അബുദാബി: യുഎഇ നറുക്കെടുപ്പിലൂടെ മലയാളിക്ക് യുവാവിനെ തേടി 45 കോടിയുടെ ഭാഗ്യമെത്തി. മഹ്സൂസ് 154-ാമത് നറുക്കെടുപ്പിലൂടെയാണ് ശ്രീജുവിന് 2 കോടി ദിർഹത്തിന്റെ ലോട്ടറി അടിച്ചത്. ഏകദേശം 45 കോടി ഇന്ത്യൻ രൂപ വരുന്നതാണ് സമ്മാനം. ഒരു മലയാളി നേടുന്ന വലിയ സമ്മാനം തന്നെയാണ് ഇത്.

ഫുജൈറയിലെ ഓയിൽ ആൻഡ് ഗ്യാസ് വ്യവസായത്തിൽ കൺട്രോൾ റൂം ഓപറേറ്ററാണ് 39 കാരനായ ശ്രീജു. 11 വർഷമായി യുഎഇയിലെ ഫുജൈറയിലാണ് താമസം. കഴിഞ്ഞ ശനിയാഴ്ച ജോലിക്കിടയിലാണ് കോടികളുടെ ലോട്ടറി തനിക്ക് ലഭിച്ച വിവരം ശ്രീജു അറിയുന്നത്. തുടർന്ന് മഹ്‌സൂസ് അക്കൗണ്ട് പരിശോധിച്ച് വിജയം ഉറപ്പു വരുത്തുകയായിരുന്നു.

ഭാഗ്യം തുണച്ച നിമിഷം കണ്ട് കണ്ണുകളെ വിശ്വസിക്കാനായില്ലെന്നും, വിജയം സത്യമാണെന്ന് സ്ഥിരീകരിക്കാൻ മഹ്‌സൂസിന്റെ കോളിനായി കാത്തിരുന്നതായും ശ്രീജു പറഞ്ഞു. കഴിഞ്ഞ മൂന്ന് വർഷമായി എല്ലാ മാസവും രണ്ടുതവണ മഹ്‌സൂസിൽ പങ്കെടുക്കാറുണ്ടെന്നും ഭാഗ്യം തുണച്ചത് ഇപ്പോഴാണെന്നും ശ്രീജു പറഞ്ഞു.

ബമ്പർ സമ്മാനം ജീവിതം മാറ്റിമറിച്ചെങ്കിലും തൽക്കാലും ജോലി ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നില്ല. ബാങ്ക് ലോണിൽ ഒരു വീട് വാങ്ങാൻ ആഗ്രഹിച്ചിരിക്കുമ്പോഴാണ് ലോട്ടറി അടിച്ചത്. ബാങ്ക് ലോണില്ലാതെ വീട് സ്വന്തമാക്കാം എന്നതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ സന്തോഷമെന്നും ഇരട്ടക്കുട്ടികളുടെ പിതാവായ ശ്രീജു പറഞ്ഞു. കന്യാകുമാരിയാണ് ശ്രീജുവിന്റെ വീട്.

ഇതുവരെ മഹ്സൂസ് പ്രതിവാര നറുക്കെടുപ്പുകൾ 64 കോടീശ്വരന്മാരെ സൃഷ്ടിച്ചതായി മഹ്‌സൂസിന്റെ കമ്മ്യൂണിക്കേഷൻസ് ആൻഡ് സിഎസ്ആർ മേധാവി സൂസൻ കാസി പറഞ്ഞു. കൂടാതെ 1,107,000-ലധികം വിജയികൾക്ക് അര ബില്യൺ ദിർഹം വിതരണം ചെയ്തു.