- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെറ്ററിംഗിലെ സാജുവിനെ പോലെ മിയാമിയിലെ നെവിനും ജീവിതകാലം മുഴുവൻ ജയിലിൽ കിടക്കും; നെവിൻ പരോളില്ലാതെ ജയിലിൽ ജീവിതാവസാനം വരെ കിടക്കേണ്ടി വരുമ്പോൾ രണ്ടു കേസിലും വിധികളിൽ സമാനതകൾ; വിദേശത്തു ജീവിക്കാൻ യോഗ്യതയില്ലാത്ത മലയാളി പുരുഷന്മാർക്കു പാഠമാകുന്ന വിധികൾ
ലണ്ടൻ: യുകെയിൽ ഉള്ള ചെറുപ്പക്കാരിൽ നിന്നും മാത്രം വിവാഹ ആലോചനകൾ ക്ഷണിക്കുന്നു എന് വിധത്തിൽ യുകെയിൽ ഉള്ള മലയാളി നഴ്‌സുമാർ പരസ്യം ചെയ്തു തുടങ്ങുന്ന കാലമാണ്. പല കടമ്പയും കടന്ന യുകെയിൽ എത്തുമ്പോൾ ജീവിതം സേഫാക്കുന്നതിനൊപ്പം വിദേശങ്ങളിലെ സംസ്‌ക്കാരങ്ങളും തൊഴിൽ സാഹചര്യങ്ങളും മനസ്സിലാക്കുന്ന പങ്കാളിയാകുമ്പോൾ ജീവിതത്തിൽ ആശ്വാസമുണ്ടാകുമെന്നാണ് പെൺകുട്ടുകൾ കരുതുന്നത്. നാട്ടിലുള്ള യുവാക്കളുടെ വിവാഹാലോചന ക്ഷണിച്ചാൽ സ്‌നേഹത്തെയും കരുതലിനേക്കാൾ യുകെയിൽ ഫ്രീ ആയി എന്ന ആഗ്രഹം ഉള്ളവരാകും. വിവാഹം നടന്നു യുകെയിൽ എത്തിയായൽ ദുരഭിമാനം കൊണ്ടു നടക്കുകയും ചെയ്യും. അതുകണ്ട് തന്നെയാണ് യുകെയിൽ നിന്നു തന്ന പങ്കാളികളെ തേടാൻ യുവതികൾ ശ്രമിക്കുന്നതും.
അടുത്തകാലത്ത് മലയാളി സമൂഹത്തെ നടക്കിയ കൊലപാതകങ്ങളും പെൺകുട്ടികളെ മാറിചിന്തിക്കാൻ പ്രേരിപ്പിക്കുന്നുണ്ട്. കുടുംബം കണ്ടെത്തുന്ന വിവാഹങ്ങളിൽ കെറ്ററിംഗിൽ കൊല്ലപ്പെട്ട അഞ്ജുവിനു ലഭിച്ച സാജുവിനെ പോലെയും മിയാമിയിൽ കൊല്ലപ്പെട്ട മെറിന് ലഭിച്ച നെവിനെ പോലെയും അയർലന്റിൽ കൊല്ലപ്പെട്ട ദീപ ദിനമാണിയെ പോലെയും യുകെയിലോ യുഎസ്എയിലോ ഒരു കാരണവശാലും ജീവിക്കാൻ യോഗ്യതയില്ലാത്തവരായിരിക്കും പലപ്പോഴും ഭർത്താവ് വേഷത്തിൽ എത്തുക.
