തിരുവനന്തപുരം: ഉത്സവകാലങ്ങളിലും വേനലൊഴിവ് സമയത്തുമെല്ലാം പ്രവാസികളെ പിഴിഞ്ഞ് കൂടുതൽ ലാഭമുണ്ടാക്കുക എന്നത് വിമാനക്കമ്പനികളുടെ ഒരു പതിവായി മാറിയിരിക്കുകയാണ്. ഇതിന് ഏറ്റവുമധികം ഇരകളാകുന്ന ഗൾഫ് മലയാളികളിൽ നിന്നും നിരവധി പരാതികൾ ഇക്കാര്യത്തിൽ പലപ്പോഴായി ലഭിച്ചിട്ടുമുണ്ട്. പ്രവാസികളുടെ ഈ ദുരന്തത്തിന് ഒരു അറുതിവരുത്താൻ ഇപ്പോൾ കേരള സർക്കാർ മുൻകൈ എടുക്കുകയാണ്.

ഈ വിഷയത്തിൽ കാര്യക്ഷമമായ ഇടപെടൽ എങ്ങനെ നടത്താം എന്നതിനെ കുറിച്ച് ആലോചിക്കുവാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഒരു ഉന്നതതല സമ്മേളനം നടന്നതായി ഔദ്യോഗിക പത്രക്കുറിപ്പിൽ പറയുന്നു. ഗല്ഫ് രാജ്യങ്ങളിൽ നിന്നും ചെലവ് കുറഞ്ഞ ചാർട്ടർ വിമാനങ്ങൾ ലഭ്യമാക്കുന്നതിനുള്ള സധ്യതകൾ പരിശോധിക്കാൻ യോഗത്തിൽ തീരുമാനമായതായും പത്രക്കുറിപ്പിൽ പറയുന്നു.

ഇതുമായി ബന്ധപ്പെട്ട് വിവിധ എയർലൈൻസുകളുമായി സംസാരിക്കുവാനും യോഗത്തിൽ തീരുമാനമായി. മാത്രമല്ല, വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ചാർട്ടർ ഫ്ളൈറ്റുകൾ ഏകോപിപ്പിച്ച് നടത്താൻ അക്ഴിയുന്ന വിവിധ കമ്പനികളുമായും ചർച്ചകൾ നടത്തും. പ്രവാസികളുടെ, വിമാനക്കൂലി പ്രശ്നത്തിൽ ഇടപെടുമെന്ന് നേരത്തേ സർക്കാർ വ്യക്തമാക്കിയിരുന്നു. ഇക്കഴിഞ്ഞ ബജറ്റിൽ ഇതിനായി ഫണ്ട് നീക്കി വയ്ക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം, ചാർട്ടേർഡ് വിമാനങ്ങൾ, വാണിജ്യ വിമാനങ്ങളേക്കാൾ പൊതുവെ ചെലവേറിയവയാണ്. കോവിഡ് കാലത്ത് രോഗം പകരുമെന്ന് ഭയന്ന് ജക്കാർത്തയിലെ കോടീശ്വരനായ റിച്ചാർഡ് മുല്ജാതിയും ഭാര്യയും, ഒരു വിമാനത്തിലെ ടിക്കറ്റുകൾ മൊത്തം ബുക്ക് ചെയ്ത് അതിൽ ഒറ്റക്ക് സഞ്ചരിച്ചത് വാർത്തയായിരുന്നു. ഒരു വിമാനത്തിലെ മുഴുവൻ ടിക്കറ്റുകളും ബുക്ക് ചെയ്താലും വിമാനം ചാർട്ടർ ചെയ്യുന്നതിനെക്കാൾ കുറവ് ചെലവ് മാത്രമെ വരൂ എന്നായിരുന്നു അതിന് കാരണമായി അയാൾ പറഞ്ഞത്.

ഷിക്കാഗോ കൺവെൻഷനിൽ ഒപ്പിട്ട രാജ്യങ്ങളിൽ ഒന്നായ ഇന്ത്യയിലെക്ക് വിദേശ രാജ്യങ്ങളിൽ റെജിസ്റ്റർ ചെയ്ത വിമാനങ്ങൾക്ക് വരാൻ തടസ്സമൊന്നുമില്ല. എന്നാൽ 1937-ൽ എയർക്രാഫ്റ്റ് റൂൾ അനുസരിച്ച് അതിന് പ്രത്യേക അനുമതി വാങ്ങേണ്ടതുണ്ട്. സംസ്ഥാന സർക്കാരുകൾ ഉൾപ്പടെയുള്ള സർക്കാർ ഏജൻസികളാണ് ചാർട്ടർ ചെയ്യുന്നതെങ്കിൽ പോലും ഈ അനുമതി കൂടിയെ തീരൂ.

വിദേശത്തു നിന്നും എത്തുന്ന ചാർട്ടർ വിമാനങ്ങൾ ഇന്ത്യയിലെ ഒരു വിമാനത്താവളത്തിൽ നിന്നും മറ്റൊന്നിലെക്ക് യാത്രക്കാരെയോ ചരക്കുകളോ കൊണ്ടു പോകരുതെന്നതടക്കം നിരവധി വ്യവസ്ഥകളോടെയായിരിക്കും അനുമതി നൽകുക. ഒരിക്കൽ നൽകുന്ന അനുമതിയുടെ സാധുത 48 മണിക്കൂർ മാത്രമായിരിക്കും. വിമാനം വൈകുകയോ മറ്റോ ചെയ്ത് ഈ സമയ അളവ് കഴിഞ്ഞാൽ വീണ്ടും ആദ്യമെ അനുമതി എടുക്കണം.

അതേസമയം, ഒരു നിശ്ചിത കാലയളവിൽ (ഉദാഹരണത്തിന് ഒരു മാസത്തേക്ക്) തുടർച്ചയായി ചാർട്ടർ സർവീസുകൾ നടത്തണമെങ്കിൽ സാധുവായ എയർ ഓപ്പറേറ്റേഴ്സ് സർട്ടിഫിക്കറ്റുള്ള വിമാനക്കമ്പനികൾക്ക് മാത്രമെ അനുമതി നൽകുകയുള്ളു. വിമാനം ഏത് രാജ്യത്താണോ റെജിസ്റ്റർ ചെയ്തിരിക്കുനത് അവിടത്തെ റെഗുലേറ്ററി അഥോറിറ്റിയായിരിക്കും ഈ സർട്ടിഫിക്കറ്റ് നൽകുക.

കടമ്പകൾ ഏറെയുണ്ടെങ്കിലും കേരള സർക്കാരിന്റെ ഈ നടപടി പൊതുവെ പ്രവാസികൾക്കിടയിൽ സ്വാഗതം ചെയ്യപ്പെട്ടിരിക്കുകയാണ്. വലിയ കാലതാമസം കൂടാതെ കടമ്പകൾ കടന്ന് പദ്ധതി പ്രാവർത്തികമാകും എന്നു തന്നെയാണ് പ്രവസികൾ പ്രതീക്ഷിക്കുന്നതും . ഇത് നടപ്പിലായാൽ, വിമാനക്കമ്പനികളുടേ കൊള്ള അവസാനിക്കും എന്നുറപ്പാണ്.