- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റും; യുകെയിലേക്ക് സ്റ്റുഡന്റ് വിസയിൽ എത്തുന്നതിന് മുമ്പേ താമസം മുൻകൂട്ടി ഒരുക്കണം; കൊച്ചിയിലേക്ക് ആഴ്ചയിൽ ഏഴു ദിവസവും ഡയറക്ട് വിമാനം തുടങ്ങാൻ ചർച്ചകൾ നടത്തും; നഴ്സുമാരുടെ റിക്രൂട്ട്മെന്റിന് സർക്കാർ നേതൃത്വം നൽകും: ലണ്ടനിലെ ലോക കേരള സഭയിൽ ഇന്നലെ സംഭവിച്ചത്
ലണ്ടൻ: യുകെ മലയാളികളുടെ ചിരകാല ആവശ്യങ്ങളിൽ പലതിനും പരിഹാരം നിർദ്ദേശിക്കുന്ന വിധത്തിൽ ലോക കേരള സഭയുടെ യൂറോപ്യൻ ചാപ്റ്ററിന് സമാപനം. മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം കൊടുത്ത യോഗത്തിൽ മലയാളികൾ ദീർഘകാലമായി ഉന്നയിക്കുന്ന പല കാര്യങ്ങൾക്കും പരിഹാര നിർദ്ദേശങ്ങൾ ഉണ്ടായി. ലണ്ടനിൽ നിന്നും കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ സർവ്വീസ് ആഴ്ചയിൽ ഏഴു ദിവസവുമാക്കുമെന്ന വാക്കാണ് അതിൽ പ്രധാനപ്പെട്ടത്. യുകെയിലേക്ക് സ്റ്റുഡന്റ് വിസയിൽ എത്തുന്ന മലയാളി വിദ്യാർത്ഥികൾക്കായുള്ള പദ്ധതികൾ അടക്കം നിരവധി മറ്റു വാഗ്ദാനങ്ങളും മുഖ്യമന്ത്രി നൽകി.
പ്രൗഢോജ്ജ്വലമായ സദസിനെ സാക്ഷിയാക്കിയാണ് കേരള ലോക സഭ യൂറോപ്പ് - യു കെ മേഖല സമ്മേളനം ഇന്നലെ രാവിലെ ഒൻപതരയ്ക്ക് ലണ്ടൻ സെന്റ് ജെയിസ് കോർട്ട് താജ് ഹോട്ടലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത്. വ്യവസായവകുപ്പ് മന്ത്രി പി രാജീവ് അധ്യക്ഷത വഹിച്ച യോഗത്തിൽ യൂറോപ്പിലെ ലോക കേരളാ സഭാ അംഗങ്ങളും, വ്യവസായ പ്രമുഖരും, ക്ഷണിക്കപ്പെട്ട വ്യക്തികളും ഉൾപ്പടെ 125 അംഗങ്ങളാണ് രാവിലെ നടന്ന സെഷനിൽ പങ്കെടുത്തത്. പ്രവാസികളുടെ ആവശ്യങ്ങളും, കേരള വികസനത്തിന് സഹായകരമായ നിരവധി നിർദ്ദേശങ്ങളുമാണ് യോഗത്തിൽ അവതരിപ്പിച്ചത്. യോഗത്തിന്റെ അവസാനം എല്ലാ നിർദ്ദേശങ്ങൾക്കും വ്യക്തമായ മറുപടിയാണ് മുഖ്യമന്ത്രി നൽകിയത്.