ഇന്നും 20 വർഷം യുകെയിലും അമേരിക്കയിലും ഓസ്‌ട്രേലിയയിലും ജീവിക്കുന്ന മലയാളി നഴ്‌സുമാർക്ക് സ്വന്തമായി ബാങ്ക് കാർഡ് ഉപയോഗിക്കാൻ നൽകാത്ത ഭർത്താക്കന്മാർ കുറവല്ല എന്നതാണ് വാസ്തവം. ഷോപ്പിങ്ങും സുഹൃത്തുക്കളുമായി ഒരു റെസ്റ്റോറന്റ് വിസിറ്റ് എന്നിവയൊക്കെ അന്യമാണ് നല്ല പങ്കു കുടുംബിനികളായ വിദേശ മലയാളി നഴ്‌സുമാർക്ക്. ജോലി, കുടുംബം, ദേവാലയം എന്ന ത്രികോണത്തിൽ എരിയുകയാണ് പല മലയാളി നഴ്സുമാരും. അക്കൂട്ടത്തിൽ സാജുവിനെ പോലെയും നേവിനെ പോലെയും റെജിനെ പോലെയും ഉള്ള ഭർത്താക്കന്മാർ കൂടിയാകുമ്പോൾ ജീവിതം ഇയ്യാമ്പലുകളെ പോലെ കൊഴിഞ്ഞു വീഴുകയാണ് അവരുടെ കൈകളിൽ.
മെറിന്റെയും അഞ്ജുവിന്റെയും സാഹചര്യങ്ങൾ വിലയിരുത്തുമ്പോൾ രണ്ടു പേരും ഒരേ സമാനതകളിലൂടെയാണ് കടന്നു പോയതെന്ന് വ്യക്തം. ഇരുവർക്കും പങ്കാളികൾ തമ്മിൽ ഉള്ള പ്രായ വ്യത്യസം മുതൽ ജീവിത സാഹചര്യങ്ങൾ വരെ ഏറെക്കുറെ സമാനം. ഇരു യുവതികളും ശാരീരിക മാനസിക പീഡനങ്ങൾ ഏറ്റാണ് ഒടുവിൽ താലി കെട്ടിയവന്റെ കൈക്കരുത്തിൽ ഞെരുങ്ങി ഇല്ലാതായത്. മനുഷ്യരായവർക്ക് വിശ്വസിക്കാനാകാത്ത വിധത്തിലാണ് ഇരുവരും കൊല്ലപ്പെട്ടത്. പണത്തിനു വേണ്ടി എന്തും ചെയ്യുന്ന, ജോലി ചെയ്യാൻ മടിയുള്ള, ഭാര്യയെ പണം ഉൽപാദിപ്പിക്കുന്ന ഉപകരണമായി കാണുന്ന മനസിന്റെ ഉടമകളായാണ് പൊതു സമൂഹത്തിൽ സാജുവും നെവിനും ഇപ്പോൾ നിൽക്കുന്നത്.
സ്വന്തം കുഞ്ഞുങ്ങളുടെ അമ്മയെ ഇല്ലാതാക്കി മാറ്റുമ്പോൾ സാജു കുഞ്ഞുങ്ങളേയും ആ പട്ടികയിൽ ഉൾപ്പെടുത്തി. നെവിന് കുഞ്ഞു കേരളത്തിൽ മെറിന്റെ മാതാപിതാക്കളുടെ കൈവശമായതിനാൽ അത്തരം പദ്ധതി നടപ്പാക്കാനായില്ല. മാത്രമല്ല വിവാഹ മോചന വഴിയിൽ ആയിരുന്ന മെറിൻ നെവിനുമായി അകന്ന് മറ്റൊരിടത്താണ് കഴിഞ്ഞിരുന്നതും. അയർലണ്ടിലെ കോർക്കിൽ സമർത്ഥയായ ചാർട്ടേർഡ് അക്കൗണ്ട് ദീപ കൊല്ലപ്പെടുന്നതും വിദ്യാഭ്യാസത്തിൽ അടക്കം പിന്നോക്കം നിന്ന, ഭാര്യയേക്കാൾ സാമൂഹ്യമായ കഴിവ് കുറഞ്ഞവൻ എന്ന നിരാശാബോധത്തിൽ കഴിഞ്ഞ ഭർത്താവിന്റെ കൈകൾ കൊണ്ടാണ്. ആ സംഭവത്തിലും കുട്ടി കുറ്റകൃത്യം നടക്കുമ്പോൾ അരികിൽ ഇല്ലാതിരുന്നതിനാൽ കൊലപാതകിയായ അച്ഛന്റെ കൈകളിൽ നിന്നും രക്ഷപ്പെടുക ആയിരുന്നു.
