കണ്ണൂർ: കുടുംബത്തിന്റെ കാത്തിരിപ്പിനും കണ്ണീരിനും വിരമമിട്ടുകൊണ്ടു ഏറെക്കാലത്തെ അനിശ്ചിതത്വത്തിനൊടുവിൽ യു എ ഇ കോടതിയുടെ വിധിയോടെ കണ്ണൂർ സ്വദേശിയായ യുവാവിന് ജയിലിൽ നിന്നും മോചനമായി. കണ്ണൂർ നഗരത്തിനടുത്തെ കണ്ണാടിപറമ്പ് സ്വദേശിയായ യുവാവിന് പാപ്പിനിശേരിയിലെ സാമൂഹ്യപ്രവർത്തകന്റെ ഇടപെടലിലൂടെയാണ് പുതുജീവൻ കിട്ടിയത്.

ജോർദാൻ സ്വദേശിയായ തൊഴിൽ ഉടമ നൽകിയ പരാതിയിൽ കണ്ണാടിപറമ്പ് മാലോട്ട് സ്വദേശിയായ യുവാവിന് കീഴ്ക്കോടതി വിധിച്ച ജയിൽ ശിക്ഷയും ലക്ഷങ്ങളുടെ നഷ്ടപരിഹാരവും നാടുകടത്തൽ ശിക്ഷയും അപ്പീൽ കോടതി റദ്ദാക്കി യുവാവിനെ കുറ്റവിമുക്തനാക്കി. ദിനിൽ ദിനേശെന്ന യുവാവിനെയാണ് യു. എ. ഇ മേൽക്കോടതി കുറ്റക്കാരനല്ലെന്ന് കണ്ടു വെറുതെ വിട്ടത്.

ദുബായിൽ ഓട്ടോമൊബൈൽ കമ്പനിയിലെ ജീവനക്കാരനായ യുവാവിന്റെ മേലുദ്യോഗസ്ഥൻ നടത്തിയ വെട്ടിപ്പിൽ ദിനിൽ ദിനേശും കുറ്റക്കാരനാണെന്ന് ആരോപിച്ചു നൽകിയ കേസിലാണ് കീഴ്ക്കോടതി ശിക്ഷ വിധിച്ചത്. എന്നാൽ ഇതിനെതിരെ അപ്പീൽ കോടതിയിൽ നൽകിയ ഹരജിയിലാണ് വെറുതെ വിട്ടത്.

ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥൻ സ്ഥാപനത്തിൽ നിന്നും ജോലി രാജിവെച്ചു നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇയാൾ നടത്തിയ ക്രമക്കേട് അറിയാതെ ദിനിൽ ജോലിസംബന്ധമായ സംശയങ്ങൾക്ക് ഇയാളോട് ബന്ധപ്പെട്ടിരുന്നു. ഇതിനിടെയിൽ രാജിവെച്ചു പോയ മേലുദ്യോഗസ്ഥൻ കമ്പിനിയുടെ പാസ്‌വേഡ് ദിനിലിൽ നിന്നും കൈക്കലാക്കി. രണ്ടുപേരും ചേർന്നു ഇതു ദുരൂപയോഗം ചെയ്തുവെന്നാരോപിച്ചാണ് ജോർദാൻ സ്വദേശിയായ തൊഴിൽ ഉടമ കോടതിയെ സമീപിച്ചത്.

ഇതേ തുടർന്ന് ദിനിലിന് മൂന്ന് മാസം തടവും ഒന്നരലക്ഷം ദിർഹം( 33 ലക്ഷം ഇന്ത്യൻ രൂപ) നഷ്ടപരിഹാരം നൽകാനും ഇതിനു ശേഷം യു. എ. ഇയിൽ നിന്നും നാടുകടത്താനും ശിക്ഷിച്ചിരുന്നു. എന്നാൽ യുവാവിന്റെ നിരപരാധിത്വത്തെ കുറിച്ചു അറിഞ്ഞ അറബ് ലീഗൽ സർവീസസ് സി. ഇ. ഒയും കണ്ണൂർ സ്വദേശിയുമായ സലാം പാപ്പിനിശേരി വിഷയത്തിൽ ഇടപെടുകയും സൗജന്യ നിയമസഹായം നൽകി അപ്പീൽ സമർപ്പിക്കുകയുമായിരുന്നു.

പ്രതി ചേർക്കപ്പെട്ട യുവാവ് കുറ്റകൃത്യം ചെയ്തുവെന്നോ മെയിൽ ഐ.ഡി ദുരുപയോഗം ചെയ്തതിന് അപ്പീൽ കോടതിയിൽ മതിയായ തെളിവുകൾ ഹാജരാക്കാനോ വാദിഭാഗത്തിന് കഴിയാത്തതിനെ തുടർന്നാണ് നിരുപാധികം വെറുതെ വിട്ടത്. ഇയാളെ നാട്ടിലേക്ക് കൊാണ്ടു വരാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്. എംബസി വഴിയാണ് ഇതിനുള്ള ശ്രമങ്ങൾ നടത്തിവരുന്നത്.