ലണ്ടൻ: കഴിഞ്ഞ വർഷം ബ്രിട്ടനിൽ അരഡസൻ മലയാളി വിദ്യാർത്ഥി വിസക്കാർ എങ്കിലും ഫോൺ സെക്സിറ്റിങ് നടത്തിയതിന്റെ പേരിൽ കെണിയിലായ തുടർ സംഭവങ്ങൾക്ക് ഒരു ഇടക്കാല അവധിക്ക് ശേഷം മറ്റൊരു മലയാളി കൂടി ഇതേ കെണിയിൽ വീണിരിക്കുന്നു. യുകെയിൽ കുട്ടിപീഡകരെ വേട്ടയാടാൻ തുനിഞ്ഞിറങ്ങിയിരിക്കുന്ന വളണ്ടിയർ ഗ്രൂപ്പിന്റെ ഒളികാമറ ഓപ്പറേഷനിലാണ് മലയാളി യുവാക്കൾ തുടർച്ചയായി കുടുങ്ങുന്നത്. കുട്ടികളായി അഭിനയിക്കുന്നവർ നടത്തുന്ന ചാറ്റ് മെസേജുകളിൽ മനപ്പൂർവം ലൈംഗിക ചുവയോടെ സംസാരിച്ചും സ്വകാര്യ ദൃശ്യങ്ങൾ പകർത്തി അയക്കാൻ ആവശ്യപ്പെട്ട് തെളിവുകൾ ശേഖരിച്ചുമാണ് ഇത്തരം ഗ്രൂപ്പുകൾ പീഡക മനസുള്ളവരെ തപ്പി എത്തുന്നത് മിക്കവാറും സംഭവങ്ങളിൽ ഇരയായി എത്തുന്ന പീഡക സംഘം തനിക്ക് 14 വയസു ആണെന്നാകും വെളിപ്പെടുത്തുക.

ഒരു കൗമാരക്കാരിയെ കയ്യിൽ കിട്ടിയ സന്തോഷത്തോടെ മെസേജുകൾ അയച്ചു മുൻകൂട്ടി നിശ്ചയിച്ച സ്ഥലത്തു കാണാമെന്ന് ഉറപ്പിക്കുന്ന യുവാക്കൾ കൃത്യമായി ചെന്നെത്തുക കാത്തുനിൽക്കുന്ന ഒളി കാമറ സംഘത്തിന്റെ മുന്നിലേക്ക് ആകും. തുടക്കം മുതൽ ദൃശ്യങ്ങൾ വീഡിയോ ചിത്രീകരണം നടത്തുന്ന സംഘം ഇതിനിടയിൽ ആവശ്യമായ തെളിവുകൾ പ്രതിയാക്കപ്പെടുന്ന ആളിൽ നിന്നും മൊഴികളായി ചോദിച്ചു വാങ്ങിയിരിക്കും. ഇതിനു ശേഷമാകും പൊലീസ് എത്തുന്നത്.

എന്നാൽ ഇത്തരം സ്റ്റിങ് ഓപ്പറേഷനുകളിൽ യഥാർത്ഥത്തിൽ കുട്ടികൾ പീഡിപ്പിക്കപ്പെടുന്നില്ല എന്ന് ചൂണ്ടിക്കാട്ടി ക്രിമിനൽ വക്കീലന്മാർ വളരെ കുറഞ്ഞ ശിക്ഷയോടെ പ്രതികളെ രക്ഷിച്ചെടുക്കാറുണ്ട്. ഇത്തരം കേസുകൾ നിയമത്തിൽ കൂടുതൽ കൃത്യതയോടെ വിലയിരുത്തണമെന്നു പാർലിമെന്റിൽ പോലും ആവശ്യം ഉയർന്നിട്ടുണ്ട്. മുൻ കാലങ്ങളിൽ കനത്ത ശിക്ഷ ലഭിച്ചിരുന്ന ഇത്തരം കേസുകളിൽ ഇപ്പോൾ കുറഞ്ഞ ശിക്ഷയാണ് മിക്ക കോടതികളും നൽകുന്നത് എന്നിരിക്കേ കൂടുതൽ ശക്തമായ നിയമ തർക്കത്തിലേക്കും ഇത്തരം കേസുകൾ എത്തിപെടുകയാണ് എന്ന് വ്യക്തം.

