- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
450 രൂപ മുടക്കി എടുത്ത ഓൺലൈൻ ലോട്ടറി ടിക്കറ്റ് ബ്രിട്ടനിലെ മലയാളി സ്റ്റുഡന്റിന് നൽകിയത് ഒന്നര കോടിയുടെ കാറും പതിനെട്ട് ലക്ഷം രൂപയും; കാർ വേണ്ടെന്ന് വച്ച് കാശാക്കി നാട്ടിലേക്ക് അയച്ച് വീണ്ടും കാറുവാങ്ങാൻ വിനോദ് കുമാർ
ലണ്ടൻ: ''അടിച്ചൂ മോളേ....'' എന്നാർത്ത് വിലച്ച് ബോധം കെടാനൊന്നും വിനോദ് കുമാർ എമ്മാദി എന്ന വിദ്യർത്ഥി തയ്യാറായില്ല. 5 പൗണ്ട് മുടക്കിയെടുത്ത ഒരു ഓൺലൈൻ ലോട്ടറി പ്രതീക്ഷിക്കാത്ത ഭാഗ്യങ്ങൾകൊണ്ടു വന്നപ്പോഴും തികഞ്ഞ സമചിത്തതയോടെ അതിനെ സമീപിക്കുകയാണ് ഈ വിദ്യാർത്ഥി. സ്വന്തം സ്വർണ്ണാഭരണങ്ങൾ വിറ്റാണ് അമ്മ ഈ 27 കാരനെ ഉപരിപഠനത്തിനായി യു കെയിലേക്ക് അയച്ചത്. ആ കഷ്ടപ്പാടുകൾക്കിടയിലാണ് ഇപ്പോൾ സൗഭാഗ്യം കൈവരുന്നത്.
5 പൗണ്ടിന്റെ ലോട്ടറിയിൽ സമ്മാനമായി വിനോദ് കുമാറിന് ലഭിച്ചത് 1,80,000 പൗണ്ട് ( 16662396 രൂപ) വിലയുള്ള മേഴ്സിഡസ് കാറും പിന്നെ 20,000 പൗണ്ട് (18 ലക്ഷം രൂപ)യുമാണ്. അർദ്ധരാത്രിക്ക് കുടപിടിച്ചിറങ്ങുകയില്ല എന്ന വിനോദിന്റെ സ്വഭാവമാണ് ഈ യുവാവിനെ ലോട്ടറികളടിക്കുന്ന മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാക്കുന്നത്. മുന്തിയ ഇനം കാർ കൈയിൽ വരുമ്പോൾ അതിൽ കയറി ചെത്തി നടക്കണം എന്ന ചിന്തയൊന്നും ഇയാൾക്കില്ല. അപ്പോഴും അയാളുടെ ചിന്തയിൽ ഉള്ളത് നാട്ടിൽ തനിക്കായി കഷ്ടപ്പെടുന്ന മാതാപിതാക്കൾ മാത്രമാണ്.
വാറന്റ് ക്രസന്റിൽ താമസിക്കുന്ന ഹാറ്റ്ഫീൽഡിലെ വിദ്യാർത്ഥിയായ വിനോദ് പക്ഷെ കാർ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നില്ല. അതിനു പകരമായി അതിന്റെ വില പണമായി വാങ്ങുവാനാണ് അയാൾ ആഗ്രഹിക്കുന്നത്. അതുപയോഗിച്ച് നാട്ടിൽ അച്ഛനും അമ്മയ്ക്കും നല്ലൊരു വീട് പണിത് നൽകണം. അതുപോലെ അമ്മയുടെ വിറ്റുപോയ ആഭരണങ്ങൾക്ക് പകരം ആഭരണങ്ങൾ വാങ്ങി നൽകണം. അതുപോലെ, നാട്ടിൽ അച്ഛനും അമ്മയ്ക്കും സഞ്ചരിക്കാൻ ഒരു കാറും വാങ്ങണം. ഇതാണ് വിനോദ് കുമാറിന്റെ ആഗ്രഹം.
മത്സരം സംഘടിപ്പിച്ച ബി ഒ ടി ബി യുറെ പ്രതിനിധി ക്രിസ്ത്യൻ വില്യംസ്, താനാണ് ഡ്രീം കാർ മത്സരത്തിലെ വിജയി എന്നറിയിച്ചപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ല എന്നാണ് വിനോദ് കുമാർ പറയുന്നത്. തന്റെ ഹൃദയമിടിപ്പ് കൂടിയെന്നും ഇത്തരത്തിലൊരു വിജയം താൻ പ്രതീക്ഷിച്ചിരുന്നതല്ല എന്ന് ക്രിസ്ത്യനോട് പറയുകയും ചെയ്തു എന്ന് വിനോദ് കുമാർ പറയുന്നു.
പഠനത്തിനൊപ്പം അതിന്റെ ചെലവുകൾ കണ്ടെത്താൻ ഡെലിവറി ഡ്രൈവർ ആയും കിച്ചൻ പോർട്ടറായും ജോലി നോക്കുന്ന വിനോദ് പറയുന്നത് താൻ വളരെ പാവപ്പെട്ട കുടുംബത്തിൽ നിന്നാണ് വരുന്നത് എന്നാണ്. തന്റെ മാതാപിതാക്കൾ വളരെ പഴയ ഒരു വീട്ടിലാണ് താമസിക്കുന്നത് എന്ന് പറഞ്ഞ വിനോദിന് അവർക്ക് നല്ലൊരു വീടുണ്ടാക്കുക എന്നതാണ് ഇപ്പോഴത്തെ സ്വപ്നം. അതോടൊപ്പം തനിക്കായി ഏറെ കഷ്ടപ്പെടുന്ന മാതാപിതാക്കൾക്ക് കുറച്ച് പണം അയച്ചു കൊടുക്കുകയും വേണം. അയാൾ പറഞ്ഞു നിർത്തുന്നു.
മറുനാടന് ഡെസ്ക്