേരിപ്പിച്ചു എന്നാണ് പിന്നീട് വ്യക്തമായത്. ആ സംഭവത്തിൽ അമ്മയെയും മക്കളെയും തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചു കൊന്ന രതീഷ് പിന്നീട് കുറ്റിക്കാടുകൾ നിറഞ്ഞ ഉൾപ്രദേശത്തു മരത്തിൽ തൂങ്ങി മരിക്കുക ആയിരുന്നു.
കവൻട്രിയിൽ നടന്ന സുഹൃത്തുക്കളുടെ കത്തിക്കുത്തിലും വില്ലൻ ആയതു മദ്യവും ചീട്ടുകളിയും
നാലു വർഷം മുൻപ് കത്തിക്കുത്തിൽ മരണത്തിന്റെ വക്കോളം എത്തിയ ശേഷം യുവാവ് അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചു വന്ന സംഭവത്തിലും മദ്യത്തിന് തന്നെയാണ് പ്രധാന റോൾ. ഒഴിവു ദിനാങ്ങളിൽ പതിവായി മദ്യ സേവയും ചീട്ടുകളിയും നടത്തിയിരുന്ന സുഹൃത്തുക്കളായ ചെറുപ്പക്കാർ പൊടുന്നനെ ഉണ്ടായ പ്രകോപനത്തിലാണ് കത്തിയെടുത്തു വീശിയത്. ഇരുവരെയും നന്നായി അറിയാവുന്ന മലയാളി സുഹൃത്തുക്കൾക്ക് അത്തരം ഒരു പ്രകോപനത്തിന്റെ സാധ്യത പോലും ഊഹിക്കാൻ കഴിയുമായിരുന്നില്ല. കാരണം അത്രയ്ക്കും അടുപ്പമുള്ള ഹൃദയ ബന്ധമായിരുന്നു രണ്ടു യുവാക്കൾക്കുമിടയിൽ. ഒടുവിൽ പൊലീസ് നടപടി ഒഴിവാക്കാനും ആ സൗഹൃദം തന്നെ കാരണമായി. മനപ്പൂർവ്വമുള്ള ആക്രമണം ആയിരുന്നില്ല എന്ന മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് ഒഴിവാക്കപ്പെടുക ആയിരുന്നു.
കഴിഞ്ഞ മാസം മലയാളി ലണ്ടനിൽ കൊല്ലപ്പെട്ട സംഭവത്തിലും മദ്യം വില്ലൻ ആയോ?
രാത്രി വൈകി ഉണ്ടായ കത്തിക്കുത്തിൽ പ്രകോപനമായത് എന്തെന്ന് പൊലീസ് കോടതിയിൽ വെളിപ്പെടുത്താൻ ഇരിക്കുന്നതേയുള്ളൂ. എന്നാൽ സംഭവ ശേഷം പ്രതിയെ അറിയുന്ന ഒന്നിലേറെ പേർ ബ്രിട്ടീഷ് മലയാളിക്ക് നൽകിയ വിവരണത്തിൽ അത്ര നല്ല കാര്യങ്ങളല്ല പങ്കുവയ്ക്കുന്നത്. കേസ് അന്വേഷണ ഘട്ടത്തിൽ ആയതിനാൽ അത്തരം വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനും കഴിയില്ല. കേസിന്റെ വിശദാംശങ്ങൾ പൊലീസ് കൊല്ലപ്പെട്ട യുവാവിന്റെ സഹോദരനോട് വെളിപ്പെടുത്തിയെങ്കിലും പ്രകോപന കാരണം അറിയിച്ചതായി ഇതുവരെ സൂചനയില്ല. പുലർച്ചെ ഒന്നരയോടെ നാല് പേർ ഇരുന്നു സംസാരിക്കുന്ന വേളയിൽ തികച്ചും പ്രകോപിതനായാണ് 25കാരനായ മലയാളി യുവാവ് 38 കാരനായ മലയാളി യുവാവിന്റെ ജീവൻ എടുത്തത്.
