ലണ്ടൻ: ബ്രിട്ടനിൽ സ്റ്റുഡന്റ് വിസയിൽ എത്തി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കേരളത്തിൽ നിന്നും എത്തുന്ന അനേകായിരം വിദ്യാർത്ഥികളിൽ ഒരാളായ ബിജിൻ വർഗീസ് എന്ന യുവാവിനെയാണ് ഇന്നലെ രാത്രിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. ലിവർപൂളിന് അടുത്ത വിരളിലാണ് സംഭവം. സംഭവമറിഞ്ഞു രാത്രി വൈകിയിട്ടും അനേകം മലയാളികൾ ലിവർപൂളിൽ നിന്നും ബിർകെൻഹെഡിൽ നിന്നും വിറളിൽ എത്തിക്കൊണ്ടിരിക്കുകയാണ്. ഏകദേശം പത്തുമണിയോടെയാണ് മലയാളി സമൂഹത്തെ തേടി വിവരമെത്തുന്നത്. യുവാവിന്റെ മറ്റു വിവരങ്ങൾ ലഭ്യമല്ല. പ്രദേശം പൊലീസ് വളഞ്ഞിരിക്കുകയാണെന്നു സംഭവ സ്ഥലത്തെത്തിയ മലയാളികൾ അറിയിച്ചു.

ഇന്നലെ വൈകുന്നേരത്തോടെയാണ് മരണം സംഭവിച്ചതെന്ന് കരുതപ്പെടുന്നു. സ്റ്റുഡന്റ് വിസയിൽ എത്തിയ ഇയാൾ ഒരു മലയാളി കെയർ ഏജൻസിയിലാണ് ജോലി ചെയ്തിരുന്നത്. അടുത്തിടെ കെയർ ഹോമിൽ സ്ഥിര ജോലിക്കായി ശ്രമം നടത്തിയിരുന്നതായും സൂചനയുണ്ട്. കാര്യമായ സൗഹൃദവലയം ഇയാൾക്ക് ഉണ്ടായിരുന്നില്ല എന്നാണ് പ്രാഥമിക സൂചന. ചില സമയങ്ങളിൽ ഒറ്റപ്പെട്ട നിലയിലാണ് ബിജിനെ പരിചയമുള്ളവർ പോലും കണ്ടിട്ടുള്ളത്. യുവാവ് മാനസിക സമ്മർദത്തിന് വിധേയനായിരുന്നു എന്നും സൂചനയുണ്ട്.

കഴിഞ്ഞ വർഷം യുകെയിൽ എത്തിയ മലയാളി വിദ്യാർത്ഥികളിൽ ഒന്നിലേറെപ്പേർ സമാന സാഹചര്യത്തിൽ മരിച്ചിരുന്നു . മാസങ്ങൾക്ക് മുൻപാണ് ഹാദേഴ്സ്ഫീൽഡ് യൂണിവേഴ്സിറ്റി വിദ്യാർത്ഥിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഏറ്റുമാനൂർ സ്വദേശിയായ ഇയാളുടെ സംസ്‌കാരം പിന്നീട് യുകെയിൽ തന്നെ നടത്തുക ആയിരുന്നു. യുവാവിന്റെ സഹോദരിയും യുകെയിൽ തന്നെ വിദ്യാർത്ഥി ആയിരുന്നു. മുൻപ് ഷെഫീൽഡ് യൂണിവേഴ്‌സിറ്റിയിലും മറ്റൊരു യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കണ്ണൂർ ജില്ലക്കാരനായ യുവാവിന്റെ മൃതദേഹം നാട്ടിൽ എത്തിയ ശേഷമാണു യുകെ മലയാളികൾ പോലും വിവരമറിഞ്ഞത്.

വലിയ കടബാധ്യതയുമായി യുകെയിൽ എത്തുന്ന വിദ്യാർത്ഥികൾ കാര്യമായ ജോലി ലഭിക്കാതെ കടുത്ത മാനസിക വിഷമത്തിലൂടെയാണ് കടന്നു പോകുന്നത് . വാടകയും ബില്ലുകളും നോക്കി നിൽക്കെ ഉയരുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നും കേട്ട യുകെ ജീവിതമല്ല നേരിൽ കണ്ടെതെന്ന തിരിച്ചറിവാണ് പല മലയാളി വിദ്യാര്ഥികൾക്കും ലഭിക്കുന്നത്. അതോടൊപ്പം കോഴ്സുകൾ കൃത്യമായി ഫോളോ ചെയ്യാൻ പറ്റാത്തത് മുതൽ യൂണിവേഴ്സിറ്റിയിൽ നിന്നും ലഭിക്കേണ്ട സഹായം ഇല്ലാതാകുന്നത് വരെ അനേകം സങ്കീർണമായ പ്രശനങ്ങളാണ് ഓരോ വിദ്യാർത്ഥിയും അഭിമുഖീകരിക്കുന്നത്.

ഇതിനിടയിൽ ജോലി കണ്ടെത്താനുള്ള നെട്ടോട്ടത്തിൽ സാമ്പത്തികമായും മാനസികമായും ചതിക്കപ്പെടുന്നവരുടെ വലിയൊരു നിര തന്നെ കണ്ടെത്താനാകും.