ലണ്ടൻ: യുകെ മലയാളികളെ ഞെട്ടിച്ച കൊലപാതകമായിരുന്നു കെറ്ററിംഗിലെ അഞ്ജുവിന്റെയും രണ്ടു മക്കളുടെയും മരണം. ആ സംഭവം കഴിഞ്ഞ് മാസങ്ങൾ മാത്രം പിന്നിടവേ ഇപ്പോഴിതാ, ഒരു കൊലപാതകം കൂടി മലയാളി സമൂഹത്തിനിടയിൽ നടന്നിരിക്കുകയാണ്. പെക്കാമിലെ സതാംപ്ടൺ വേയിൽ ഒരു മലയാളി മറ്റൊരു മലയാളിയുടെ കുത്തേറ്റ് മരിച്ചു. കത്തിക്കുത്തിൽ എറണാകുളം പനമ്പിള്ളി നഗർ സ്വദേശി അരവിന്ദ് ശശികുമാർ (37) ആണ് മരിച്ചത്. ഒപ്പം താമസിച്ചിരുന്ന മറ്റൊരു മലയാളി തന്നെയാണ് കുത്തിയത് എന്നാണ് റിപ്പോർട്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

അതേസമയം, വലിയ ഞെട്ടലോടെയാണ് ഈ സംഭവം യുകെ മലയാളികൾ പങ്കുവെക്കുന്നത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് കൊലപാതകം നടന്നത് എന്നാണ് വിവരം. സതാംപ്ടൺ വേയിലുള്ള ഒരു വീടിനുള്ളിൽ തുടങ്ങിയ തർക്കമാണ് കത്തിക്കുത്തിലേക്ക് കലാശിച്ചതെന്നാണ് റിപ്പോർട്ട്. വീടിനുള്ളിൽ വേറെയും മലയാളികൾ ഉണ്ടായിരുന്നു. അർധരാത്രി ബഹളം കേട്ട് ഓടിയെത്തിയ വീട്ടിലുണ്ടായിരുന്ന മറ്റ് രണ്ട് താമസക്കാർ എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ അടുത്തുള്ള കടയ്ക്കുള്ളിൽ കയറി ആക്രമണത്തിൽ നിന്ന് രക്ഷ തേടുകയായിരുന്നു.

സംഭവം അറിഞ്ഞ് പൊലീസുകാരും മെഡിക്കൽ സംഘവും സ്ഥലത്ത് എത്തുമ്പോഴേക്കും അരവിന്ദിന്റെ മരണം സംഭവിച്ചിരുന്നു. ഒപ്പം താമസിച്ചിരുന്ന ഏകദേശം 25 വയസ് പ്രായമുള്ള യുവാവാണ് കൊലപാതകം നടത്തിയത് എന്നാണ് റിപ്പോർട്ട്. ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ മെറ്റ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മലയാളികളായ രണ്ട് സാക്ഷികളെ പൊലീസ് ചോദ്യം ചെയ്യാൻ കൊണ്ടുപോയിട്ടുണ്ട്.

വീട്ടിൽ താമസിക്കുന്ന അഞ്ചുപേരും മലയാളികളാണെന്നാണ് സൂചന. കൊലപാതകത്തിന് ഇരയായ അരവിന്ദ് ആൾ ഒരു കടയിൽ ജോലി ചെയ്യുന്നയാളാണെന്നും വിവരമുണ്ട്.