ദുബായ് : തൃശ്ശൂർ അയ്യന്തോൾ സ്വദേശിനി നീതു ഗണേശ് (35) ദുബായ് അൽ തവാറിൽ വീട്ടിലെ കുളിമുറിയിൽ മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്ത്. വൈദ്യുതാഘാതമാണ് മരണകാരണമെന്ന് അന്വേഷണത്തിൽ വ്യക്തമായതായി ദുബായ് പൊലീസ് അറിയിച്ചു. മരണത്തിൽ മറ്റ് ദുരൂഹതകളൊന്നുമില്ലെന്ന് പൊലീസ് പറയുന്നു. ജൂൺ 14നാണ് ദുരന്തമുണ്ടായത്.

ദുബായിൽ എൻജിനിയറായ നീതു ഗണേശിനെ അൽ തവാർ-3 പ്രദേശത്തെ വില്ലയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഷവറിൽ കുളിക്കുന്നതിനിടെ ഷോക്കേറ്റാണ് മരിച്ചതെന്ന് കണ്ടെത്തിയത്. പരേതനായ ഗണേശിന്റെയും യമുനയുടെയും മകളാണ് നീതു. സംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് കൊല്ലം മുളങ്കാടകം പൊതുശ്മശാനത്ത് നടന്നു.

കെട്ടിട പരിസരത്ത് വൈദ്യുതി സുരക്ഷ ഉറപ്പാക്കുന്നതിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നത് സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. അപകടമുണ്ടാകുമ്പോൾ നീതുവിന്റെ ഭർത്താവ് എൻജിനിയറായ കൊല്ലം മേടയിൽമുക്ക് സ്വദേശി ഇലങ്കത്തുവെളി ജവാഹർ നഗർ നക്ഷത്രയിൽ വിശാഖ് ഗോപി, ആറ്് വയസ്സുകാരൻ മകൻ നിവീഷ് കൃഷ്ണ, വീട്ടുജോലിക്കാരി എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്.

അറ്റകുറ്റപ്പണി നടക്കുന്നതിനാൽ പരിസരത്ത് ഉച്ചമുതൽ വൈദ്യുതി ഉണ്ടായിരുന്നില്ല. വർക്ക് ഫ്രം ഹോം ആയതിനാൽ രാത്രിയാണ് നീതു കുളിക്കാൻ പോയത്. വൈദ്യുതി ഇല്ലാത്തതിനാൽ എമർജൻസി ലാംബും കൈയിലെടുത്തിരുന്നു. ഇതിനിടെ രാത്രി 7.15 ഓടെ വീട്ടുജോലിക്കാരിക്ക് അടുക്കളയിലെ പാത്രത്തിൽ നിന്ന് നേരിയ തോതിൽ ഷോക്കേറ്റു. പാത്രം ശക്തിയായി തെറിപ്പിച്ചതിനാലാണ് ഇവർ രക്ഷപ്പെട്ടത്.

ഇതേ സമയം തന്നെയാണ് കുളിമുറിയിൽനിന്ന് നീതുവിന്റെ നിലവിളി കേൾക്കുന്നത്. വിശാഖും ജോലിക്കാരിയും നീതുവിന്റെ അടുത്തേക്ക് ഓടിയെത്തി വിളിച്ചുനോക്കിയെങ്കിലും അനക്കമൊന്നുമുണ്ടായില്ല. തുടർന്ന് കുളിമുറിയുടെ വാതിൽ അടിച്ചുതകർത്ത് നോക്കിയപ്പോൾ നീതു അബോധാവസ്ഥയിൽ കിടക്കുന്നതാണ് കണ്ടത്.

ഷവർ പൈപ്പ് നീതുവിന്റെ നെഞ്ചിൽ ചേർന്നാണ് കിടന്നിരുന്നത്. ക്രിക്കറ്റ് ബാറ്റ് കൊണ്ട് ഷവർ ഹോസ് ശരീരത്തിൽനിന്ന് നീക്കിയശേഷം വിശാഖ് നീതുവിന് അടിയന്തരമായി സി.പി.ആർ. നൽകി. ഉടൻതന്നെ ആംബുലൻസിൽ ഖിസൈസിലെ ആശുപത്രിയിൽ എത്തിച്ചു. പക്ഷേ ജീവൻ രക്ഷിക്കാനായില്ല.