ദീപയും അഞ്ജുവും മെറിനും കൊല്ലപ്പെടുന്നത് അടുത്തടുത്ത വർഷങ്ങളിലാണ്. 2020 ജൂലൈ 28 നു മെറിൻ കൊല്ലപ്പെടുമ്പോൾ 27 വയസ് മാത്രമായിരുന്നു പ്രായം. ഇക്കഴിഞ്ഞ ഡിസംബർ 14നു ഭർത്താവ് കഴുത്തു ഞെരിച്ചും കുത്തിയും കൊന്ന അഞ്ജുവിനു 35 വയസു വരെ മാത്രമായിരുന്നു ജീവിതം. ഇക്കഴിഞ്ഞ ജൂലൈ 14 നു ദീപ ദിനമണി കൊല്ലപ്പെടുമ്പോൾ 41 വയസ്. മൂന്നു യുവതികളും ജീവിച്ചത് പോലും മക്കൾക്ക് വേണ്ടിയാണ്.
ദീപയ്ക്കും മെറീനും ഒരു കുട്ടി മാത്രമാണ് ഉണ്ടായിരുന്നത്. അഞ്ജുവിന് രണ്ടു മക്കൾ ഉണ്ടായിരുന്നെങ്കിലും അവരെയും കൊലപാതകത്തിൽ വെറുതെ വിടാതിരുന്ന കൊലപാതകിയായ ഭർത്താവ് ആ അമ്മയ്ക്ക് മരണത്തിലും മക്കളെ പിരിയാതിരിക്കാനുള്ള അവകാശം നൽകാനുള്ള ഔദാര്യമാണ് കാട്ടിയത്. ആദ്യ രണ്ടു സംഭവങ്ങളിലും കോടതി വിധി വന്നതോടെ ഇനിയുള്ള ജീവിതം പുറം ലോകത്തിന്റെ വെളിച്ചവും സ്വതന്ത്രവും കാണാതെ മരണം വരെ ജയിലിൽ കഴിയുക എന്ന വിധിയാണ് സാജുവിനെയും നെവിനെയും പിന്തുടരുക. എന്നാൽ അയർലണ്ടിലെ ദീപയെ കൊന്ന കേസിൽ റെജിനെ കാത്ത് ഇത്തരത്തിൽ ഉള്ള വിധി ഉണ്ടാകുമോ എന്ന് ഉറപ്പ് പറയാറായിട്ടില്ല.
കൊലപാതകികൾ മൂന്നും നടത്തിയത് അതി ക്രൂരമായ ഇല്ലാതാക്കാൽ
അതിവേഗ വിചാരണയിലാണ് ആറുമാസത്തിനകം യുകെയിൽ സാജു എന്നന്നേക്കുമായി ജയിലറയിൽ എത്തിയത്. എന്നാൽ കോവിഡാനന്തര സാഹചര്യങ്ങൾ മൂലവും പ്രതിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്റെ ശക്തമായ വാദങ്ങൾ മൂലവും മൂന്നു വർഷവും മൂന്നു മാസവും സമയമെടുത്താണ് പ്രതി നെവിൻ ജീവിതകാലം മൊത്തം ജയിലിൽ കഴിയാനുള്ള വിധി വന്നത്. സജുവിനും നെവിനും പരോൾ ഇല്ലാതെയാണ് ശിക്ഷ എന്നതിനാൽ ഇനിയാരും അവരെ കാണില്ല എന്നുകൂടിയാണ് കോടതി ഉറപ്പിക്കുന്നത്. കുറ്റകൃത്യത്തിലെ അതി ക്രൂരത തന്നെയാണ് ഈ രണ്ടു മലയാളി യുവാക്കളെയും വധശിക്ഷക്ക് സമാനമായ വിധത്തിൽ ജയിലിലെ ഇരുട്ടിലേക്ക് തള്ളിയിട്ടത്.
