- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലണ്ടനിൽ മലയാളി നഴ്സ് അഞ്ജുവിന്റെയും മക്കളുടെയും കൂട്ടക്കൊലയിൽ ഭർത്താവ് സാജു കുറ്റമേറ്റു; കോടതിയിൽ പ്രതി നിന്നത് ഭാവവ്യത്യാസമില്ലാതെ; പ്രോസിക്യൂഷൻ ശക്തമായ വാദവുമായെത്തിയപ്പോൾ പ്രതിഭാഗം അഭിഭാഷകർക്ക് തണുപ്പൻ നിലപാട്; ശിക്ഷാവിധി ജൂലൈ മൂന്നിന്
കവൻട്രി : ഭാര്യയെയും മക്കളെയും കൊന്ന കേസിൽ പ്രതിയായ കണ്ണൂർ സ്വദേശി കെറ്ററിംഗിലെ സാജു ചെലവേൽ കുറ്റമേറ്റു. ഇന്ന് ഉച്ചക്ക് നോർത്താംപ്ടൺ ക്രൗൺ കോടതിയിൽ നടന്ന നടപടികളിൽ ആണ് കാര്യമായ എതിർപ്പ് ഉയർത്താതെ സജു മൂന്നു കൊലപാതകങ്ങളും തന്റെ കൈകൊണ്ടു നടത്തിയതാണെന്ന് സമ്മതിച്ചത്. ഫോറൻസിക് തെളിവുകളും മറ്റുമായി ശക്തമായ പ്രതിരോധം ഉയർത്തി എത്തിയ പ്രോസിക്യൂഷന് മുന്നിൽ കാര്യമായ ഭാവഭേദം ഇല്ലാതെയാണ് പ്രതി കോടതി മുറിയിൽ നിന്നതും. യുകെ മലയാളി സമൂഹത്തെ ഞെട്ടിച്ച കൊലപാതക കേസിൽ മൂന്നു പേരുടെയും ജീവൻ അവരെ സംരക്ഷിക്കേണ്ട വ്യക്തി തന്നെ ഇല്ലാതാക്കി എന്നത് ഏറെ നാളുകളായി സമൂഹത്തെ വേട്ടയാടുന്ന അനുഭവമായി കൂടെയുണ്ടാകും എന്നാണ് ഇന്ന് കോടതി മുറിയിൽ നടന്ന രംഗങ്ങൾ വെളിപ്പെടുത്തിയത് .
കോടതിയിൽ എത്തും മുൻപ് പ്രതിഭാഗം അഭിഭാഷകർ തർജ്ജമയുടെ സഹായത്തോടെ സാജുവുമായി ദീർഘ സംഭാഷണം നടത്തിയിരുന്നു. കൊലപാതകത്തെ തുടർന്ന് അറസ്റ്റിൽ ആയ ഘട്ടത്തിൽ പോലും പൊലീസ് ചോദ്യം ചെയ്യലിൽ കാര്യമായ സഹായം തേടാതെയാണ് സാജു ചോദ്യങ്ങൾക്ക് മറുപടി നൽകിയിരുന്നത്. എന്നാൽ കോടതിയിൽ കുറ്റം ഏൽക്കുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങൾ എത്തിയപ്പോൾ തടസ വാദങ്ങൾ ഉന്നയിക്കാനുള്ള വിരളമായ സാദ്ധ്യതകൾ അഭിഭാഷകർ സാജുവിനെ ബോധ്യപ്പെടുത്തിയതായാണ് ലഭ്യമാകുന്ന സൂചന. കാര്യമായ എതിർപ്പ് ഉയർത്താതെ സാജു കുറ്റം ഏൽക്കുക ആയിരുന്നു. ഇതോടെ വിചാരണ നടപടി ഒഴിവാക്കി ശിക്ഷ വിധിക്കാനുള്ള കാര്യങ്ങളിലേക്ക് നീങ്ങുകയാണ് കോടതി .
