- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രത്യേക സ്‌കിൽ ഒന്നുമില്ലാത്ത ഒരു ഇന്ത്യാക്കാരൻ അമേരിക്കയിൽ ജോലിക്ക് പോയാൽ ശമ്പളം കൂടുന്നത് 500 ശതമാനം; യു എ ഇയിൽ ആണെങ്കിൽ 300 ശതമാനവും; ഡോക്ടർമാർക്കും എഞ്ചിനീയർമാർക്കും വൻ വർദ്ധനവ്; ഈ റിപ്പോർട്ടിൽ പറയുന്നത്
ഏറ്റവും അവസാനം ഇറങ്ങിയ വേൾഡ് ഡെവെലപ്മെന്റ് റിപ്പോർട്ടിൽ പറയുന്നത് ഇന്ത്യാക്കാർ വിദേശങ്ങളിൽ ജോലിക്ക് പോയാൽ വരുമാനത്തിൽ ഉണ്ടാകുന്ന വർദ്ധനവ് ശരാശരി 120 ശതമാനമാണെന്നാണ്. ഇന്ത്യക്കകത്ത് അന്യ സംസ്ഥാനങ്ങളിലേക്ക് പോകുന്നവർക്ക് ലഭിക്കുക 40 ശതമാനം വർദ്ധനവ് മാത്രം. ഇക്കഴിഞ്ഞ ചൊവ്വാഴ്‌ച്ച പുറത്തിറങ്ങിയ റിപ്പോർട്ട് അനുസരിച്ച്, പ്രത്യേക സ്‌കിൽ ഒന്നുമില്ലാതെ അമേരിക്കയിലേക്ക് കുടിയേറുന്ന ഒരു ഇന്ത്യാക്കാരന്റെ വരുമാനത്തിൽ ഉണ്ടാകുന്ന വർദ്ധനവ് 500 ശതമാനമാണ്. തൊട്ടു പുറകിൽ 300 ശതമാനം വർദ്ധനവ് നൽകുന്ന യു എ ഇയുമുണ്ട്.
എന്നാൽ, ഉയർന്ന സ്‌കില്ലുകൽ ഉള്ള ഡൊക്ടർമാർ, എഞ്ചിനീയർമാർ, ഐ ടി വിദഗ്ദ്ധർ എന്നിവരുടെ കാര്യത്തിൽ വർദ്ധനവ് ഇതിന്റെ പതിന്മടങ്ങ് വരും. പ്രായം, കുടിയേറുന്ന ഇടം, ഭാഷാ നൈപുണ്യം എന്നിവയെ ആശ്രയിച്ചായിരിക്കും വർദ്ധനവ് ലഭിക്കുക. സ്‌കില്ലുകൾക്ക് പുറമെ പ്രായം, കുടിയേറുന്ന സ്ഥലം, ഭാഷാ നൈപുണ്യം എന്നിവയും വരുമാന വർദ്ധനവ് നിർണ്ണയിക്കുന്നതിൽ കാതലായ സ്വാധീനം ചെലുത്തുന്നു എന്ന് മൈഗ്രന്റ്സ്, റെഫ്യുജീസ്, സൊസൈറ്റീസ് എന്ന് പേരിട്ട ഈ റിപ്പോർട്ടിൽ പറയുന്നു.
കുടിയേറുന്ന സ്ഥലത്തെ ആവശ്യകതക്ക് അനുസരിച്ച് ഉയർന്ന തലത്തിലുള്ള സ്‌കില്ലുകൾ ഉള്ളവർക്ക് അവർക്ക് ഇപ്പോൾ ലഭിക്കുന്നതിന്റെ അനേകം മടങ്ങ് വരുമാനം ലഭിക്കും എന്ന് റിപ്പോർട്ടിൽ പറയുന്നു. ഇത് പലപ്പോഴും സ്വന്തം രാജ്യത്ത് ലഭിക്കുന്നതിനേക്കാൾ അവിശ്വസനീയമാം വിധം കൂടുതലും ആയിരിക്കും. രാജ്യത്തിനകത്തു തന്നെ കൂടുതൽ വരുമാനം ലഭിക്കുന്നിടത്തേക്ക് കുടിയേറുന്നതിനേക്കാൾ പ്രയോജനം വിദേശങ്ങളിൽ കുടിയേറുക വഴി ലഭിക്കും എന്നും ഈ റിപ്പോർട്ടിൽ പറയുന്നു.
നിലവിലെ സാമ്പത്തിക വളർച്ചയുടെ നിരക്ക് അടിസ്ഥാനമാക്കി, യാതൊരു സ്‌കില്ലും ഇല്ലാത്ത ഒരാൾക്ക് സ്വന്തം രാജ്യത്ത് സമ്പാദിക്കാൻ കഴിയുന്നതിന്റെ പതിന്മടങ്ങ് സാമ്പത്തിക വളർച്ചാ നിരക്ക് കൂടുതലുള്ള രാജ്യങ്ങളിൽ ചെന്നാൽ സമ്പാദിക്കാൻ കഴിയുമെന്നും ഇതിൽ പറയുന്നു. ലോകത്താകമാനമായി, വിവിധ രാജ്യങ്ങളിൽ നിന്നായി 184 ദശലക്ഷം കുടിയേറ്റക്കാരും 37 ദശലക്ഷം അഭയാർത്ഥികളും ഉണ്ടെന്നാണ് ഈ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.
കുടിയേറ്റക്കാരെ നാല് വിഭാഗമായിട്ടാണ് ഈ റിപ്പോർട്ടിൽ തരം തിരിച്ചിരിക്കുന്നത്. ആവശ്യമുള്ള സ്‌കില്ലുകൾ ഉള്ള അഭയാർത്ഥികൾ, ആവശ്യമുള്ള സ്‌കില്ലുകൾ ഉള്ള കുടിയേറ്റക്കാർ, യാതൊന്നുമില്ലാത്ത അഭയാർത്ഥികൾ, സ്‌കില്ലുകൾ ഇല്ലാത്ത കുടിയേറ്റക്കാർ എന്നിവയാണ് ഈ വിഭാഗങ്ങൾ. ലോകത്തിലെ കുടിയേറ്റ ഇടനാഴികളിൽ ഏറ്റവും തിരക്കേറിയവ ഇന്ത്യ- അമേരിക്ക,. ബംഗ്ലാദേശ്- ഇന്ത്യ, ഇന്ത്യ- ജി സി സി എന്നിവയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
മറുനാടന് ഡെസ്ക്