ലണ്ടൻ: രണ്ടു വർഷത്തിലേറെയായി വെവ്വേറെ പ്രവർത്തന വഴികളിൽ നീങ്ങുന്ന കൈരളി യുകെ, സമീക്ഷ എന്നീ ഇടതുപക്ഷ അനുഭാവ സംഘടനകൾ വാർഷിക സമ്മേളനങ്ങളുമായി നേർക്ക് നേർ. യുകെയിലെ പാർട്ടി കേന്ദ്രങ്ങളുടെ പിൻബലവുമായി കൈരളി യുകെയും കേരളത്തിലെ സംഘടനാ നേതൃത്വത്തിന്റെ കൈത്താങ്ങുമായി സമീക്ഷയും ബലാബലം കാട്ടുമ്പോൾ ഇരുവർക്കും സമ്മേളനം അഭിമാന വിഷയവുമാണ്.

കഴിഞ്ഞ വർഷം സിപിഎം യുകെ സംഘടനാ നേതൃത്വത്തിനു ചുക്കാൻ പിടിക്കുന്ന ഹാർസീവ് ബെയ്ൻസിന്റെ നേതൃത്വത്തിൽ നടന്ന അനുരഞ്ജന ചർച്ചകളുടെ ഭാഗമായി യുകെയിലെ എല്ലാ ഇടതുപക്ഷ പ്രസ്ഥാനങ്ങളും ചേർന്ന് ഒന്നായി പ്രവർത്തിക്കണമെന്ന് തീരുമാനിക്കുകയും സമീക്ഷ യുകെയുടെ പ്രവർത്തനം അവസാനിപ്പിക്കുകയാണ് എന്ന് പരസ്യ പ്രസ്താവന വന്നതുമാണ്. ഇതേതുടർന്ന് കൈരളി യുകെ എല്ലാ പട്ടണങ്ങളിലും തങ്ങൾക്ക് അഭിമതരായവരെ ചേർത്ത് യൂണിറ്റുകൾ പ്രഖ്യാപിച്ചതോടെ സമീക്ഷ പൂർവാധികം ശക്തമായി രംഗത്ത് വരുകയായിരുന്നു.

ഇതോടെ ഇരുകൂട്ടർക്കും ഒപ്പം നിൽക്കാൻ ആളെ കിട്ടാനും പ്രയാസം ഇല്ലാതായി. പുതുതായി എത്തിച്ചേരുന്ന ചെറുപ്പക്കാരിൽ മുൻ കാലങ്ങളെ അപേക്ഷിച്ചു കൂടുതൽ ഇടതു ചിന്താഗതിക്കാർ വന്നു തുടങ്ങിയത് ഇരു കൂട്ടർക്കും നേട്ടമായി. മുൻ കാലങ്ങളിൽ എത്തിച്ചേർന്ന യുകെ മലയാളികളിൽ കൂടുതൽ പങ്കാളിത്തം വലതു പക്ഷ ചിന്താഗതിക്കാർ ആയിരുന്നെങ്കിലും കേരളത്തിൽ യുവജനങ്ങൾക്കിടയിൽ ഇടതു പ്രസ്ഥാനങ്ങൾ നേടിയ മേൽക്കൈ യുകെയിൽ എത്തുന്നവരിലും ദൃശ്യമാണ്.

വിദ്യാർത്ഥികൾക്കും ചെറുപ്പക്കാർക്കും ആവശ്യമായ മാർഗ്ഗനിർദേശ ക്യാമ്പുകൾ അടക്കം കൈരളി യുകെയുടെ പ്രവർത്തനത്തിൽ ഇടം പിടിക്കുന്നത് ഇങ്ങനെയാണ്. നഴ്‌സുമാരെ ലക്ഷ്യമിട്ട് മികച്ച നഴ്‌സിനെ തേടിയുള്ള കൈരളി യുകെയുടെ അവാർഡിന് അപേക്ഷകൾ വിളിച്ചത് കഴിഞ്ഞ ദിവസമാണ്. കഴിഞ്ഞ വർഷം കേരള മുഖ്യമന്ത്രി യുകെയിൽ എത്തിയപ്പോൾ ലോക് കേരള സഭ സമ്മേളനത്തിൽ പോലും ചെറുപ്പക്കാരെയും വിദ്യാർത്ഥി വിസക്കാരെയും എത്തിച്ചത് കൈരളി യുകെയുടെ മേൽനോട്ടത്തിലാണ്.