മുൻ കാലങ്ങളിൽ വിദ്യാർത്ഥി വിസക്കാരായ യുവക്കളാണ് ഒളികാമറ സംഘത്തിന്റെ കെണിയിൽ അകപ്പെട്ടിരുന്നതെങ്കിൽ ഇത്തവണ സോമർസെറ്റിലെ ടോണ്ടനിൽ ഉള്ള യുവാവാണ് അകപ്പെട്ടത്. ഇയാളുടെ പേരും വിവരങ്ങളും ലഭ്യമാണെങ്കിലും ഭാര്യയുടെയും കുടുംബത്തിന്റെയും സ്വകാര്യത മുൻനിർത്തി പ്രസിദ്ധീകരിക്കുന്നതിൽ നിന്നും ഒഴിവാക്കുകയാണ്. ഇക്കഴിഞ്ഞ 13നു ഒളികാമറ സംഘത്തിന്റെ കെണിയിൽ വീണ യുവാവ് 22 മിനിട്ടോളം സ്ത്രീകൾ മാത്രം ഉൾപ്പെടുന്ന ഗ്രൂപ്പിന്റെ ചോദ്യം ചെയ്യലിന് വിധേയമായ ശേഷമാണ് പൊലീസ് പിടിയിൽ ആകുന്നതും അറസ്റ്റിലാകുന്നതും. ഇയാളെ പൊലീസ് പിന്നീട് കസ്റ്റഡിയിൽ സൂക്ഷിക്കുക ആയിരുന്നു. ഇയാൾക്ക് വേണ്ടി നിയമ സഹായം ആവശ്യപ്പെട്ട് ഒന്നിലേറെ മലയാളി അഭിഭാഷകരെ ബന്ധപ്പെടുകയും ചെയ്തിരുന്നു. യുകെയിൽ എത്തി അധികമായിട്ടില്ലാത്ത യുവാവ് എൻഎച്ച്എസിൽ നഴ്‌സായ യുവതിയുടെ ഭർത്താവാണ്.

ഇയാൾ മുൻപും പ്രശ്നത്തിൽ അകപ്പെട്ട വ്യക്തിയാണ് എന്ന് ടോണ്ടനിലെ മലയാളികൾ സൂചിപ്പിക്കുന്നു. മുൻപ് നഴ്സിങ് ഹോമിൽ ജോലി ചെയ്യവേ മറ്റൊരു പ്രശ്നത്തിന്റെ പേരിൽ പിടിക്കപ്പെടുകയും ജോലി നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട് എന്നാണ് പറയപ്പെടുന്നത്. ഇപ്പോഴും ഇയാൾ നഴ്സിങ് ഏജൻസിയിൽ തന്നെയാണ് ജോലി ചെയ്യുന്നതും കെണിയിൽ കുടുങ്ങിയ യുവാവ് ഏറെനേരം കുടുക്കാൻ എത്തിയ സ്ത്രീകളുമായി തർക്കിക്കുന്നത് ഇവർ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ ദൃശ്യമാണ്. തന്റെ ഫോൺ ആരോ ഹാക്ക് ചെയ്തു ശബ്ദാനുകരണം നടത്തിയതാകാം എന്നൊക്കെ ഇയാൾ തർക്കിക്കുന്നുണ്ട്. എന്നാൽ വാഹനം ഓടിക്കുമ്പോൾ പോലും ശബ്ദ സന്ദേശം അയച്ചത് തങ്ങൾക്ക് ലഭിച്ചതായാണ് സ്റ്റിങ് ഓപ്പറേഷൻ നടത്തിയ യുകെ ഡാറ്റാബേസ് എന്ന സംഘത്തിലെ സ്ത്രീകൾ ്വ്യക്തമാക്കുന്നത്. ഇവർ റെക്കോർഡ് ചെയ്ത വിഡിയോ ഇതിനകം അരലക്ഷം ആളുകൾ കണ്ടുകഴിഞ്ഞു.

സ്വന്തം ലോകം സൃഷ്ടിക്കുന്നവർ, കുടുങ്ങാനും സ്വയം വഴി കണ്ടെത്തുന്നവർ

യുകെയിൽ എത്തുന്ന മിക്ക ഇന്ത്യൻ വിദ്യാർത്ഥികളും ജോലിക്ക് വരുന്ന ചെറുപ്പക്കാരും ആശ്രിത വിസക്കാരും ഒക്കെ തങ്ങളുടെ ലോകം തീർത്ത് അതിൽ സന്തോഷം കണ്ടെത്തുന്നവരുമാണ്. ഏതാനും വർഷം മുൻപ് വരെ എത്തിക്കൊണ്ടിരുന്ന വിദ്യാർത്ഥികളും ചെറുപ്പക്കാരും യുകെയിലെ മുതിർന്ന ഇന്ത്യൻ വംശജരോട് തീർത്തും ഇടപഴകിയിരുന്നതിനാൽ ഇത്തരത്തിൽ കേസുകളിൽ കുടുങ്ങുന്ന സാഹചര്യവും ഒഴിവാക്കപ്പെട്ടിരുന്നു.

ഇപ്പോൾ കേസുകളുടെ എണ്ണം കൂടിയതോടെ വിദ്യാർത്ഥികൾ ആണെന്നറിഞ്ഞാൽ മുതിർന്നവരും ഒഴിവാക്കുകയാണ്. എല്ലാ വിദ്യാർത്ഥികളും പുതു തലമുറക്കാരും പ്രശ്‌നക്കാരാണ് എന്ന ഒരു മുൻവിധിയും അടുത്തിടെയായി സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്. കേസിൽ അകപ്പെടുന്നവരെ ജാമ്യത്തിൽ എടുക്കാൻ പോലും ആരെയും ലഭിക്കുന്നില്ലെന്നും അടുത്തിടെ രജിസ്റ്റർ ചെയ്യപ്പെട്ട പല കേസുകളിലും കേൾക്കാനിടയതും. ഡൊമസ്റ്റിക് വയലൻസിൽ അകപ്പെടുന്ന ചെറുപ്പക്കാരുടെ എണ്ണവും ഓരോ ദിവസവും കൂടി വരുകയാണ് എന്നതും ചേർത്ത് വായിക്കേണ്ടതാണ്.