യുകെയിലെ മലയാളികളുടെ പൊതു ആവശ്യമായ കുറഞ്ഞ നിരക്കിലുള്ള ഫ്ലൈറ്റുകൾ എന്ന ആവശ്യം വിമാന കമ്പനികളുടെയും കേന്ദ്ര ഗവൺമെന്റിന്റെയും പരിഗണനയിൽ വരേണ്ട വിഷയമാണ്. ഈ വിഷയം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തും. നിലവിൽ ലണ്ടനിൽ നിന്ന് മൂന്നു ദിവസം കേരളത്തിലേക്ക് വിമാന സർവീസ് ഉണ്ട്. അത് ഏഴു ദിവസവും നടത്തണമെന്ന ആവശ്യം ബന്ധപ്പെട്ടവരുടെ മുന്നിൽ ശക്തമായി ഉന്നയിച്ചിട്ടുണ്ട്. അത് നടക്കാനുള്ള സാധ്യതയാണ് കാണുന്നത്, നടക്കുമെന്നു തന്നെയാണ് വിശ്വാസം എന്ന് മുഖ്യമന്ത്രി മറുപടി പ്രസംഗത്തിൽ സൂചിപ്പിച്ചു.
വിവിധ രാജ്യങ്ങളിൽ മലയാളം മിഷൻ വളരെ നല്ല പ്രവർത്തങ്ങൾ നടത്തുന്നതായി ആണ് അറിയുന്നത്. വ്യത്യസ്തങ്ങളായ ഫോറങ്ങൾ രൂപീകരിക്കുന്ന കാര്യം ഇവിടെ ആരോ സൂചിപ്പിച്ചിരുന്നു അത് സർക്കാർ മുൻകൈ എടുത്തു ചെയ്യേണ്ട കാര്യമല്ല. ഇരട്ട പൗരത്വത്തിന്റെ കാര്യത്തിലും ഓസിഐ കാർഡ് ഉള്ളവരുടെ കാര്യത്തിലും സംഥാന സർക്കാരിന് മാത്രമായി ചെയ്യാൻ കഴിയുന്ന കാര്യങ്ങളല്ല. ഓസിഐ കാർഡ് ഉള്ളവർക്ക് കേരളത്തിൽ നിക്ഷേപം നടത്താനുള്ള തടസങ്ങൾ എന്തെങ്കിലുമുണ്ടെങ്കിൽ അത് പരിഹരിക്കാനാവശ്യമായ സാങ്കേതിക വശങ്ങൾ ചർച്ച ചെയ്യാവുന്നതാണ്.
നവകേരള നിർമ്മാണത്തിൽ പ്രവാസികൾക്ക് നല്ല പങ്കു വഹിക്കാൻ കഴിയും. ആവശ്യമായ സന്ദർഭങ്ങളിലൊക്കെ സർക്കാരിന് ഇതു ലഭിച്ചിട്ടുമുണ്ട്. വിദേശത്തുള്ള മലയാളി സംഘടനകൾക്ക് നോർക്കാ രജിസ്ട്രേഷൻ നൽകണമെന്ന ആവശ്യം സജീവമായി പരിഗണിക്കും. പ്രവാസജീവിതം ആഗ്രഹിച്ചുവരുന്നവർ അല്ലെങ്കിൽ സ്റ്റുഡന്റ് വിസയിൽ യൂറോപ്പിലേക്ക് വരുന്നവർ സാധാരണഗതിയിൽ താമസൗകര്യവും മുൻകൂട്ടി ഉറപ്പാക്കിയാണ് ബന്ധപ്പെട്ട രാജ്യത്തു പ്രവേശിക്കേണ്ടത്. ഇതൊരു പ്രധാനപ്പെട്ട വിഷയമാണെങ്കിലും സംസ്ഥാന സർക്കാരിനോ നോർക്കയ്ക്കോ മറ്റു രാജ്യങ്ങളിലെ വിഷയങ്ങളിൽ ഇടപെടുന്നതിന് പരിധിയുണ്ട്. വിദേശത്തു പഠിക്കാൻ പോകുന്ന വിദ്യാർത്ഥികളുടെ രജിസ്ട്രേഷൻ നടത്താനുള്ള നടപടികൾ ഉണ്ടാകും.