യുകെയിലും എസ് എഫ് ഐ സാധ്യമാക്കുകയാണ് എന്ന മട്ടിൽ മന്ത്രി ശിവൻകുട്ടി ഫേസ്‌ബുക്കിൽ ഫോട്ടോ പോസ്റ്റ് ചെയ്തതും ലോക് കേരള സഭയിൽ കണ്ടുമുട്ടിയ ചെറുപ്പക്കാരെ ചേർത്ത് പിടിച്ചാണ്. ഇതേ വേദിയിൽ സമീക്ഷ യുകെയുടെ ഗ്ലോസ്റ്ററിൽ ഉള്ള പ്രധാന പ്രവർത്തകനെ കൈരളി യുകെയുടെ സംഘം അപമാനിക്കും മട്ടിൽ പെരുമാറി എന്ന പേരുദോഷം പാർട്ടി കേന്ദ്രങ്ങൾ ചർച്ചയാക്കിയതും പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടിയിൽ ആർക്കാണ് മൂപ്പിളമ എന്ന തർക്കത്തിന്റെ ചുവട് പിടിച്ചാണ്. രണ്ടു കൂട്ടരും തങ്ങളാണ് പാർട്ടിക്ക് പ്രിയപ്പെട്ടവർ എന്നവകാശപ്പെടുമ്പോൾ മുൻ കാലങ്ങളിൽ ഗ്രൂപ്പ് തിരിഞ്ഞു പ്രവർത്തിച്ച കോൺഗ്രസിന്റെ അനുഭവമാണ് വിമർശകർക്ക് ചൂണ്ടിക്കാട്ടാനുള്ളത്.

എന്നാൽ സമീക്ഷ യുകെ കൂടുതൽ ശ്രദ്ധ നൽകുന്നത് ജീവകാരുണ്യ പ്രവർത്തനങ്ങളിലാണ്. കേരളത്തിലെ ഡിവൈഎഫ്ഐ മോഡലിൽ കെയർ ആൻഡ് ഷെയർ പദ്ധതി യുകെയിലും നടപ്പാക്കാൻ ഫുഡ് ബാങ്കുകൾക്ക് വേണ്ടി ഭക്ഷണം സമാഹരികുന്നത് അടുത്തിടെയായി സമീക്ഷയുടെ പ്രധാന പ്രവർത്തനമാണ്. ചെറുപ്പക്കാരെ നോട്ടമിട്ടു യുകെയിൽ പലയിടത്തും റീജിയൻ, ദേശീയ ബാഡ്മിന്റൺ മത്സരങ്ങൾ സംഘടിപ്പിച്ചതും ആളുകളെ ചേർത്ത് നിർത്തുക എന്ന ലക്ഷ്യത്തിൽ തന്നെയാണ്. ഇത്തരത്തിൽ ഇരു വിഭാഗവും വീറോടെ മുന്നോട്ട് പോകാൻ തീരുമാനിച്ചതോടെ ബ്രാഞ്ച് സമ്മേളങ്ങൾ നടത്തി വാർഷിക സമ്മേളനത്തിൽ കടക്കാൻ തീരുമാനമായപ്പോൾ കേരളത്തിൽ നിന്നും തികച്ചും അപ്രതീക്ഷിതമായി ഇരു വിഭാഗത്തിനും പച്ചക്കൊടി കാട്ടുന്ന സമീപനമാണ് ഉണ്ടായിരിക്കുന്നത്.

സിപിഎം പ്രവർത്തന രീതിയിൽ ഇത് തികച്ചും അസ്വാഭാവികം ആണെങ്കിലും ഭരണ തണലിൽ ആരെയും പിണക്കണ്ട എന്ന നയത്തിലേക്കു പാർട്ടിയും കൂടു മാറുകയാണ് എന്ന് കൂടിയാണ് യുകെയിൽ നിന്നും കൈരളിയും സമീക്ഷയും തെളിയിക്കുന്നത്. ഒരു സംഘടനാ തനിയെ ഇല്ലാതായിക്കോളും എന്ന മറുവിഭാഗത്തിന്റെ ചിന്തയ്ക്ക് കടുത്ത ക്ഷതമാണ് ചേരി തിരിഞ്ഞ സമ്മേളനങ്ങളിൽ പാർട്ടിയുടെ തലപ്പത്ത് ഉള്ളവരുടെ തന്നെ സാന്നിധ്യം തെളിയിക്കുന്നതും. അടുത്ത മാസം 13നു ലണ്ടൻ ഹീത്രോവിൽ കൈരളി യുകെയുടെ സമ്മേളനം ഉദ്ഘാടനത്തിന് എത്തുന്നത് യുവജന നേതാവും രാജ്യസഭാ എംപിയുമായ എ എ റഹീമാണ്.