മലയാളികൾ ഉൾപ്പെടുന്ന കേസുകളിൽ മദ്യം നിർണായക റോളിൽ എന്ന് നിയമ സഹായികളും
അടുത്തിടെ എത്തിയ ചെറുപ്പക്കാർ പങ്കാളികൾ ആകുന്ന ഗാർഹിക പീഡനം അടക്കമുള്ള അനേകം കേസുകളിൽ മദ്യം പ്രധാന പ്രതിയായി മാറുക ആണെന്ന് അനേകം കേസുകളിൽ തർജ്ജമക്ക് എത്തിയിട്ടുള്ള അഭിഭാഷകൻ ഫെൽതാമ്മിലെ ജേക്കബ് എബ്രഹാം ചൂണ്ടിക്കാട്ടുന്നു. വില കുറഞ്ഞും എപ്പോൾ വേണമെങ്കിലും ലഭിക്കുന്ന മദ്യം, ഡിപെൻഡന്റ് വിസയിൽ എത്തി ജോലി കണ്ടെത്താനാകാതെ വിഷമിക്കുന്ന മികച്ച വിദ്യാഭ്യസ യോഗ്യതയുള്ള ചെറുപ്പക്കാരെ പോലും അസ്വസ്ഥരാക്കുകയാണ്. ഭാര്യ ആദ്യം യുകെയിൽ എത്തുകയും ചെറിയ സഹായങ്ങൾ സ്വീകരിച്ച പുരുഷന്മാരോട് വീണ്ടും നന്ദി സൂചകമായി സംസാരിക്കുന്നതു പോലും പിന്നീട് എത്തിച്ചേരുന്ന ഭർത്താവിനെ സംശയ രോഗിയാക്കി മാറ്റുന്ന സാഹചര്യമാണ്.
ജോലി കിട്ടാത്ത സമ്മർദ്ദത്തിൽ കെറ്ററിംഗിൽ തന്നെ കൂട്ടക്കൊലയ്ക്ക് ശേഷം പോലും ഒരു വീട്ടിൽ വഴക്കുണ്ടായി യുവാവിനെ നാട്ടിലേക്ക് പറഞ്ഞു വിടേണ്ട സാഹചര്യം ഉണ്ടായെന്നാണ് അസോസിയേഷൻ ഭാരവാഹിയും യുക്മ മിഡ്ലാൻഡ്സ് സെക്രട്ടറിയും ആയ സിബു ജോസഫ് വാഴപ്പള്ളിൽ ചൂണ്ടിക്കാട്ടുന്നത്. ഹ്യൂമൻ റിസോഴ്‌സിൽ ഉന്നത ബിരുദം നേടിയ യുവാവ് തന്നെ തന്റെ സാഹചര്യങ്ങൾ വെളിപ്പെടുത്തിയപ്പോൾ മറ്റൊരു ദുരന്തം ഉണ്ടാകരുത് എന്ന ചിന്തയിലാണ് ഇദ്ദേഹത്തോടു നാട്ടിലേക്ക് മടങ്ങാൻ നിർദ്ദേശിച്ചത് എന്നും സിബു കൂട്ടിച്ചേർക്കുന്നു. സാഹചര്യങ്ങൾ കൂടുതൽ വഷളാകാതിരിക്കാൻ മദ്യം ഉൾപ്പെടുന്ന ഒരു കൂട്ടായ്മ പോലും ഇതേ തുടർന്ന് കെറ്ററിംഗിൽ വേണ്ടെന്നു വച്ചതായും അദ്ദേഹം സൂചിപ്പിച്ചു.
മദ്യപാനത്തെ തുടർന്ന് പൊലീസിനെ വിളിക്കുകയും കേസിൽ അകപ്പെടുകയും ചെയ്യുക എന്നത് ഇപ്പോൾ ഷെയറിങ് അക്കൊമഡേഷൻ ചെയ്യുന്ന മലയാളികൾക്കിടയിൽ പതിവാണെന്നും നോർത്താംപ്ടണിൽ ഉള്ള ലോക കേരള സഭ അംഗം കൂടിയായ അഡ്വ. ദിലീപ് കുമാറും സാക്ഷ്യപ്പെടുത്തുന്നു. ചുരുങ്ങിയത് പത്തിലേറെ കേസുകൾ ഇത്തരത്തിൽ ഇപ്പോൾ അദ്ദേഹം കൈകാര്യം ചെയ്യുന്നുണ്ട്. നിയന്ത്രണം ഇല്ലാത്ത മദ്യപാനം അസോസിയേഷനുകൾ സംഘടിപ്പിക്കുന്ന പരിപാടികൾ അലങ്കോലമാക്കിയത് മിൽട്ടൺ കെയ്ൻസ്, വാറ്റ്ഫോഡ് എന്നിവിടങ്ങളിൽ നിന്നും കഴിഞ്ഞ വർഷങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. മദ്യം എങ്ങനെ ഉപയോഗിക്കാം എന്ന കാര്യത്തിൽ മലയാളി സമൂഹം ഇനിയും പാഠങ്ങൾ ഉൾക്കൊള്ളാൻ തയ്യാറായില്ലെങ്കിൽ ദുരന്തങ്ങളും തുടർക്കഥയാകും എന്നുറപ്പിക്കാം.