കേന്ദ്ര വിദേശകാര്യ വകുപ്പിന്റെ അനുമതിയോടു കൂടി കേരളത്തിൽ നിന്നും യോഗ്യതയും പ്രാവീണ്യമുള്ള നഴ്‌സുമാർക്കും മറ്റു പാര മെഡിക്കൽ വിഭാഗങ്ങളിൽ നിന്നുള്ളവർക്കും യുകെയിലേക്കുള്ള കുടിയേറ്റം സുതാര്യമാക്കാൻ നോർക്കയും, യോർക്ഷയർ ഹെൽത്ത് കെയർ പാർട്ണർ ഷിപ്പും തമ്മിൽ വേദിയിൽ വച്ച് ധാരണാ പത്രത്തിൽ ഒപ്പു വച്ചു. അടുത്തമാസം കൊച്ചിയിൽ വച്ച് യുകെ എംപ്ലോയ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിക്കാനും തീരുമാനിച്ചു. ഈ ധാരണപ്രകാരം മൂവായിരത്തിലധികം നഴ്സുമാർ, ഡോക്ടർമാർ, മറ്റു പാരാ മെഡിക്കൽ വിഭാഗത്തിൽ നിന്നുള്ളവർ എന്നിവർക്ക് യുകെ യിലെത്താനുള്ള വഴി തെളിയുകയാണ്.
രണ്ടു സെഷനുകളായി ആണ് പ്രോഗ്രാമുകൾ നടന്നത്. വൈകുന്നേരം ഫെൽതാമിൽ നടന്ന പൊതുസമ്മേളനവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. കേളീരവം എന്ന പേരിൽ അരങ്ങേറിയ നയനാന്ദകരമായ കലാ സാംസ്കാരിക പരിപാടികളും യോഗത്തോട് അനുബന്ധിച്ചു നടന്നു. മന്ത്രിമാരായ വീണ ജോർജ്, വി ശിവൻകുട്ടി, വ്യവസായ പ്രമുഖരായ എംഎ യൂസഫലി, രവിപിള്ള, ആസാദ് മൂപ്പൻ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.
നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, ഡൽഹിയിലെ സർക്കാർ ഒ.എസ്.ഡി വേണു രാജാമണി, നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ എം. എ യൂസഫലി, ഡയറക്ടർമാരായ രവി പിള്ള, ആസാദ് മൂപ്പൻ, ഒ. വി മുസ്തഫ, സി.വി റപ്പായി, ജെ.കെ മേനോൻ, സിഇഒ. കെ. ഹരികൃഷ്ണൻ നമ്പൂതിരി, ജനറൽ മാനേജർ അജിത്ത് കോളശ്ശരി, സി എ ജോസഫ്, ഡോക്ടർ ബിജു പെരിങ്ങത്തറ എന്നിവർ യോഗത്തിൽ സംസാരിച്ചു.
ഇംഗ്ലണ്ടിന്റെയും ഇന്ത്യയുടേയും ദേശീയഗാനം ആലപിച്ചാണ് യോഗം തുടങ്ങിയതും അവസാനിച്ചതും പ്രോഗ്രാം ചീഫ് കോർഡിനേറ്റർ എസ് ശ്രീകുമാറിന്റെ സ്വാഗതപ്രസംഗത്തോടെ കാര്യപരിപാടികൾ ആരംഭിച്ചു. അടുത്ത രണ്ടു മേഖല സമ്മേളനങ്ങൾ അമേരിക്കയിലും സൗദിയിലും നടക്കും. മേഖല സമ്മേളനങ്ങളുടെ ചെലവ് വഹിക്കുന്നത് സർക്കാരല്ല എന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അതാതു സ്ഥലങ്ങളിലെ മലയാളികളാണ് റീജിയണൽ മീറ്റിങ്ങുകളുടെ ചെലവ് വഹിക്കുന്നത്. നാടിന്റെ കാര്യത്തിൽ താല്പര്യമുള്ളവരാണ് പ്രവാസികൾ.
