കോട്ടയം: സ്‌കൂൾ ബസിനുള്ളിൽ ഉറങ്ങിപ്പോയ മലയാളി ബാലിക മിൻസ മറിയം ജേക്കബ് (4) കൊടുംചൂടിൽ മരിച്ച സംഭവത്തിൽ 3 ബസ് ജീവനക്കാരെ അറസ്റ്റ് ചെയ്തതായി വിവരം. മലയാളി ഉൾപ്പെടെയുള്ളവർക്കെതിരെയാണു നടപടിയെന്നാണു റിപ്പോർട്ട്. ഔദ്യോഗികമായി ഇക്കാര്യം പ്രഖ്യാപിച്ചിട്ടില്ല.

അൽ വക്ര സ്പ്രിങ് ഫീൽഡ് കിന്റർഗാർട്ടനിലെ കെജി വൺ വിദ്യാർത്ഥിനിയായ മിൻസ ഉറങ്ങിപ്പോയ വിവരം അറിയാതെ ബസ് ലോക്ക് ചെയ്ത് ജീവനക്കാർ പോകുകയായിരുന്നു. ഉച്ചയോടെ വിദ്യാർത്ഥികളെ തിരികെ വീട്ടിലെത്തിക്കാനായി ബസ് എടുത്തപ്പോഴാണ് അബോധാവസ്ഥയിൽ കുഞ്ഞിനെ കണ്ടത്. കനത്ത ചൂടിൽ ബസിനുള്ളിൽ മണിക്കൂറുകളോളം കഴിഞ്ഞ മിൻസയുടെ ജീവൻ രക്ഷിക്കാനായില്ല. ഖത്തർ ലോകകപ്പ് സമിതിയിലെ സീനിയർ ഗ്രാഫിക് ഡിസൈനർ ചിങ്ങവനം കൊച്ചുപറമ്പിൽ അഭിലാഷ് ചാക്കോയുടെയും സൗമ്യയുടെയും ഇളയ മകളാണ് മിൻസ. സഹോദരി എംഇഎസ് ഇന്ത്യൻ സ്‌കൂൾ 2-ാം ക്ലാസ് വിദ്യാർത്ഥി മീഖ മറിയം ജേക്കബ്.

രാവിലെ സ്‌കൂളിലേക്ക് പോയ മിൻസ മറിയം ജേക്കബ് ബസിനുള്ളിൽ വെച്ച് ഉറങ്ങിപ്പോവുകയായിരുന്നു. സ്‌കൂളിലെത്തി മറ്റ് കുട്ടികൾ ബസിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ ഉറക്കത്തിലായിരുന്ന മിൻസ മാത്രം പുറത്തിറങ്ങിയില്ല. ബസ് പരിശോധിക്കാതെ ഡ്രൈവർ വാഹനം അടച്ച് പോയി. തുറസായ സ്ഥലത്താണ് ബസ് പാർക്ക് ചെയ്തിരുന്നത്. മണിക്കൂറുകൾക്ക് ശേഷം ബസ് ജീവനക്കാർ ഡ്യൂട്ടിക്കായി തിരികെ എത്തിയപ്പോഴാണ് ബസിനുള്ളിൽ അബോധാവസ്ഥയിൽ കുട്ടിയെ കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജന്മദിവസമായിരുന്നു കുട്ടിയുടെ മരണം.

അതിനിടെ കുട്ടികൾക്കായി ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങളാണ് വിദ്യാഭ്യാസ മന്ത്രാലയം സ്വീകരിക്കുന്നതെന്നും അക്കാര്യത്തിൽ ഒരു വീഴ്ചയും അംഗീകരിക്കാനാവില്ലെന്നും ഖത്തർ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ട്വീറ്റ് ചെയ്തു. കുട്ടിയുടെ കുടുംബത്തെ അനുശോചനം അറിയിക്കുന്നതായം വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്രസ്താവനയിലുണ്ട്.

കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. മിൻസയുടെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ച വിദ്യാഭ്യാസ മന്ത്രി ബുഥെയ്ന ബിൻത് അലി അൽ നുഐമി, എല്ലാ സഹായവും വാഗ്ദാനം ചെയ്തു. സംഭവത്തിൽ സമഗ്ര അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ആഭ്യന്തര മന്ത്രാലയം, പൊതുജനാരോഗ്യ മന്ത്രാലയം തുടങ്ങിയവയും പരിശോധനയിൽ സഹകരിക്കുന്നു. അസാധാരണ സംഭവം ആയതിനാൽ വിശദമായ മെഡിക്കൽ പരിശോധനയാണ് നടന്നത്.

ഇതിന്റെ ഫലവും തുടർന്ന് കോടതി അനുമതിയും ലഭിച്ചശേഷമാകും മൃതദേഹം വിട്ടുകിട്ടുകയെന്നു ബന്ധുക്കൾ അറിയിച്ചു. സ്വദേശമായ ചിങ്ങവനത്താണു സംസ്‌കാരം. സംഭവത്തിൽ ദുഃഖവും പ്രതിഷേധവും അറിയിച്ച് സ്വദേശികൾ ഉൾപ്പെടെ ആയിരക്കണക്കിനു പേർ ഖത്തറിൽ രംഗത്തെത്തി. കുട്ടികളുടെ സുരക്ഷയിൽ അലംഭാവം കാണിക്കുന്ന സ്‌കൂളുകൾക്കെതിരെ കർശന നടപടി ആവശ്യപ്പെടുന്ന കുറിപ്പുകളാണു സമൂഹമാധ്യമങ്ങളിൽ എങ്ങും.