ലണ്ടൻ: യു കെ മലയാളികൾക്ക് മറ്റൊരു അഭിമാന മുഹൂർത്തം കൂടി നൽകിക്കൊണ്ട് ഒരു മലയാളി വിദ്യാർത്ഥി പ്രശസ്തമായ കിങ്സ് കോളേജ് ലണ്ടന്റെ വിദ്യാർത്ഥി യൂണിയൻ നേതൃസ്ഥാനത്ത് എത്തിയിരിക്കുന്നു. കിങ്സ് കോളേജ് ലണ്ടനിൽ വിദ്യാർത്ഥി യൂണിയൻ പ്രസിഡണ്ടാകുന്ന ആദ്യ മലയാളിയാണ് സ്റ്റീവൻ സുരേഷ്. ദുബായിൽ പ്ലസ് ടു പഠനം കഴിഞ്ഞ് ഫിലോസഫി, പൊളിറ്റിക്സ് ആൻഡ് എക്കണോമിസ്‌ക് ബി എ കോഴ്സിൽ പഠനം തുടരുന്ന സ്റ്റീവൻ അടുത്ത വർഷത്തോടെ പഠനം അവസാനിപ്പിക്കും.

എറണാകുളം ജില്ലയിലെ ചെന്ദമംഗലം സ്വദേശി സുരേഷ കുറ്റിക്കാട്ടിന്റെയും ചെറായി സ്വദേശി സിമിയുടെയും മകനാന് സ്റ്റീവൻ. 150 ഓളം രാജ്യങ്ങളിൽ നിന്നുള്ള 45,000 വിദ്യാർത്ഥികൾ പഠിക്കുന്ന കോളേജിൽ നടന്ന തെരഞ്ഞെടുപ്പിൽ മികച്ച ഭൂരിപക്ഷത്തോടെയാണ് സ്റ്റീവൻ വിദ്യാർത്ഥി യൂണിയൻ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടത്. അഞ്ചുപേരായിരുന്നു മത്സര രംഗത്ത് ഉണ്ടായിരുന്നത്.

വിദ്യാർത്ഥി യൂണിയൻ പ്രസിഡണ്ട് എന്നത് ഒരു മുഴുവൻ സമയ ജോലിയാണ്. അടുത്ത ഒരു വർഷം പഠനം നടത്താതെ ഈ നിലയിലെ പ്രവർത്തനങ്ങളിൽ മുഴുകണം. 28.5 ലക്ഷം രൂപയാണ് ഒരു വർഷത്തേക്ക് പ്രതിഫലമായി ലഭിക്കുക. ഒരു വർഷം പ്രസിഡണ്ടായി ജോലി ചെയ്തതിനു ശേഷം തൊട്ടടുത്ത വർഷം മൂന്നാം വർഷ ക്ലാസിൽ ചേർന്ന് ബിരുദ പഠനം പൂർത്തിയാക്കാൻ സാധിക്കും.

കിങ്സ് കോളേജിലെ ഓരോ വിദ്യാർത്ഥിയും കിങ്സ് കോളേജ് ലണ്ടൻ സ്റ്റുഡന്റ്സ് യൂണിയൻ (കെ സി എൽ എസ് യു) വിൽ സ്വയമേവ അംഗമാകും. വിദ്യാർത്ഥികൾക്ക് വേണ്ടി വിദ്യാർത്ഥികൽ നടത്തുന്ന ഒരു സംവിധാനമാണിത്. അതിന്റെ പ്രസിഡണ്ട് എന്ന നിലയിൽ അടുത്ത ഒരു വർഷം സ്റ്റീവൻ അതിന്റെ പ്രധാന അംബാസിഡറും വക്താവും ആയിരിക്കും. കിങ്സ് കോളേജിലെ മുതിർന്ന അംഗങ്ങൾ, പ്രാദേശിക ഭരണ സ്ഥാപനങ്ങളിലെ ജീവനക്കാർ,ഉദ്യോഗസ്ഥർ, സ്ഥലത്തെ എം പി തുടങ്ങിയവർക്കൊപ്പം ചേർന്നാണ് വിദ്യാർത്ഥി യൂണിയൻ പ്രസിഡണ്ട് പ്രവർത്തിക്കേണ്ടത്.

വിദ്യാർത്ഥികളുടെ അവകാശങ്ങൾ കാത്തു സൂക്ഷിക്കുക, വിദ്യാർത്ഥികളുടെ ആവശ്യങ്ങളും പരാതികളും അധികാരികളിൽ എത്തിക്കുക. സ്റ്റുഡന്റ് ഓഫീസർ ടീമിനെ നയിക്കുക തുടങ്ങിയവയാണ് വിദ്യാർത്ഥി യൂണിയൻ നേതാവിന്റെ പ്രധാന ചുമതലകൾ.