ഷാർജ: ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. പാലക്കാട് മണ്ണാർക്കാട് സ്വദേശി ഹക്കീം (36) ആണ് മരിച്ചത്. പാക്കിസ്ഥാൻകാരനാണ് ആക്രമിച്ചത്. ആക്രമണത്തിൽ രണ്ടു മലയാളികൾക്കും ഒരു ഈജിപ്ത് പൗരനും പരിക്കേറ്റു. കൊലപാതകത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പാക്കിസ്ഥാൻകാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ രാത്രി 12:30 യോടെ ഷാർജ ബുതീനയിലാണ് സംഭവം. ഹൈപ്പർമാർക്കറ്റിലെ മാനേജരാണ് കൊല്ലപ്പെട്ട ഹക്കീം. സ്ഥാപനത്തിന് സമീപത്തെ ലഘുഭക്ഷണശാലയിൽ സഹപ്രവർത്തകരും പാക്കിസ്ഥാൻ സ്വദേശിയും തമ്മിലുണ്ടായ തർക്കം പരിഹരിക്കാനെത്തിയതായിരുന്നു ഇദ്ദേഹം. പ്രകോപിതനായി പ്രതി കത്തികൊണ്ട് ചുറ്റുമുള്ളവരെ ആക്രമിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഹക്കീമിനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണം സംഭവിച്ചു. ദിവസങ്ങൾക്ക് മുമ്പാണ് ഷാർജയിലുണ്ടായിരുന്ന ഹക്കീമിന്റെ കുടുംബം നാട്ടിലേക്ക് മടങ്ങിയത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടിക്രമങ്ങൾ തുടങ്ങി.