- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അൽ വക്രയിലെ സ്പ്രിങ്ഫീൽഡ് കിൻഡർ ഗാർഡൻ എന്ന സ്‌കൂൾ അടപ്പിച്ച് ഖത്തർ സർക്കാർ; അശ്രദ്ധ കാരണം നാലുവയസ്സുകാരിയുടെ ജീവനെടുത്ത ക്രൂരതയിൽ ശക്തമായ നടപടികളുമായി ഇടപെടൽ; മൂന്ന് പേർ കസ്റ്റഡിയിൽ തന്നെ; മിൻസ മറിയം ജേക്കബിന് ഇനി നാട്ടിൽ അന്ത്യവിശ്രമം; കൊച്ചു മിടുക്കിയെ കണ്ണീരോടെ ഓർത്ത് ചിങ്ങവനം
ഖത്തർ : ഖത്തറിൽ സ്‌കൂൾ ബസ്സിനുള്ളിൽ മലയാളി വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ സ്‌കൂൾ അടയ്ക്കാൻ ഉത്തരവ്. അൽ വക്രയിലെ സ്പ്രിങ്ഫീൽഡ് കിൻഡർ ഗാർഡൻ ആണ് വിദ്യാഭ്യാസ മന്ത്രാലയം അടപ്പിച്ചത് . വീഴ്ചവരുത്തിയ സ്‌കൂൾ ബസ് ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. വിദ്യാഭ്യാസ മന്ത്രാലയം നടത്തിയ അന്വേഷണത്തിൽ സ്‌കൂൾ ജീവനക്കാർക്ക് വീഴ്ച ഉണ്ടായതായി തെളിഞ്ഞതിനെ തുടർന്നാണ് നടപടി
മിൻസ മറിയം ജേക്കബിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ഇന്നലെ ബന്ധുക്കൾക്ക് വിട്ടുനൽകിയിരുന്നു. ഇന്ന് രാവിലെ എട്ടരയോടെ മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിക്കും. അൽ വക്രയിലെ മോർച്ചറിക്ക് മുന്നിൽ നൂറ് കണക്കിനാളുകളാണ് മിൻസയ്ക്ക് അന്ത്യാഞ്ജലികൾ അർപ്പിക്കാനെത്തിയത്. നാലാം പിറന്നാൾ ദിനത്തിലാണ് മിൻസയെന്ന നാലു വയസുകാരിക്ക് സ്‌കൂൾ ബസ് ജീവനക്കാരുടെ അശ്രദ്ധയിൽ സ്വന്തം ജീവൻ ബലി നൽകേണ്ടി വന്നത്.
രണ്ട് ദിവസം നീണ്ട വിശദമായ ഫോറൻസിക് മെഡിക്കൽ പരിശോധനകൾക്ക് ശേഷമാണ് മിൻസയുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറിയത്. അൽ വക്രയിലെ എമർജൻസി ആശുപത്രി മോർച്ചറിക്ക് മുന്നിൽ മിൻസയെ അവസാനമായി കാണാൻ വൻ ജനാവലി എത്തി. ദോഹയിൽ നിന്ന് പുലർച്ചെ ഒന്നരക്കുള്ള വിമാനത്തിലാണ് മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നത്. എട്ടരയോടെ നെടുമ്പാശേരിയിലെത്തിക്കുന്ന മൃതദേഹം തുടർന്ന് സ്വദേശമായ കോട്ടയം ചിങ്ങവനത്തേക്ക് കൊണ്ട് പോകും. മിൻസയുടെ മരണത്തിൽ ആഭ്യന്തര വിദ്യാഭ്യാസ ആരോഗ്യ വകുപ്പുകളുടെ സംയുക്ത അന്വേഷണം പുരോഗമിക്കുകയാണ്. മൂന്ന് പേരെ കസ്റ്റഡിയിൽ എടുത്തതായും സൂചനയുണ്ട്.
