ലണ്ടൻ: യുകെയിൽ മലയാളി യുവാവിന് വാഹന അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ബുധനാഴ്ച രാത്രി സസെക്സിലെ ബില്ലിങ്സ്റ്റിൽ നടന്ന ദാരുണ അപകടത്തിൽ പെട്ട യുവാവാണ് ജീവന് വേണ്ടി പൊരുതുന്നത്. ഡോർക്കിങ്ങിലെ മലയാളി കുടുംബത്തിലെ 23 വയസുള്ള യുവാവ് ആണ് ഗുരുതരമായ പരുക്കുകളോടെ ബ്രൈറ്റൻ റോയൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നത്. ദേഹമാസകലം പരിക്കുണ്ട് എങ്കിലും തലയ്ക്ക് കാര്യമായ പരിക്കേറ്റിട്ടില്ല എന്നത് വലിയ പ്രതീക്ഷ നൽകുന്ന ഘടകമാണ്.

ബുധനാഴ്ചകളിൽ സുഹൃത്തായ ബ്രിട്ടീഷ് യുവാവിനൊപ്പം ഉള്ള പതിവ് പന്തുകളി പരിശീലനത്തിന് പോയി വീട്ടിലേക്ക് മടങ്ങി വരുന്ന യാത്രയിലാണ് അപകടം സംഭവിച്ചത്. യുവാക്കൾ സഞ്ചരിച്ച കാർ എതിർ ദിശയിൽ വന്ന കാറുമായി നേർക്ക് നേർ കൂട്ടിയിടിക്കുക ആയിരുന്നു. രണ്ടു കാറുകളുടെയും ഡ്രൈവർമാരായ ചെറുപ്പക്കാർ തൽക്ഷണം മരിച്ചു എന്നാണ് ലഭ്യമാകുന്ന വിവരം. എതിർ ദിശയിൽ എത്തിയ കാറിൽ രണ്ടു യുവതികളാണ് സഞ്ചരിച്ചിരുന്നത്. അപകടത്തിൽ ഒരു യുവാവും യുവതിയും കൊല്ലപ്പെട്ടു എന്നാണ് സസെക്സ് പൊലീസ് പുറത്തു വിടുന്ന വിവരം.

പതിവുള്ള സമയം ആയിട്ടും യുവാവ് വീട്ടിൽ എത്താതിരുന്നതോടെ വീട്ടുകാർ മൊബൈൽ ഫോണിൽ ബന്ധപ്പെട്ടെങ്കിലും മറുപടി ലഭിച്ചിരുന്നില്ല. ഫോൺ ചാർജ് തീർന്നതാകും എന്നാണ് വീട്ടുകാർ കരുതിയത്. ഒടുവിൽ രാത്രി 11 മണിയോടെ പൊലീസ് വീട്ടിൽ എത്തി കാര്യം അറിയിക്കുക ആയിരുന്നു. യുവാവിന്റെ പരുക്കുകൾ ഗുരുതരം ആയതിനാൽ ജീവൻ രക്ഷ ഉപകരണ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. ഇതിനകം വിവിധ മെഡിക്കൽ വിഭാഗങ്ങൾ ചേർന്നുള്ള ഒന്നിലേറെ സർജറികൾ പൂർത്തിയാക്കി . അപകടമറിഞ്ഞു ബന്ധുക്കൾ അടക്കം ഉള്ളവർ ആശുപത്രിയിൽ എത്തിയിട്ടുണ്ട്. യുവാവിന്റെ ജീവന് വേണ്ടി യുകെ മലയാളികളുടെ മനസ് നിറഞ്ഞ പ്രാർത്ഥനയാണ് ഇപ്പോൾ കുടുംബം അപേക്ഷിക്കുന്നത്.

സാധാരണയായി ഓവർ സ്പീഡിൽ കാർ ഓടിക്കുന്ന മലയാളി യുവാവിന്റെ സുഹൃത്തിന്റെ അമിത ആൽമവിശ്വാസമാണ് അപകടത്തിന് ഇടയാക്കിതെന്ന് പറയപ്പെടുന്നു . നേരെ നിവർന്നു കിടക്കുന്ന എ 29 ലെ സ്റ്റെയ്ൻ സ്ട്രീറ്റ് റോഡിൽ നടന്ന അപകടം മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിലാണ് സംഭവിച്ചത്. എതിർ ദിശയിൽ എത്തിയ കാറും സാമാന്യം വേഗതയിൽ ആയിരുന്നതിനാൽ കൂട്ടിയിടി ഒഴിവാക്കാനായില്ല എന്നാണ് ലഭ്യമാകുന്ന വിവരം . ഇരു കാറുകളും നിശ്ശേഷം തകർന്നു . ഡ്രൈവര്മാരുടെ വശം പൂർണമായും തകർന്നതിനാൽ ഇരുവരും സംഭവ സ്ഥലത്തു വച്ച് തന്നെ മരിക്കുക ആയിരുന്നു .

രാത്രി ഒൻപതു മണിക്ക് ശേഷം ഉണ്ടായ അപകടത്തിൽ യുവാക്കൾ സഞ്ചരിച്ച സ്‌കോഡ ഫാബിയയും യുവതികൾ യാത്ര ചെയ്ത റെനോൾട് കാറും ആണ് കൂട്ടിയിടിച്ചത് . മരിച്ച യുവാവിന് 22 വയസും യുവതിക്ക് 19 വയസും മാത്രമാണ് പ്രായമെന്നു പൊലീസ് വക്തമാക്കിയിട്ടുണ്ട് .

എ റോഡിലെ ഒറ്റവരി പാതയിൽ ഒരു കാരണവശാലും ഓവർ ടേക്കിങ് പാടില്ല എന്ന് ഒരിക്കൽ കൂടി ഓർമ്മിപ്പിക്കയാണ് ഈ അപകടം . ഒന്നര വര്ഷം മുൻപ് ജനുവരിയിൽ ഗ്ലോസ്റ്ററിനു അടുത്ത് മലയാളി ചെറുപ്പക്കാർ സഞ്ചരിച്ച കാർ സമാനമായ വിധത്തിൽ ട്രെക്കുമായി കൂട്ടിയിടിച്ചു രണ്ടു ചെറുപ്പക്കാർ മരിച്ചിരുന്നു . കാറിൽ ഉണ്ടായിരുന്ന മറ്റ് രണ്ടു പേർക്ക് സാരമായ പരുക്കും ഏറ്റിരുന്നു . ഈ സംഭവത്തിൽ യുകെയിലെ റോഡ് സാഹചര്യം പരിചയമില്ലാത്ത ഡ്രൈവിങ് ആണ് അപകട കാരണമായത് . സ്ടുടെന്റ്‌റ് വിസയിൽ എത്തിയ കുടുംബങ്ങൾ സുഹൃത്തിനെയും കുടുംബത്തെയും കാണാനുള്ള യാത്രയ്ക്കായി ലൂട്ടനിൽ നിന്നും ഓക്‌സ്‌ഫോർഡിലേക്ക് പോകവെയാണ് അപകടം സംഭവിച്ചത് .