മാനസികമായ ആഘാതം ഏറ്റുവാങ്ങി ജയിലിൽ ഏതാനും വർഷം കഴിയുമ്പോൾ തന്നെ മനോരോഗികളും ശാരീരിക അവശതകളും മൂലം ഇത്തരം കുറ്റവാളികൾ സ്വയം ഇല്ലാതാക്കുകയാണ് പൊതുവെ സംഭവിക്കുക. മകൾ ഉൾപ്പെടെ സ്ത്രീകളെ വർഷങ്ങളോളം കമ്മ്യുണിസ്റ്റ് സൈദ്ധാന്തികം പറഞ്ഞു ഇരുട്ടറയിൽ ശാരീരിക മാനസിക പീഡനത്തിന് ഇരയാക്കിയ മലയാളി സഖാവ് ബാല എന്ന അരവിന്ദൻ ബാലകൃഷ്ണനെ 2016ൽ 23 വർഷത്തേക്ക് കോടതി ശിക്ഷിച്ചെങ്കിലും കഴിഞ്ഞ വർഷം ഇയാൾ ജയിലിൽ ജീവിതം വെടിയുക ആയിരുന്നു.
ശിക്ഷ ലഭിക്കുമ്പോൾ 75 വയസായിരുന്ന ബാലയ്ക്ക് വെറും ആറു വർഷമേ ജയിലിന്റെ ഭാരം താങ്ങാനായുള്ളു. സാജുവും നെവിനും കുറേക്കൂടി ചെറുപ്പം ആയതിനാൽ കുറേക്കാലം ജയിൽ ജീവിതം തള്ളിനീക്കാനുള്ള മാനസിക, ശാരീരിക ആരോഗ്യം അവർക്കൊപ്പം ഉണ്ടാകും എന്നുറപ്പാണ്. എങ്കിലും ചെയ്തു പോയ പാതകം ഓർത്തു നീറിനീറി സ്വയം മരിക്കാനുള്ള വിധിയാണ് ഇരുവരും കോടതിയിൽ നിന്നും നേടിയെടുത്തത്.
അഞ്ജു സ്വന്തം കിടപ്പറയിൽ മദ്യ ലഹരിയിൽ ആയ ഭർത്താവിന്റെ കൈകൊണ്ടു കൊല്ലപ്പെടുന്നത് സ്വന്തം കുഞ്ഞുങ്ങളുടെ മുന്നിൽ വച്ചാണ്. സാജുവിന്റെ പോക്കറ്റിൽ ദൈവത്തിന്റെ അദൃശ്യ കരങ്ങൾ എന്നവിധം റെക്കോർഡ് ആയി കിടന്ന ഫോൺ വോയ്‌സ് മെസേജിലൂടെയാണ് കോടതിയിൽ ഇക്കാര്യം ബോധ്യമായത്. അമ്മയുടെ ജീവന് വേണ്ടി കരയുന്ന കുഞ്ഞു മക്കളുടെ കരച്ചിൽ ആ നരാധമന്റെ ഫോണിൽ സ്വയം റെക്കോർഡ് ചെയ്യപ്പെടുക ആയിരുന്നു. കൊലപാതകത്തിന് സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ ഈ വോയ്‌സ് റെക്കോർഡ് നിർണായക തെളിവായി കോടതി കണക്കിലെടുകയുകയും ചെയ്തു. ഇതേക്കുറിച്ചു കോടതി ചോദിച്ചപ്പോൾ മാത്രമാണ് സാജു അൽപമെങ്കിലും വികാരാധീനനായി കോടതിയിൽ പെരുമാറിയതും.
അഞ്ചു നേരിട്ടതിനേക്കാൾ വേദന അനുഭവിച്ചാണ് മെറിൻ ജീവൻ വെടിയുന്നത്. ജോലിക്കായി മെറിൻ എത്തുന്നതും കാത്തു നിന്ന നെവിനെ ദൃക്‌സാക്ഷിയായ മലയാളി തിരിച്ചറിയുന്നതും അയാളുടെ വരവും ഉദ്ദേശവും ഒക്കെ പൊലീസിനെ അറിയിച്ചതും നിർണയകമായി. ഇയാൾ കാത്തുനിൽക്കുന്ന ചിത്രവും ദൃക്‌സാക്ഷി പകർത്തിയിരുന്നു. എന്നാൽ മനപ്പൂർവ്വമുള്ള കൊലയല്ലെന്നു കോടതിയിൽ വാദം ഉയർന്നെങ്കിലും കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും ചുറ്റികയും ഒകെ മുൻകൂട്ടി വാങ്ങിയതും കോടതി ഇയാൾ തീരുമാനിച്ചുറപ്പിച്ചാണ് എത്തിയത് എന്ന നിഗമനത്തിൽ എത്താൻ കാരണമായി, മാത്രമല്ല മൃതദേഹം എംബാം ചെയ്യാൻ പോലും സാധിക്കാത്ത വിധം അനവധി തവണ കുത്തിയ പ്രതി നിലത്തു വീണു കിടന്ന മെറിനെ ഒരു സ്പീഡ് ബംപ് എന്ന നിലയിൽ വാഹനം കയറ്റി ചതച്ചരച്ചതും ക്രൂരതയുടെ ഏറ്റവും വലിയ തെളിവായി കോടതി നിരീക്ഷിച്ചു.