കേരളത്തിലേത് പോലെ റോഡ് നിറഞ്ഞുള്ള പ്രകടനമൊഴികെ മറ്റെല്ലാം ചേർത്താണ് ഇരു സംഘടനകളും സമ്മേളനത്തിന് ഒരുങ്ങുന്നത്. കൈരളിക്കു മറുപടിയായി പീറ്റർബറോയിലാണ് സമീക്ഷക്കാർ സമ്മേളനം നടത്തുന്നത്. അതിൽ സാക്ഷാൽ പാർട്ടി സെക്രട്ടറി ഗോവിന്ദൻ മാസ്റ്റർ തന്നെ പങ്കെടുക്കുമ്പോൾ മൂപ്പിളമ ആർക്കെന്ന ചോദ്യത്തിൽ കാര്യമായ സംശയം അവശേഷിക്കുന്നുമില്ല. സമീക്ഷയുടെ സമ്മേനത്തിൽ സംവിധായകൻ ആഷിക് അബു കൂടി എത്തുന്നതോടെ എതിർ വിഭാഗവും സിനിമ പ്രവർത്തകരെ പങ്കെടുപ്പിക്കാൻ ഉള്ള വാശി അണിയറയിൽ പൂർത്തിയാക്കിയിട്ടുണ്ട്. എന്നാൽ ആരാണ് എത്തുന്നത് എന്ന് പുറത്തു വിട്ടിട്ടില്ല.

ഇപ്പോൾ സമ്മേളന വിശേഷങ്ങൾ ആവേശം നിറയ്ക്കാൻ പോസ്റ്ററുകളായി സോഷ്യൽ മീഡിയയിൽ എത്തുമ്പോൾ രൂക്ഷമായ വിമർശനവും പൊതുയിടങ്ങളിൽ ഉയരുകയാണ്. ബ്രിട്ടീഷ് മലയാളി കമ്മ്യുണിറ്റി ഗ്രൂപ് എന്ന പ്ലാറ്റഫോമിൽ വെൽകം റ്റു യുകെ റഹീമിക്കാ എന്ന പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. കൈരളി യുകെയുടെ പോര്ടസ്മൗത്ത് ആൻഡ് സൗത്താംപ്ടൺ യൂണിറ്റാണ് ഈ പോസ്റ്റർ തയ്യാറാക്കിയിരിക്കുന്നത്. യുണൈറ്റഡ് കേരള യുണൈറ്റഡ് കിങ്ഡം എന്ന പേജിൽ നിന്നുമാണ് കേരളത്തിലെ പാർട്ടിക്കാരും സർക്കാരും നല്ലതായിരുന്നെങ്കിൽ മലയാളി ചെറുപ്പക്കാർക്ക് നാട് വിടേണ്ടി വരുമായിരുന്നോ എന്ന ചോദ്യമാണ് വിമർശക പക്ഷത്തു നിന്നും പ്രധാനമായി ഉയരുന്നത്.

രാഷ്ട്രീയക്കാരെയും പാർട്ടിക്കാരെയും പേടിച്ചു നാട് വിട്ട മലയാളികളെ തേടി അതേ ഭയചിന്തകൾ പിന്നാലെ വീണ്ടും വീണ്ടും എത്തുകയാണോ എന്ന ആക്ഷേപവും ഇത്തരം പോസ്റ്റുകൾക്ക് ചുവടെ കമന്റുകളായി നിറയുകയാണ്. കൈരളിക്കാരുടെ റഹിമിന് സ്വാഗതമോതിയുള്ള പോസ്റ്ററിന് താഴെ ആക്ഷേപം നിറഞ്ഞ കമന്റുകളും ധാരാളം എത്തുന്നുണ്ട്. ബ്രിട്ടനിലെ പൊതു മലയാളി സമൂഹത്തിനു കേരളത്തിലെ അതേ രാഷ്ട്രീയ കാഴ്ചപ്പാടുകൾ ഇന്നാട്ടിലും പറിച്ചു നടുന്നതിനോടുള്ള വിയോജിപ്പ് കൂടിയാണ് ഈ കമന്റുകളിൽ ദൃശ്യമാകുന്നതും.