ലണ്ടൻ: പത്തു ദിവസം മാത്രം അകലെയാണ് യുകെയിലെ പ്രാദേശിക തിരഞ്ഞെടുപ്പ്. രാജ്യമൊട്ടാകെ ലേബർ തരംഗം അലയടിക്കുന്ന സാഹചര്യത്തിൽ അനേകം കൗണ്സിലുകളിലേക്ക് നടക്കുന്ന പ്രാദേശിക തിരഞ്ഞെടുപ്പിന് നിർണായക പ്രാധാന്യവുമുണ്ട്. രാജ്യത്തെ ഭരണകക്ഷിയായ ടോറികൾക്ക് എതിരെ ജനകീയ പ്രതിഷേധം ആഞ്ഞടിക്കുന്ന സമയത്തെത്തിയ തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടി എല്ലായിടത്തും മുന്നേറാനുള്ള സാധ്യതയും ശക്തമാണ്. ഈ സാഹചര്യത്തിൽ എങ്ങനെയെങ്കിലും കുറച്ചു സീറ്റുകൾ പിടിച്ചെടുക്കുക എന്നതാണ് കൗൺസിലുകളിൽ പ്രതിപക്ഷ സ്ഥാനമുള്ള സ്ഥലങ്ങളിൽ കൺസർവേറ്റീവുകൾ നടത്തുന്ന നീക്കം. ഇതിന്റെ ഭാഗമായി യുകെയിൽ ഒട്ടേറെ കൗൺസിലുകളിൽ മലയാളികൾ കൺസർവേറ്റീവ് സ്ഥാനാർത്ഥി പട്ടികയിൽ ഭാഗ്യ പരീക്ഷണം നടത്തുന്നുമുണ്ട്.

എന്നാൽ ഇതിൽ നിന്നൊക്കെ വ്യത്യസ്തമാണ് മാഞ്ചസ്റ്ററിന് അടുത്ത ട്രാഫോർഡ് സിറ്റി കൗൺസിലിൽ കാര്യങ്ങൾ. വടക്കൻ ഇംഗ്ലണ്ടിലെ ടോറികളുടെ കച്ചിത്തുരുമ്പായ സ്ഥലമായിരുന്നു ട്രാഫോർഡ് അടുത്ത കാലം വരെ. തുടർച്ചയായി 14 വർഷമാണ് ഇവിടെ ടോറികൾ ഭരിച്ചത്, ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പ് വരെ. എന്നാൽ നാലു കൊല്ലം മുൻപ് നടന്ന തിരഞ്ഞെടുപ്പിൽ കാര്യങ്ങൾ അട്ടിമറിക്കപ്പെട്ടു.

ലേബർ പാർട്ടിയും ഗ്രീൻ പാർട്ടിയും ലിബറൽ ഡെമോക്രറ്റുകളും ഒക്കെ ചേർന്ന മുന്നേറ്റത്തിൽ ടോറികൾ നിലം പരിശായി. ഇപ്പോൾ 41 സീറ്റിൽ അവകാശികൾ ഉള്ള ലേബർ പാർട്ടി ഭരണം നടത്തുന്ന സമയത്ത് എത്തുന്ന തിരഞ്ഞെടുപ്പിൽ കാര്യമായ പ്രതീക്ഷകൾ ഇല്ലാതെയാണ് കൺസർവേറ്റീവുകൾ മറ്റൊരു പരീക്ഷണത്തിന് ഇറങ്ങുന്നത്. ആകെയുള്ള 63 സീറ്റുകളിൽ മുന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ ഭരിക്കുന്ന ലേബറുകൾ ഇത്തവണയും കൂടുതൽ ആത്മവിശ്വാസത്തോടെയാണ് തിരഞ്ഞെടുപ്പിനെ സമീപിക്കുന്നത്.

പക്ഷേ കൈവിട്ട കൗൺസിൽ എങ്ങനെ തിരിച്ചു പിടിക്കാം എന്ന ടോറികളുടെ ചിന്ത ഒടുവിൽ ചെന്ന് നിന്നിരിക്കുന്നത് മലയാളി സമൂഹത്തിലാണ്. യുകെയിൽ ഏതൊരു ടൗണിലും ഇപ്പോൾ ആയിരത്തിനടുത്ത എണ്ണത്തിൽ മലയാളികൾ എത്തിയതോടെ എല്ലാ രാഷ്ട്രീയ പാർട്ടികളും മലയാളി സമൂഹത്തിൽ കണ്ണ് വയ്ക്കുന്നുണ്ട്. രാഷ്ട്രീയത്തിൽ താൽപര്യമുള്ള പ്രാദേശിക സമൂഹം ആണെന്ന് ബോധ്യമായതോടെ ഭാവിയിൽ പ്രദേശിക കൗണ്സിലുകളിൽ മലയാളികൾക്ക് കൂടുതൽ പ്രാധാന്യം ഉണ്ടാകുമെന്ന മാറ്റത്തിന്റെ കാറ്റ് ആദ്യം വീശുക ട്രാഫോഡിൽ നിന്നും ആയിരിക്കുമെന്ന് തെളിയിക്കുന്നതാണ് ഇത്തവണത്തെ സ്ഥാനാർത്ഥി പട്ടിക.