എന്നാൽ അപ്പോഴും പ്രാണൻ പോകാതിരുന്ന മെറിന് കൊലയാളി ആരെന്ന മരണ മൊഴി നൽകാനായതും നിർണായകമായി. ഒരു പക്ഷെ കേരളത്തിലോ മറ്റോ ആയിരുന്നെങ്കിൽ നെവിൻ ഇത്ര കടുത്ത ശിക്ഷ നേടുമായിരുന്നില്ല എന്ന ചിന്തയും ഇപ്പോൾ പ്രവാസികൾ പങ്കിടുന്നുണ്ട്. ഇത്രയും മാരകമായ വിധത്തിൽ ശരീരം മുറിവേൽക്കപ്പെട്ടതിനാൽ എംബാം പോലും ചെയ്യാൻ സാധിക്കാതെ വന്നതിനാൽ മരണക്കിടക്കയിലും എന്റെ കുഞ്ഞ് എന്നോർത്ത് വിലപിച്ച മെറിന് അന്ത്യ ചുംബനം നൽകാൻ പോലും രണ്ടു വയസായ കുഞ്ഞിന് സാധിച്ചില്ല. നാട്ടിൽ എത്തിക്കാനാകാതെ പോയ മെറിന്റെ ശരീരം തംബായിലെ മണ്ണിൽ ശാന്തിനിദ്ര കൊള്ളുകയാകും എന്ന ആശ്വാസം മാത്രമാണ് കുടുംബത്തിനും ബന്ധുക്കൾക്കും പ്രിയപ്പെട്ടവർക്കും. എന്നാൽ ശരീരം വികൃതമാക്കപ്പെടാത്തതിനാൽ അഞ്ജുവിന്റെയും ദീപയുടെയും പ്രിയപ്പെട്ടവർക്ക് ഇത്തരം ഒരു ദുർവിധി നേരിടേണ്ടി വന്നില്ല. ഇരുവരുടെയും മൃതദേഹങ്ങൾ പ്രിയപെട്ടവർക്കു വേണ്ടി നാട്ടിൽ എത്തിക്കാനായി.
സാജുവും നെവിനും റെജിനും ഒരിക്കലും അർഹതപ്പെടുന്നതല്ല
അടുത്തടുത്ത നാളുകളിൽ മൂന്ന് രാജ്യങ്ങളിൽ ഉണ്ടായ മൂന്നു കൊലപാതക പരമ്പരകൾ ഇപ്പോൾ മലയാളി സമൂഹത്തിൽ ഒരു ചോദ്യമായി മാറേണ്ടതുണ്ട്. ഉന്നത വിദ്യാഭ്യാസം നേടുന്ന മലയാളി ചെറുപ്പക്കാർ അധികമായി യൂറോപ്പും അമേരിക്കയും ആസ്‌ട്രേലിയയും ഒക്കെ തേടി നാട് വിടുമ്പോൾ അവരുടെ തുണകളായി മാറുന്ന പങ്കാളികൾ അത്തരം ഒരു പ്രവാസ ജീവിതം അർഹിക്കുന്നുണ്ടോ? ഏറെ കഷ്ടപ്പാടും പ്രയാസവും അനുഭവിച്ചു വിദേശത്തു ജോലി തേടുന്ന മലയാളി യുവതികളുടെ ജീവിത പങ്കാളികൾ ഏതോ മുൻജന്മ സുകൃതം എന്ന പോലെയാണ് വിദേശത്ത് എത്തിപ്പെടുന്നത്. എന്നാൽ വിദേശ ജീവിതത്തിലേക്ക് കാല് കുത്തുന്ന നാൾ മുതൽ താൻ കേരളത്തിൽ കണ്ടും കേട്ടും വളർന്ന ഒരു ഭർത്താവായി മാറാൻ സ്വയം ശ്രമിക്കുമ്പോൾ താൻ എത്തിയത് ഒരു സ്വതന്ത്ര സമൂഹത്തിലേക്കാണ് എന്ന പ്രാഥമിക കാര്യമാണ് തനി മൂഢന്മാരായ, വിദ്യാഭ്യാസവും യുക്തിയും പൊതു ബോധവും ഇല്ലാത്ത ഈ ഭർത്താക്കന്മാർ മറന്നു പോകുന്നത്.