ജൂലൈ മൂന്നിന് സാജുവിനുള്ള ശിക്ഷ വിധിക്കുവാനാണ് ഇന്ന് ക്രൗൺ കോടതി തീരുമാനിച്ചിരിക്കുന്നത്. നിയമ രംഗത്തുള്ളവർ നൽകുന്ന സൂചന അനുസരിച്ചു ശേഷ ജീവിതം ജയിലിനുള്ളിൽ ആകുവാനുള്ള സാധ്യതയാണ് നിലനിൽക്കുന്നത്. രണ്ടിൽ കൂടുതൽ കൊലപാതകവും അതിൽ രണ്ടു പേർ കുട്ടികളൂം ആയതിനാൽ പരമാവധി ശിക്ഷയിൽ കുറഞ്ഞ ഒന്നും ലഭിക്കാനുള്ള സാധ്യത നിലനിൽക്കുന്നുമില്ല. പ്രായത്തിൽ ഉണ്ടായിരുന്ന വലിയ വ്യത്യസം ഇരുവർക്കുമിടയിൽ സ്വരച്ചേർച്ചയില്ലായ്മയ്ക്ക് കാരണം ആയിരുന്നു എന്ന് പിന്നീട് കുടുംബത്തിന്റെ ഭാഗത്തു നിന്നും വെളിപ്പെടുത്തൽ എത്തിയിരുന്നു. അഞ്ജുവിനു കൊല്ലപ്പെടുമ്പോൾ 35 വയസ് തികഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് കോടതിയിൽ എത്തിയ സാജുവിനെ ഔദ്യോഗിക രേഖകളിൽ 52 കാരൻ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഇക്കഴഞ്ഞ ഡിസംബർ 15 നാണു കൂട്ടക്കൊലകൾ നടന്നത് .
ഡിസംബറിൽ സംഭവിച്ചത് :
ഒരു വർഷം മുൻപ് യുകെയിൽ എത്തിയ മലയാളി കുടുംബത്തെ തേടി അതി ദാരുണ ദുരന്തമാണ് എത്തിയത്. കണ്ണൂർ സ്വദേശികൾ ആയ കുടുംബത്തിലെ അമ്മയും കുഞ്ഞുങ്ങളും ആണ് ദാരുണമായ വിധത്തിൽ കൊലചെയ്യപ്പെട്ടത്. കുട്ടികളിൽ ഒരാളുടെ നില അത്യന്തം ഗുരുതരം ആയ വിധത്തിൽ പൊലീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും പിനീട് മരണം സംഭവിക്കുക ആയിരുന്നു .
രാവിലെ ഡ്യൂട്ടിക്ക് എത്തേണ്ട സമയത്തു നേഴ്‌സ് എത്താതിരുന്നതിനെ തുടർന്ന് ഹോസ്പിറ്റലിൽ നിന്നും വിളിച്ചപ്പോൾ ഫോൺ എടുക്കാതാവുക ആയിരുന്നു. ഇതോടെ നേരിട്ടെത്തി അന്വേഷിക്കുകയായിരുന്നു. ഇതിനിടയിൽ പൊലീസും സ്ഥലത്തെത്തിയിരുന്നു. കേറ്ററിങ് ജനറൽ ഹോസ്പിറ്റൽ വാർഡ് നേഴ്‌സ് ആയ യുവതിയായ അഞ്ജുവും മക്കളുമാണ് കൊല്ലപ്പെട്ടത് .
പൊടുന്നനെ ഉണ്ടായ പ്രകോപനമാണോ കൂട്ടക്കൊലയിലേക്കു നയിച്ചത് അതോ മറ്റെന്തെങ്കിലും കാരണം ഉണ്ടോ എന്നത് പൊലീസ് അന്വേഷണം പൂർത്തിയാകുന്ന ഘട്ടത്തിലും പൊതു സമൂഹം അറിയണമെന്നില്ല. ചോദ്യം ചെയ്യലിന്റെ തുടക്കത്തിൽ തന്നെ കൊലപാതകം താൻ ചെയ്തത് തന്നെയെന്ന് ഭർത്താവ് ആയ സാജു വെളിപ്പെടുത്തിയതോടെ പൊലീസ് മറ്റുള്ളവരിലേക്ക് അന്വേഷണം നീട്ടുന്നില്ല എന്ന് തീരുമാനിച്ച് അതിവേഗ കോടതി നടപടികളിലേക്ക് നീങ്ങിയത് .