ലണ്ടൻ: പുതുവത്സര ആഘോഷ ശേഷം സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്ന യുകെയിലെ മലയാളികളെ തേടി ഞെട്ടിക്കുന്ന വാർത്ത. യുകെയിലെ മിഡ്‌ലാൻഡ്‌സിലെ പ്രധാന പട്ടണമായ വൂൾവർഹാംപ്ടണിൽ നടന്ന സംഭവത്തിൽ മലയാളി യുവാവിന് ജീവൻ നഷ്ടമായി. മരണമടഞ്ഞ യുവാവിനെ തിരിച്ചറിയേണ്ടതും 'അമ്മ ഉൾപ്പെടെ ഉറ്റ ബന്ധുക്കൾ വിവരങ്ങൾ പൂർണമായും അറിയാൻ സമയം ലഭിക്കേണ്ടതുകൊണ്ടുമാണ് പൊലീസ് വിശദംശങ്ങൾ പുറത്തു വിടാതിരിക്കയാണ്. യുവാക്കളിൽ ഒരാൾക്ക് ജീവൻ നഷ്ടമാകാൻ കാരണം സംഘർഷത്തിൽ സംഭവിച്ച അപകടം ആണോ എന്നതും സ്ഥിരീകരിക്കേണ്ടതുണ്ട്.

കഴിഞ്ഞ ഏതാനും ദിവസം മുൻപ് തർക്കം ഉണ്ടായതിനെ തുടർന്ന് മലയാളി കുടുംബം ഷെയർ ചെയ്തു കഴിഞ്ഞിരുന്ന വീട്ടിലാണ് ഇപ്പോൾ വീണ്ടും സഹോദരങ്ങൾ തമ്മിൽ തർക്കം ഉണ്ടായതെന്നാണ് സൂചന.ഈ തർക്കത്തെ തുടർന്നാണ് ഷെയർ ചെയ്തു താമസിച്ചിരുന്ന കുടുംബം ഇവിടെനിന്നും മാറിയത്. എന്നാൽ അന്നത്തെ സംഭവം താമസക്കാർ പൊലീസിനെ അറിയിച്ചതായാണ് സ്ഥിരീകരിക്കാത്ത വിവരം. യുവാക്കളിൽ ഒരാൾ പൊലീസ് കസ്റ്റഡിയിൽ ആണെന്നും ഏറെക്കുറെ വ്യക്തമായിട്ടുണ്ട്.

പിതാവ് മരിച്ചതിനെ തുടർന്ന് 'അമ്മ മറ്റൊരു വിവാഹം കഴിച്ച ശേഷം കഴിഞ്ഞ വർഷത്തോടെ നാട്ടിലേക്ക് മടങ്ങുക ആയിരുന്നു. ഇതേതുടർന്ന് പ്രായപൂർത്തിയായ ആൺ മക്കൾ ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന വീട്ടിലാണ് ഇപ്പോൾ ദുരന്ത സമാനമായ സംഭവം നടന്നിരിക്കുന്നത്. കുടുംബത്തിന്റെ ഏതാനും ബന്ധുക്കൾ യുകെയിൽ ഉണ്ടെങ്കിലും യുവാക്കളുടെ അമ്മയെ നാട്ടിൽ നിന്നും യുകെയിൽ എത്തിക്കാൻ ഉള്ള ശ്രമം പൊലീസ് നടത്തികൊണ്ടിരിക്കുന്നതിനാൽ മറ്റു വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. യുവാക്കളുടെ 'അമ്മ ഇന്ന് യുകെയിൽ എത്തുമെന്നാണ് സൂചന.

അതിനിടെ യുവാക്കൾ താമസിച്ചിരുന്ന വീടിനു വെളിയിൽ ഒരു കാർ ചില്ലു പൊട്ടി കേടുപാട് വന്ന നിലയിൽ കണ്ടെത്താനായിട്ടുണ്ട്. കാർ പൊലീസ് പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് മറച്ചിരിക്കുകയാണ്. എന്ത് കാരണത്താലാണ് യുവാക്കൾ കലഹിക്കാൻ തുടങ്ങിയത് മുതലായ കാര്യങ്ങൾ പുറം ലോകത്തു എത്താൻ സമയമെടുക്കും. യുവാക്കളിൽ ഒരാൾ നേരത്തെയും മദ്യാസക്തി പ്രകടിപ്പിച്ചതായി പ്രാദേശികമായി ഇവരെ അടുത്തറിയുന്നവർ പറയുന്നു.