ലണ്ടൻ: ബ്രിട്ടനിൽ മക്കൾക്ക് വിഷം നല്കി ആത്മഹത്യക്ക് ശ്രമിച്ച മലയാളി നഴ്‌സ് അറസ്റ്റിൽ. ജിലു ജോർജ് എന്ന 38കാരായായ നഴ്‌സാണ് പൊലീസ് കസ്റ്റഡിയിലായിരിക്കുന്നത്. ഹേവാർഡ് ഹീത്തിനു അടുത്ത് അക്ഫീൽഡിലാണ് സംഭവം. പരുക്കേറ്റ കുട്ടികളുടെ വിശദാംശങ്ങൾ നിയമപരമായ കാരണങ്ങൾ മൂലം പൊലീസ് പുറത്തു വിട്ടിട്ടില്ല. ഇവർ അപകടനില തരണം ചെയ്‌തെന്നാണ് സൂചന. ഈസ്റ്റ് സസസക്സിൽ താരതമന്യേ ഉയർന്ന വരുമാനക്കാരായ ആളുകൾ താമസിക്കുന്ന അക്ഫീൽഡിൽ മലയാളി കുടുംബങ്ങൾ അധികമില്ലെന്നാണ് പുറത്തു വരുന്ന വിവരം.

വിഷബാധയേറ്റ കുട്ടികൾ സാധാരണ നിലയിലേക്ക് മടങ്ങുക ആണെന്നാണ് ബ്രിട്ടനിലെ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കുട്ടികളുടെ അമ്മയാണ് പൊലീസ് കസ്റ്റഡിയിൽ ആയിരിക്കുന്നതെന്നും സൂചനയുണ്ട്. ഇവർ ആത്മഹത്യക്ക് ശ്രമിക്കുകയും കുട്ടികളെ കൊല്ലാൻ ഉള്ള പദ്ധതിയും ആയിരുന്നു എന്നാണ് മലയാളി സമൂഹത്തിൽ പരക്കുന്ന വർത്തമാനം. ഇത്തരം ക്രൂരതയ്ക്ക് ഉള്ള പ്രകോപനം എന്തണെന്നു യുവതി ഇതിനകം പൊലീസിനോട് വെളിപ്പെടുത്തിയതായാണ് സൂചന.

14 മാസം മുൻപ് കെറ്ററിംഗിൽ ഭർത്താവിന്റെ കൈകൊണ്ടു ഭാര്യയും രണ്ടു കുഞ്ഞുങ്ങളും കൊല്ലപ്പെട്ട സംഭവത്തിന് ശേഷം യുകെ മലയാളികളെ തേടിയെത്തിയ അത്യന്തം പ്രയാസകരമായ സംഭവത്തിൽ പൊലീസിന്റെയും പാരാമെഡിക്‌സിന്റെയും അതിവേഗ നടപടികളാണ് ഒരു ദുരന്തം വഴി മാറ്റി വിട്ടത്. അമ്മയും മക്കളും ഒന്നിച്ചു ജീവൻ എടുക്കാൻ തക്കവിധം ഉള്ള ശ്രമം നടത്തുന്നത് യുകെ മലയാളികൾക്കിടയിൽ ആദ്യ സംഭവം ആണെന്നാണ് കരുതപ്പെടുന്നത്. ഈ കുടുംബം യുകെയിൽ എത്തിയിട്ട് അധികം വർഷങ്ങൾ ആയിട്ടില്ലെന്നാണ് പ്രദേശവാസികളായ മലയാളികൾ നൽകുന്ന വിവരം.

ഇന്നലെ ബ്രൈറ്റൻ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ യുവതിയെ മാർച്ച് എട്ടുവരെ റിമാൻഡ് ചെയ്തിരിക്കുകയാണ്. ഈ കുടുംബം യുകെയിൽ എത്തിയിട്ട് അധിക വർഷം ആയിട്ടില്ല എന്നാണ് പറയപ്പെടുന്നത്. അറസ്റ്റിലായ യുവതി പ്രദേശത്തെ ഒരു കെയർ ഹോം ജീവനക്കാരി ആണെന്നും സൂചനയുണ്ട്. ഇവർ പെരുമ്പാവൂരിലാണ് നഴ്‌സിങ് പഠനം പൂർത്തിയാക്കിയതെന്നും വിവരങ്ങൾ ലഭ്യമാണ്. അക്ഫീൽഡിൽ മലയാളി കൂട്ടായ്മ ഇല്ലാത്തതിനാൽ ഹേവാർഡ് ഹീത്തിലാണ് ഇവർ മലയാളി പരിപാടികളിൽ എത്തിക്കൊണ്ടിരുന്നത്.