ഒട്ടനവധി മലയാളി വിദഗ്ദ്ധർ ലോകമെമ്പാകെയുണ്ട്. അവരെയൊക്കെ കേരള വികസനത്തിന് ഉപയോഗിക്കുക എന്നതും ഈ സമ്മേളനത്തിന്റെ ലക്ഷ്യമാണ്. നാടിന്റെ വികസനം എങ്ങിനെ വേണം എന്നഭിപ്രായം പറയാനുള്ള വേദി ആണ് ലോക കേരള സഭ. ലോക കേരള സഭയിലുണ്ടാവുന്ന അഭിപ്രായങ്ങൾ സർക്കാർ ഗൗരവമായി എടുത്തു നടപ്പാക്കും.
വിദേശത്തു താമസിക്കുന്ന മലയാളികളുടെ പ്രശ്നങ്ങൾ ഓരോ രാജ്യത്തും വ്യത്യസ്തമാണെങ്കിലും അവരുടെ പ്രശ്നങ്ങൾ അതെ രീതിയിൽ തന്നെ നോർക്ക വഴി കാര്യങ്ങൾ പരിഹരിക്കാൻ ശ്രമിക്കും. പൊതുവെ മികവാർന്ന പ്രവർത്തനം കാഴ്ച വെയ്ക്കുന്നവരാണ് മലയാളികൾ എന്ന് ഏതു രാജ്യത്തു ചെന്നാലും നല്ല അഭിയായമാണ് ലഭിക്കുന്നത്. പ്രത്യേകിച്ച് ആരോഗ്യരംഗത്തും ഐ ടി രംഗത്തും പ്രവർത്തിക്കുന്നവർ വിദേശത്തേക്ക് വരുന്നവർ വഞ്ചിക്കപ്പെടുന്ന അവസ്ഥ പൊതുവെ കാണുന്നുണ്ട്. ഇതിനു ഫലപ്രദമായ കുടിയേറ്റ നിയമം ഉണ്ടാവേണ്ടതുണ്ട്. ഇതു കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്.
വിദേശത്തു പോകുന്നവർക്ക് ഭാഷ പരിജ്ഞാനം കൊടുക്കുന്ന കാര്യവും ആലോചിക്കും. ഫിൻലണ്ടിലും നോർവേയിലും നല്ല സ്വീകരണമാണ് കേരള സർക്കാർ പ്രധിനിധികൾക്കു ലഭിച്ചത്. നാട്ടിലുള്ളവരെയെല്ലാം വിദേശത്തേക്ക് അയക്കുക എന്നുള്ളതല്ല സർക്കാർ നയം. നമ്മുടെ നാട്ടിൽ തന്നെ തൊഴിൽ സാഹചര്യം വർധിപ്പിക്കേണ്ടതുണ്ട്. നമ്മുടെ ലക്ഷ്യം വികസിത രാഷ്ട്രങ്ങളിലെ ജീവിത നിലവാരം കേരളത്തിൽ 25 വർഷത്തിനുള്ളിൽ കൊണ്ടുവരിക എന്നതാണ്. പൊതുവിദ്യാഭ്യാസ മേഖല തകർന്നുപോകും എന്ന് പലരും പ്രചരിപ്പിച്ചു. പക്ഷെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഒരു ഹബ് ആയി കേരളം താമസിയാതെ മാറും. വിദേശത്തുനിന്നു കുട്ടികൾ പഠിക്കാൻ കേരളത്തിലേക്ക് വരുന്ന സാഹചര്യം ഉണ്ടാവും. ഇതൊരു ദിവാസ്വപ്നമല്ല.
മസാല ബോണ്ട് ഒപ്പിട്ടത് 50,000 കോടി രൂപയുടെ പശ്ചാത്തല വികസനമായിരുന്നു ലക്ഷ്യം. പക്ഷെ ഇപ്പോൾ അത് 67,000 ആയി മാറിയിരിക്കുന്നു. ദീർഘമായ പ്രസംഗമാണ് മുഖ്യമന്ത്രി യോഗത്തിൽ നടത്തിയത്.