മാറ്റത്തിനു സമയമായി, ട്രാഫോഡിൽ തുടങ്ങാം

മാറ്റത്തിനു സമയമായി എന്ന ആമുഖത്തോടെയാണ് കൺസർവേറ്റീവ് പട്ടികയിൽ ഇടം പിടിച്ച മലയാളി സ്ഥാനാർത്ഥികൾ മലയാളി സമൂഹത്തിൽ വോട്ടു പിടിക്കാൻ ഇറങ്ങുന്നത്. പ്രദേശത്തെ ലേബർ ഭരണമാണ് പോസ്റ്റർ പ്രചാരണ വാക്യം ഉദ്ദേശിക്കുന്നത് എങ്കിലും യുകെയിലെ മലയാളി സമൂഹത്തിന് ഒന്നാകെ ഏറ്റെടുക്കാൻ പറ്റുന്ന പ്രചാരണ മുദ്രാവാക്യം തന്നെയാണത്. ഇതുവരെ മലയാളി അസോസിയേഷനിൽ ഗുസ്തി നടത്തി കാലം കഴിച്ച, സംഘടനാ പാടവം തെളിയിച്ച ഒട്ടേറെ മലയാളി മുഖങ്ങൾക്ക് പ്രാദേശിക രാഷ്ട്രീയം നൽകുന്നത് മികച്ച അവസരം കൂടിയാണ് എന്ന് മുൻപും തെളിയിക്കപ്പെട്ടിട്ടുണ്ട്.

ഉംസ്റ്റാൻ സീറ്റിൽ മത്സരിക്കുന്ന ലിജോ ജോൺ, ലോസ്റ്റോക് ആൻഡ് ബാർട്ടണിൽ ഇറങ്ങുന്ന ഷോണി തോമസ്, അഞ്ചു സ്റ്റാനി, സ്ട്രാറ്റ്ഫോഡ് ആൻഡ് ഹംഫ്രി വാർഡിലെ സ്റ്റാനി ഇമ്മാനുവൽ, ജെറിൻ തോമസ്, കോർസ്ഹിൽ ആൻഡ് ക്രൊൻസ്ബർഗിലെ സ്റ്റാൻലി ജോൺ, ഷാജി സെബാസ്റ്റ്യൻ, ലോങ്‌ഫോർഡ് സീറ്റിലെ ലിംന ലിജോ, സന്ധ്യ പോൾ, ഓൾഡ് ട്രാഫോർഡ് വാർഡിലെ ചാക്കോ ലുക്ക് എന്നിവരാണ് ടോറി സ്ഥാനാർത്ഥി നിരയിലെ മലയാളി മുഖങ്ങൾ. യുകെയിൽ ഇതാദ്യമായാണ് ഇത്രയധികം മലയാളികൾക്ക് ഒരു കൗൺസിലിൽ ഒന്നിച്ചു മത്സരിക്കാൻ അവസരം ലഭിക്കുന്നത്.

മലയാളി കൂട്ടായ്മ ഒന്നിച്ചു നിന്നാൽ അത്ഭുതം കാട്ടാനാകും, തെളിവുകൾ മുന്നിലുണ്ട്

ടോറികളുടെ സ്ഥാനാർത്ഥി പട്ടികയിൽ പത്തു മലയാളികളാണ് ഇപ്പോൾ ട്രാഫോഡിൽ ഭാഗ്യ പരീക്ഷണത്തിന് ഇറങ്ങുന്നത്. ഇവരിൽ ആരെങ്കിലും ജയിക്കുമോ എന്ന ചോദ്യത്തേക്കാൾ ഒരു തിരഞ്ഞെടുപ്പിൽ കൂട്ടമായി മത്സരിക്കാൻ അവസരം കിട്ടിയതിലൂടെ പ്രദേശത്തെ മലയാളി സമൂഹം ഒറ്റക്കെട്ടായി നിന്നു പ്രചാരണത്തിലും വോട്ടിങ്ങിലും കൂട്ടായ്മ പ്രകടിപ്പിക്കുമോ എന്നതാണ് കൂടുതൽ പ്രസക്തമാകുന്ന ചോദ്യം. കാരണം അത്തരം ഒരു കൂട്ടായ്മ കാഴ്ച വയ്ക്കാനായാൽ വരും വർഷങ്ങളിൽ മടിച്ചു നിൽക്കുന്നവർക്ക് പോലും പ്രാദേശിക പിന്തുണ കിട്ടും എന്ന ഉറപ്പിൽ ധൈര്യമായി മത്സരത്തിനിറങ്ങാം.

ഇത്തരത്തിൽ മലയാളി സമൂഹത്തിന്റെ കൂടി പിന്തുണയോടെ ജയിച്ചു കയറിയവരാണ് ക്രോയ്ടോൻ കൗൺസിൽ മേയർ വരെയായായ ഇപ്പോഴത്തെ കൗൺസിലർ മഞ്ജു ശാഹുൽ ഹമീദ്, കഴിഞ്ഞ വര്ഷം ടോറി ടിക്കറ്റിൽ ജയിച്ചു കയറിയ നിഖിൽ തമ്പി, ഹണ്ടിങ്ങ്ടൺ കൗൺസിൽ മുൻപ് ജയിച്ചു വന്ന ലീഡോ ജോർജ് എന്നിവരൊക്കെ. ഇവരെല്ലാം മത്സരിച്ചപ്പോൾ വലിയ ആവേശത്തോടെയാണ് പ്രാദേശിക മലയാളി സമൂഹം വോട്ടു പിടിക്കാൻ ഇറങ്ങിയത്. അതിനുള്ള ഫലവും വോട്ടെണ്ണിയപ്പോൾ ലഭിക്കുകയും ചെയ്തു.