കുട്ടികൾ മിടുക്കരായതിനാൽ ഹേവാർഡ് ഹീത്ത് മലയാളി കൂട്ടായ്മയിൽ നിന്നും യുക്മ കലാമേളയിൽ പങ്കെടുത്തു സമ്മാനവും നേടിയിട്ടുണ്ട്. ആശുപത്രിയിൽ കഴിയുന്ന ആൺകുട്ടിക്ക് ഒൻപത് വയസും പെൺകുട്ടിക്ക് 13 വയസുമാണ് പ്രായം. സംഭവ സമയത്തു ഇവർ മൂന്നു പേരും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത് എന്നതിനാൽ സംഭവത്തിൽ മറ്റാർക്കും നേരിട്ട് പങ്കുള്ളതായി സംശയിക്കുന്നില്ലെന്നും ഈസ്റ്റ് സസെക്‌സ് പൊലീസ് വെളിപ്പെടുത്തിയിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ ആറരയോടെയാണ് അടിയന്തിര സന്ദേശം എത്തിയതിനെ തുടർന്ന് ആംബുലൻസ് എത്തി ഇവരെ ഹോസ്പിറ്റലിൽ എത്തിക്കുന്നത്.

പ്രദേശത്തെ പള്ളിയിൽ സജീവമായിരുന്ന ഭർത്താവ് കരിസ്മാറ്റിക് ശുശ്രൂഷകളിലും മുൻനിരയിൽ നിന്നിരുന്ന വ്യക്തി ആണെന്നതും യുവതി ചെയ്ത കടുംകൈയുടെ പശ്ചാത്തലത്തിൽ ഞെട്ടലോടെയാണ് പ്രാദേശിക മലയാളികൾ ഓർത്തെടുക്കുന്നത്. ഇക്കഴിഞ്ഞ ഒക്ടോബറിൽ നടന്ന ബൈബിൾ കലോത്സവത്തിൽ അരങ്ങേറിയ നാടകത്തിൽ യുവതി ഒരു പ്രധാന റോളിൽ വേഷമിട്ടിരുന്നു. ഹേവാർഡ് ഹീത്തിലെ ഔർ ലേഡി ഓഫ് ഹെൽത്ത് ചർച്ചിലെ സെപ്റ്റംബറിൽ നടന്ന പെരുനാളിലും നിറഞ്ഞ നിന്ന കുടുംബമാണ് ജിലുവിന്റേത്.

കളർ തീം അനുസരിച്ചുള്ള വേഷ വിതാനത്തോടെ സമൂഹത്തിൽ എത്തിയിരുന്ന ഒരു കുടുംബം എന്ന ചിത്രമാണ് ഇപ്പോൾ ഈ കുടുംബത്തെ സംബന്ധിച്ച് പ്രദേശത്തെ മലയാളികൾക്ക് ഓർത്തെടുക്കാനുള്ളത്. ഇകാരണങ്ങളാൽ തികച്ചും സന്തോഷകരമെന്നു തോന്നപ്പെട്ട കുടുംബം ഒരു നീറുന്ന അഗ്നി പർവതം ആയിരുന്നോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.

പൊതുവെ സമാധാനപ്രിയരായ ജനങ്ങൾ താമസിക്കുന്ന അക്ഫീൽഡിൽ ഇത്തരം ഒരു ദുരന്തം ഏവരെയും ഞെട്ടിച്ചിരിക്കുക ആണെന്ന് പ്രദേശവാസികളായ ബ്രിട്ടീഷുകാർ ബിബിസി അടക്കമുള്ള മാധ്യമങ്ങളോട് വെളിപ്പെടുത്തി. തങ്ങളുടെ സമാധാന ജീവിതത്തിലെക്ക് ഇത്തരം ഒരു പ്രയാസപ്പെടുത്തുന്ന വാർത്ത കേൾക്കാനിടയായ പ്രയാസമാണ് പ്രദേശവാസികൾ ഇപ്പോൾ പങ്കുവയ്ക്കുന്നത്. സംഭവത്തെ തുടർന്ന് പൊലീസ് അതിവേഗ നീക്കം നടത്തിയാണ് നടപടികൾ പൂർത്തിയാക്കിയതെന്നു പൊലീസ് ചീഫ് ഇൻസ്‌പെക്ടർ മാർക്ക് ഇവാൻസ് വ്യക്തമാക്കിയിട്ടുണ്ട്. പ്രദേശത്ത് ഇപ്പോഴും പൊലീസ് സാന്നിധ്യം ഉറപ്പാക്കിയിട്ടുമുണ്ട്. അതിരക്ഷാ ദൗത്യം ആവശ്യമാണെന്നും ബോധ്യമായ പൊലീസ് വീടിന്റെ വാതിൽ തകർത്താണ് അകത്തു കയറിയത്. വീട് ഇപ്പോൾ താൽക്കാലികമായി പൊലീസ് തന്നെ സുരക്ഷിതം ആക്കിയിട്ടുമുണ്ട്.