ഒരു മാസം മുമ്പ് സ്‌കൂൾ അവധി സമയത്ത് നാട്ടിൽ വന്നു പോയ മിൻസയുടെ മരണവാർത്ത കേട്ട് വിശ്വസിക്കാനാവാത്ത അവസ്ഥയിലാണ് കോട്ടയം ചിങ്ങവനത്തെ ബന്ധുക്കൾ. അൽ വക്ര സ്പ്രിങ് ഫീൽഡ് കിന്റർഗാർട്ടനിലെ കെജി വൺ വിദ്യാർത്ഥിനിയായ മിൻസ ഉറങ്ങിപ്പോയ വിവരം അറിയാതെ ബസ് ലോക്ക് ചെയ്ത് ജീവനക്കാർ പോകുകയായിരുന്നു. ഉച്ചയോടെ വിദ്യാർത്ഥികളെ തിരികെ വീട്ടിലെത്തിക്കാനായി ബസ് എടുത്തപ്പോഴാണ് അബോധാവസ്ഥയിൽ കുഞ്ഞിനെ കണ്ടത്. കനത്ത ചൂടിൽ ബസിനുള്ളിൽ മണിക്കൂറുകളോളം കഴിഞ്ഞ മിൻസയുടെ ജീവൻ രക്ഷിക്കാനായില്ല. ഖത്തർ ലോകകപ്പ് സമിതിയിലെ സീനിയർ ഗ്രാഫിക് ഡിസൈനർ ചിങ്ങവനം കൊച്ചുപറമ്പിൽ അഭിലാഷ് ചാക്കോയുടെയും സൗമ്യയുടെയും ഇളയ മകളാണ് മിൻസ. സഹോദരി എംഇഎസ് ഇന്ത്യൻ സ്‌കൂൾ 2-ാം ക്ലാസ് വിദ്യാർത്ഥി മീഖ മറിയം ജേക്കബ്.
രാവിലെ സ്‌കൂളിലേക്ക് പോയ മിൻസ മറിയം ജേക്കബ് ബസിനുള്ളിൽ വെച്ച് ഉറങ്ങിപ്പോവുകയായിരുന്നു. സ്‌കൂളിലെത്തി മറ്റ് കുട്ടികൾ ബസിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ ഉറക്കത്തിലായിരുന്ന മിൻസ മാത്രം പുറത്തിറങ്ങിയില്ല. ബസ് പരിശോധിക്കാതെ ഡ്രൈവർ വാഹനം അടച്ച് പോയി. തുറസായ സ്ഥലത്താണ് ബസ് പാർക്ക് ചെയ്തിരുന്നത്. മണിക്കൂറുകൾക്ക് ശേഷം ബസ് ജീവനക്കാർ ഡ്യൂട്ടിക്കായി തിരികെ എത്തിയപ്പോഴാണ് ബസിനുള്ളിൽ അബോധാവസ്ഥയിൽ കുട്ടിയെ കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതിനിടെ കുട്ടികൾക്കായി ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങളാണ് വിദ്യാഭ്യാസ മന്ത്രാലയം സ്വീകരിക്കുന്നതെന്നും അക്കാര്യത്തിൽ ഒരു വീഴ്ചയും അംഗീകരിക്കാനാവില്ലെന്നും ഖത്തർ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ട്വീറ്റ് ചെയ്തു. കുട്ടിയുടെ കുടുംബത്തെ അനുശോചനം അറിയിക്കുന്നതായം വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്രസ്താവനയിലുണ്ട്.
കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. മിൻസയുടെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ച വിദ്യാഭ്യാസ മന്ത്രി ബുഥെയ്‌ന ബിൻത് അലി അൽ നുഐമി, എല്ലാ സഹായവും വാഗ്ദാനം ചെയ്തു. സംഭവത്തിൽ സമഗ്ര അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ആഭ്യന്തര മന്ത്രാലയം, പൊതുജനാരോഗ്യ മന്ത്രാലയം തുടങ്ങിയവയും പരിശോധനയിൽ സഹകരിക്കുന്നു. അസാധാരണ സംഭവം ആയതിനാൽ വിശദമായ മെഡിക്കൽ പരിശോധനയാണ് നടന്നത്.
സംഭവത്തിൽ ദുഃഖവും പ്രതിഷേധവും അറിയിച്ച് സ്വദേശികൾ ഉൾപ്പെടെ ആയിരക്കണക്കിനു പേർ ഖത്തറിൽ രംഗത്തെത്തി. കുട്ടികളുടെ സുരക്ഷയിൽ അലംഭാവം കാണിക്കുന്ന സ്‌കൂളുകൾക്കെതിരെ കർശന നടപടി ആവശ്യപ്പെടുന്ന കുറിപ്പുകളാണു സമൂഹമാധ്യമങ്ങളിൽ എങ്ങും.
മറുനാടന് മലയാളി ബ്യൂറോ