ലണ്ടൻ: കഴിഞ്ഞ ഒൻപതു മാസമായി സ്റ്റുഡന്റ് വിസയിൽ കഴിയുകയായിരുന്ന അഹമ്മദാബാദ് സ്വദേശി ലണ്ടനിൽ മരിച്ച നിലയിൽ. കുഷ് പട്ടേലിന്റേത് ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ലണ്ടൻ ബ്രിഡ്ജിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം, മരണത്തിൽ കൂടുതൽ അന്വേഷണങ്ങൾ നടക്കുകയാണ്. സിസിടിവി ദൃശ്യങ്ങളുടെയും ഫോണിന്റെ അവസാനത്തെ ലൊക്കേഷന്റെയും അടിസ്ഥാനത്തിൽ നടത്തിയ പത്തു ദിവസത്തെ തിരച്ചിലിനൊടുവിലാണ് പട്ടേലിന്റെ മൃതദേഹം കണ്ടെത്തിയത്. ഡിഎൻഎ പരിശോധനയിലൂടെയാണ് പോസിറ്റീവ് ഐഡന്റിഫിക്കേഷൻ ലഭിച്ചത്.

ഏകദേശം ഒമ്പത് മാസം മുമ്പ് ഒരു സർവകലാശാലയിൽ ബിസിനസ് മാനേജ്‌മെന്റ് കോഴ്‌സ് പഠിക്കുന്നതിനായാണ് പട്ടേൽ ലണ്ടനിലേക്ക് എത്തിയത്. എന്നാൽ, സാമ്പത്തിക പ്രയാസങ്ങളടക്കം നിരവധി ബുദ്ധിമുട്ടുകളാണ് പട്ടേൽ നേരിട്ടത്. കോളേജ് ഫീസ് അടക്കുന്നതിൽ തടസ്സങ്ങൾ നേരിട്ടതിനാൽ സാമ്പത്തിക പ്രശ്നങ്ങളും ഉണ്ടായി. ഇന്ത്യയിൽ തിരിച്ചെത്തിയ പട്ടേലിന്റെ കുടുംബം വിദ്യാഭ്യാസ വായ്പയിലൂടെ പ്രശ്നങ്ങൾ തീർക്കാൻ ശ്രമിച്ചെങ്കിലും അതു ശരിയായില്ല.

കൂടാതെ, വർക്ക് പെർമിറ്റിന്റെ അഭാവവും പട്ടേലിന്റെ പഠനത്തെ ബാധിച്ചു. ഒരു കൺസൾട്ടന്റിനെ നിയമിക്കുന്നതിനും പണമിടപാടുകൾ നടത്തുന്നതിനും ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി അദ്ദേഹത്തിന്റെ കുടുംബം ശ്രമിച്ചും പ്രശ്നം പരിഹരിക്കുവാൻ സാധിച്ചില്ല. തുടർന്ന് വിസാ കാലാവധി അവസാനിക്കുകയും സാമ്പത്തിക തൊഴിൽ സമ്മർദ്ദങ്ങൾ വർധിക്കുകയും ചെയ്തതോടെയാണ് കുഷ് പട്ടേൽ മരണത്തിന്റെ വഴിയിലേക്ക് പോയതെന്നാണ് പൊലീസ് നിഗമനം.

സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സ്ഥിരമായി ഫോണിൽ സംസാരിച്ചിരുന്ന പട്ടേൽ അവസാനമായി ഫോൺ ചെയ്തത് ഓഗസ്റ്റ് 10ന് ഒരു സുഹൃത്തിനെയാണ്. ആ കോളിൽ ഓഗസ്റ്റ് 20ന് ഇന്ത്യയിലേക്കുള്ള മടക്ക ടിക്കറ്റ് താൻ ബുക്ക് ചെയ്തതായും പട്ടേൽ വെളിപ്പെടുത്തിയിരുന്നു. തുടർന്ന് യാതൊരു ബന്ധവും ഇല്ലാതാവുകയും വീട്ടിലും കാണാതായതോടെ ലണ്ടനിലെ സുഹൃത്തുക്കൾ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.