ലൂട്ടൻ: യുകെയിൽ മലയാളി വിദ്യാർത്ഥിനി കുഴഞ്ഞു വീണു മരിച്ചു. യുകെ മലയാളികളെ സങ്കടത്തിലാക്കി 16കാരിയാണ് കുഴഞ്ഞ് വീണ് മരിച്ചത്. ബെഡ്‌ഫോഡ് ഷെയറിലെ ലൂട്ടൻ ഡൺസ്റ്റബിൾ സെന്ററിൽ വിവിയൻ ജേക്കബിന്റെ മകൾ കയല ജേക്കബ് ആണ് അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങിയത്. ബുധനാഴ്ച മുതൽ പനിയെ തുടർന്നുള്ള അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു. പ്രാഥമിക ചികിത്സകൾ നൽകിയിരുന്നെങ്കിലും കഴിഞ്ഞ ദിവസം വൈകിട്ട് നാലോടെ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു.

കയലയുടെ അസ്വസ്ഥത രൂക്ഷമായതിനെ തുടർന്ന് ആംബുലൻസ് സേവനം തേടിയെങ്കിലും ആംബുലൻസ് എത്തും മുൻപ് കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. കയലയുടെ മാതാപിതാക്കളും ഏകസഹോദരനും പനിയെ തുടർന്നുള്ള അസ്വസ്ഥതകളിൽ തുടരുകയാണ്. ലൂട്ടനിൽ താമസമാക്കിയ തൊടുപുഴ സ്വദേശികളാണ് കയലയുടെ മാതാപിതാക്കൾ. മാതാവ്: വൈഷ്ണവി. സഹോദരൻ: നൈതൻ. സംസ്‌കാരം പിന്നീട് യുകെയിൽ നടത്തും.

ജനുവരി 27 ന് ലൂട്ടനിൽ പത്തനംതിട്ട സ്വദേശിയും ലൂട്ടൻ കേരളൈറ്റ് അസോസിയേഷൻ സ്ഥാപക പ്രസിഡന്റ് ജിജി മാത്യൂസ് (56) മരണപ്പെട്ടിരുന്നു. ജിജിയുടെ ആകസ്മിക മരണത്തിന്റെ നൊമ്പരം മാറും മുൻപാണ് ലൂട്ടൻ മലയാളികളെ ദുഃഖത്തിലാഴ്‌ത്തി കയല ജേക്കബിന്റെ മരണ വാർത്ത എത്തുന്നത്. മരണത്തെ തുടർന്നുള്ള തുടർനടപടികൾക്കും ക്രമീകരണങ്ങൾക്കുമായി ലൂട്ടൻ കേരളൈറ്റ് അസോസിയേഷൻ പ്രവർത്തകർ കുടുംബത്തോടൊപ്പം ഉണ്ട്.