അതിനാലാണ് ഈ റിപ്പോർട്ടിന്റെ മുകളിൽ സൂചിപ്പിച്ച പെൺകുട്ടിയുടെ വിവാഹ ആലോചനയിലെ പരിഗണനകൾ പ്രസക്തം ആകുന്നത്. വിദേശ ജീവിതം തിരഞ്ഞെടുക്കുന്ന പെൺകുട്ടികൾ തനിക്കൊപ്പം ജീവിക്കാൻ തയ്യാറാകുന്നവൻ ആ സമൂഹത്തിന് ഇണങ്ങുന്നവനും തന്റെ ജീവിത പങ്കാളി ആകാൻ യോഗ്യൻ ആണോ എന്നും ചിന്തിക്കണം എന്നുകൂടിയാണ് മെറിനും അഞ്ജുവും ദീപയും ഓർമ്മിപ്പിക്കുന്നത്. സ്വപ്ന സുന്ദരമായ ഒരു ജീവിതം കൈയിൽ കിട്ടിയിട്ട് അത് ജയിലിലെ ഇരുളറയിൽ അവസാനിപ്പിച്ചു തീർക്കണമോ എന്ന ചോദ്യമാണ് സാജുവും നെവിനും റെജിനും മലയാളി ഭർത്താക്കന്മാരോടും ഇപ്പോൾ തങ്ങളുടെ ജീവിതം കൊണ്ട് ഉയർത്തുന്നതും.
വിദേശ ജീവിതം പളപ്പുള്ളതു മാത്രമല്ല ഉത്തരവാദിത്തവും ദുരിതവും പ്രയാസവും നിറഞ്ഞതു കൂടിയാണ് വിവാഹത്തിലൂടെ യൂറോപ്യൻ, അമേരിക്കൻ ജീവിതം ആഗ്രഹിക്കുന്ന ഓരോ മലയാളി യുവാവും അവരുടെ കുടുംബവും ഇപ്പോൾ തിരിച്ചറിയേണ്ടതും. ജീവിതത്തതിൽ കഷ്ടപ്പാടുകൾ അറിയാതെ വളരുന്ന പുതു തലമുറ വിദേശത്ത് എത്തിയ ശേഷം ജീവിതത്തിലെ കഷ്ടപ്പാടുകൾ തിരിച്ചറിയുമെന്നോ പങ്കാളിയെ ആദരവോടെയും ബഹുമാനത്തോടെയും കാണാൻ പഠിക്കുമെന്നും ചിന്തിക്കാനാകില്ല എന്ന തിരിച്ചറിവ് കൂടിയാണ് ഈ മൂന്നു കൊലപാതക പരമ്പരകൾ ഇപ്പോൾ ഓർമ്മിപ്പിക്കുന്നതും.
അതിനാൽ തന്നെ പെൺകുട്ടികളും യുവതികളും മാറുകയാണ്. തനി മലയാളിയായി വളർന്ന, വിദ്യാഭ്യാസം നേടാതെ, ഒരു നഴ്‌സിനെ കെട്ടി വിദേശത്തു ജീവിക്കാം എന്ന് സ്വപ്നം കാണുന്ന മലയാളി യുവാക്കളോട് അവർ നോ എന്ന് പറയുന്നത് മെറിനെയും അഞ്ജുവിനെയും ദീപയെയും കണ്ടിട്ട് കൂടിയാണ്.