ലണ്ടൻ: ബ്രിട്ടനിൽ മലയാളി യുവാവ് ബലാത്സംഗ കേസിൽ അറസ്റ്റിൽ. പ്രസ്‌കോട്ട് വാറിങ്ടണിലെ വിസ്റ്റൺ ഹോസ്പിറ്റലിൽ യുവതിയെ ബലാത്സംഗം ചെയ്തുവെന്ന പരാതിയിൽ മലയാളി യുവാവിനെ അറസ്റ്റു ചെയ്തു. ലിവർപൂൾ ജേസൺ സ്ട്രീറ്റിൽ താമസിക്കുന്ന 28കാരൻ സിദ്ധാർത്ഥ് നായരാണ് അറസ്റ്റിലായിരിക്കുന്നത്. ബലാത്സംഗത്തിനും രണ്ട് ലൈംഗികാതിക്രമ കേസുകളുമാണ് ഇയാൾക്കെതിരെ മെഴ്‌സിസൈഡ് പൊലീസ് ചുമത്തിയിരിക്കുന്നത്. ജനുവരി 30ന് ചൊവ്വാഴ്ച വൈകുന്നേരം ആയിരുന്നു സംഭവം.

ഫെബ്രുവരി ഒന്നിന് വിരാൾ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ സിദ്ധാർത്ഥിനെ റിമാൻഡ് ചെയ്തു. ഫെബ്രുവരി 29ന് വ്യാഴാഴ്ച ലിവർപൂൾ ക്രൗൺ കോടതിയിൽ ഹാജരാക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. അതേസമയം, ബലാത്സംഗത്തിന് ഇരയായ യുവതിക്കൊപ്പം പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർ ഉണ്ട്.

സംഭവത്തിൽ അന്വേഷണങ്ങൾ തുടരുകയാണ്. ഇത്തരത്തിലുള്ള സംഭവങ്ങൾ ഞെട്ടിക്കുന്നതാണെന്നും ഇത് സമഗ്രമായി അന്വേഷിക്കുമെന്ന് പൊതുജനങ്ങൾക്ക് ഞങ്ങൾ ഉറപ്പുനൽകുന്നുവെന്നും ഡിറ്റക്ടീവ് ചീഫ് ഇൻസ്‌പെക്ടർ ആലിസൺ വുഡ്‌സ് പറഞ്ഞു:

ഇത്തരത്തിൽ ഏതെങ്കിലും തരത്തിലുള്ള ലൈംഗികാതിക്രമത്തിന് വിധേയരായ ആരെങ്കിലുമുണ്ടെങ്കിൽ ആരോടെങ്കിലും പറയാൻ ഭയപ്പെടേണ്ടതില്ല, ധൈര്യത്തോടെ മുന്നോട്ട് വരാനും അർഹമായ സഹായം നേടാനും മെർസിസൈഡ് പൊലീസ് അഭ്യർത്ഥിച്ചു. അജ്ഞാതമായി തന്നെ പൊലീസ് സേവനം ലഭിക്കുന്നതായിരിക്കും.