ഡബ്ലിൻ: അപകടകരമായ അശ്രദ്ധയോടെ വാഹനമോടിച്ച് സുഹൃത്തിന്റെ മരണത്തിനിടവരുത്തി എന്ന കേസിൽ വനിത നഴ്സിനെ കോടതി വെറുതെ വിട്ടു. മരണമടഞ്ഞ വ്യക്തിയുടെ ഭർത്താവ് നൽകിയ ദയാഹർജിയിൽ ആയിരുന്നു തീരുമാനം. അമിതവേഗത്തിൽ ഓടിച്ച കാർ ഒരു കാര്യേജ് വേയിൽ വെച്ച് അപകടത്തിൽ പെടുകയായിരുന്നു. മലയാളിയായ നഴ്സ് ഷൈമോൾ ആ അപകടത്തിൽ കൊല്ലപ്പെടുകയായിരുന്നു. ഇതിനെ തുടർന്നായിരുന്നു വാഹനമോടിച്ച മെയ്മോൾ ജോസ് കേസിൽ പ്രതിയായത്.

തീയറ്റർ നഴ്സ് ആയ മെയ്മോൾ ജോസ് മരണമടഞ്ഞ ഷൈമോളുടെ അടുത്ത സുഹൃത്ത് കൂടിയായിരുന്നു. വിചാരണക്ക് ഒടുവിൽ മെയ്മോളിന് 18 മാസക്കാലത്തെ തടവ് ശിക്ഷയാണ് ജഡ്ജ് ആലിസ്റ്റെയർ ഡെവ്ലിൻ വിധിച്ചത്. എന്നാൽ ചില പ്രത്യേക ഘടകങ്ങൾക്ക് പ്രാധാന്യം കൊടുത്ത് ശിക്ഷ രണ്ടു വർഷത്തേക്ക് സസ്പെൻഡ് ചെയ്യുന്നതായും കോടതി അറിയിച്ചു.

മറക്കാനും പൊറുക്കാനും ഷൈമോളുടെ കുടുംബം കാണിച്ച നന്മയും അതുപോലെ മെയ്മോളുടെ മകന്റെ മെഡിക്കൽ ആവശ്യങ്ങളും പരിഗണിച്ചാണ് ഇതെന്നും ജഡ്ജി വ്യക്തമാക്കി. മെയ്മോളെ ജയിലിലെക്ക് അയയ്ക്കരുതെന്ന് അഭ്യർത്ഥിച്ച്, മരണമടഞ്ഞ ഷൈമോളുടെ ഭർത്താവ് തോമസ് കോടതിക്ക് ഹൃദയസ്പർശിയായ ഒരു കത്ത് നൽകിയ കാര്യവും കോടതി പരാമർശിച്ചു.

ഒരു നഷ്ടത്തിന്റെ ഓർമ്മകൾക്ക് ഒപ്പം മാത്രമല്ല, ഉറ്റ സുഹൃത്ത് ഇനിയീ ലോകത്തില്ല എന്ന യാഥാർത്ഥ്യത്തോടും ഒപ്പ്ം വേണം ഇനി മെയ്മോൾക്ക് ജീവിക്കുവാൻ എന്ന് ആ കത്തിൽ എഴുതിയിരുന്നു. തങ്ങൾ എല്ലാവരും ദുഃഖിതരാണ്. പരസ്പരം സഹായിച്ചും പിന്തുണച്ചുമാണ് മുൻപോട്ട് പോകുന്നതെന്നും ആ കത്തിൽ പറഞ്ഞിരുന്നു. ഷൈമോളുടെ മരണവും,സ്വന്തം ശരീരത്തിലേറ്റ പരിക്കുകളും തന്നെ മെയ്മോൾക്ക് ലഭിക്കാവുന്ന വലിയ ശിക്ഷകളാണെന്നും കത്തിൽ എഴുതിയിരുന്നു.

2019 ജൂൺ 21 ന് ആയിരുന്നു ബാലിമെനയിൽ ക്രാങ്ക്കിൽ റോഡിൽ ഈ അപകടം നടന്നത്. മൂന്ന് കുട്ടികളുടെ അമ്മ കൂടിയായ മെയ്മോൾ ജോസ് വാഹനം അപകടകരമായ വേഗത്തിലായിരുന്നു ഓടിച്ചിരുന്നത്. അപകടത്തിൽ ഇവരുടെ 15 കാരനായ മകനും സുഹൃത്തിനും പരിക്കേറ്റു. മകനേയും സുഹൃത്തിനേയും ഡ്യുക്ക് ഓഫ് എഡിൻബർഗ് എക്സർസൈസിന് കൊണ്ടു പോവുകയായിരുന്നു മെയ്മോൾ., ഒരു കൂട്ടായി വരാൻ ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു ഷൈമോൾ കൂടെ പോയത്.

അതിവേഗം മെയ്മോൾ, ഇടക്ക് ഒരു തിരിവ് വിട്ടുപോവുകയായിരുന്നു. വഴി തെറ്റിയതറിഞ്ഞ് യു ടേൺ എടുക്കുന്നതിനായി തിരിഞ്ഞപ്പോൾ എതിർഭാഗത്തു നിന്നും മറ്റൊരു വാഹനം വരുന്നത് ശ്രദ്ധിച്ചില്ല. രണ്ട് വാഹനങ്ങളും കൂട്ടിയിടിച്ചായിരുന്നു അപകടമുണ്ടായത്. 52 കാരിയായ മെയ്മോൾ ജോസിന്റെ മകന് ഇപ്പോൾ മുഴുവൻ സമയവും പരിചരണം ആവശ്യമാണെന്നും, ഈ സമയത്ത് അവരെ ജയിലിൽ അടച്ചാൽ അത് ആ കുട്ടിയിൽ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും കോടതി നിരീക്ഷിച്ചു. ശിക്ഷ സസ്പെൻഡ് ചെയ്തതിന് പുറമെ മെയ്മോൾ ജോസിന് മൂന്ന് വർഷത്തെ ഡ്രൈവിങ് നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.