- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരോഗ്യപ്രവർത്തകർക്ക് സംഭവിച്ച ''തെറ്റുകളുടെ പ്രവാഹ''ത്തിൽ മകനെ നഷ്ടപ്പെട്ടു; തകർന്നടിഞ്ഞ ഹൃദയത്തിൽ ശക്തി ആവാഹിച്ചെടുത്ത് ഇറങ്ങിത്തിരിച്ചത് മറ്റൊരാൾക്ക് ആ ഗതി വരാതിരിക്കാൻ; രോഗികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ പോരാടുന്ന ഇന്ത്യൻ വംശജന്റെ കഥ
ലണ്ടൻ: ആരോഗ്യ പ്രവർത്തകർക്ക് സംഭവിച്ച ''തെറ്റുകളുടെ പ്രവാഹ''മാണ് തന്റെ മകന്റെ ജീവനെടുത്തതെന്നാണ് ജയ് പട്ടേൽ ഇപ്പോഴും കരുതുന്നത്. ലണ്ടനിലെ ഒരു ആശുപത്രിയിൽ ചികിത്സയിരിക്കെ അവിടത്തെ ജീവനക്കാർക്ക് സംഭവിച്ച പിഴവുകളായിരുന്നു 30 കാരനായ ബൽറാമിന്റെ ജീവിനെടുത്തത്. ഏറെ പ്രതീക്ഷകളോടെ വളർത്തി വലുതാക്കിയ മകൻ, ജീവിത സായാഹ്നത്തിൽ തന്നെ വിട്ട് പോയത് ആ പിതാവിന് സഹിക്കാവുന്നതിലും അധികമായിരുന്നു. തുടർന്ന് അദ്ദേഹം നടത്തിയ പോരാട്ടത്തിനൊടുവിൽ മകന്റെ മരണത്തെ കുറിച്ച് അന്വേഷണം നടത്തുമെന്ന് കഴിഞ്ഞമാസം കോറോണർ ഓഫീസ് പ്രഖ്യാപിച്ചിരുന്നു.
സമയമെത്തുന്നതിന് മുൻപ് തന്നെ ധാരാളം വേദനകൾ അനുഭവിച്ചായിരുന്നു മകൻ മരണമടഞ്ഞതെന്ന് ആ പിതാവ് പറയുന്നു. അതിന് പൂർണ്ണ ഉത്തരവാദിത്തം മകനെ ചികിത്സിച്ച ആശുപത്രിക്കും അവിടത്തെ ജീവനക്കാർക്കുമാണെന്നും അദ്ദേഹം പറയുന്നു. ഏതായാലും ഇനി അത്തരമൊരു ഗതി മറ്റൊരു രോഗിക്കും വരരുതെന്ന് നിശ്ചയിച്ച് ഉറപ്പിച്ചിരിക്കുകയാണ് ഈ ഇന്ത്യൻ വംശജൻ.
രോഗികളുടെ അവകാശങ്ങൾ സംരക്ഷിക്കാനായി പേഷ്യന്റ്സ് ലൈവ്സ് മാറ്റർ എന്നൊരു സംഘടനയാണ് അദ്ദേഹം രൂപീകരിച്ചിരിക്കുന്നത്. മകന്റെ മരണത്തിനു ശേഷം എന്താണ് സംഭവിച്ചതെന്ന് അറിയാൻ സർക്കാർ നടപടികൾ എടുത്തിട്ടുണ്ട് എന്ന് പറഞ്ഞ അദ്ദേഹം, പക്ഷീ സംഭവം നടക്കുന്ന സമയത്ത് രോഗികളുടെ സുരക്ഷ ഉറപ്പാക്കാൻ മതിയായ നടപടികൾ എടുത്തിരുന്നില്ലെന്നും പറഞ്ഞു.
എം പി മാർക്കിടയിൽ ലോബിയിങ് നടത്തി, രോഗികളുടെ പ്രശ്നങ്ങൾ കേൾക്കാൻ അവരെ നിർബന്ധിതരാക്കുകയും അതുവഴി ഒരു മാറ്റം കൊണ്ടുവരാനുമാണ് ജയ് പട്ടേൽ ശ്രമിക്കുന്നത്. നിങ്ങൾ ഒരു രോഗിയോ, രോഗിയുടെ രക്ഷകർത്താവോ, കുടുംബാംഗമോ, സുഹൃത്തോ ആണെങ്കിൽ നിങ്ങളുടെ അനുഭവങ്ങൾ അറിയുവാൻ താത്പര്യമുണ്ടെന്ന് അദ്ദേഹം പറയുന്നു. ജീവാപായമുണ്ടാക്കിയേക്കാവുന്ന ആറ് വെല്ലുവിളികളായിരുന്നു ജയ് പട്ടേലിന്റെ മകൻ നേരിട്ടിരുന്നത്.
ചികിത്സാ പദ്ധതികളിൽ രണ്ടാമത് ഒരു വിദഗ്ധന്റെ അഭിപ്രായം പെട്ടെന്നു തന്നെ, നേരിട്ട് ലഭ്യമാക്കുന്നതിനുള്ള ലളിതമായ നടപടിക്രമങ്ങളാണ് പേഷ്യന്റ്സ് ലൈവ്സ് മാറ്ററിലൂടെ ജയ് പട്ടേൽ ആവശ്യപ്പെടുന്നത്. ഈ പ്രക്രിയ നടക്കുന്നത് ഒരു സ്വതന്ത്ര ഏജൻസിയുടെ നിരീക്ഷണത്തിലായിരിക്കണം എന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
സെപ്സിസ് ബാധിച്ച് 2021-ൽ മരണമടഞ്ഞ മാർത്ത എന്ന 13 കാരിയുടെ അമ്മ ഇത്തരത്തിൽ രണ്ടാമത് ഒരു മെഡിക്കൽ നിർദ്ദേശം ലഭ്യമാക്കുന്നതിന് സ്വതന്ത്ര ഏജൻസി രൂപീകരിക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. മാർത്താസ് റൂൾ എന്ന് വിളിക്കുന്ന അതിന്റെ കുറേക്കൂടി വിപുലീകരിച്ച രൂപമാണ് ജയ് പട്ടേലിന്റെആവശ്യം. ഏതായാലും യു കെ സർക്കാരും, ഹെൽത്ത് സെക്രട്ടറിയും ഈ ആവശ്യത്തോട് അനുകൂലമായ സമീപനമാണ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്.
മറുനാടന് ഡെസ്ക്