- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരോഗ്യ മേഖലയെ ശരിയാക്കി എടുക്കാൻ കെയർ ക്വാളിറ്റി കമ്മീഷനിൽ പൊരുതി മലയാളി ഡോക്ടർ; പകരം ലഭിച്ചത് ജോലിയിൽ നിന്നുള്ള പുറത്താക്കൽ; സി ക്യു സി ക്കെതിരെ കേസ് നടത്തി നഷ്ടപരിഹാരം നേടി ശ്യാം കുമാർ; ബ്രിട്ടണിലെ പ്രവാസിയുടെ പോരാട്ടം വിജയത്തിൽ
ലണ്ടൻ: ബ്രിട്ടണിലെ എൻ എച്ച് എസ് ട്രസ്റ്റിലെ കൺസൾട്ടന്റ് ഓർത്തോപീഡിക് സർജൻ ആയ ഡോ. ശ്യാം കുമാർ നടത്തിയത് സമാനതകളില്ലാത്ത പോരാട്ടമായിരുന്നു. ആരോഗ്യ രംഗത്ത് സുരക്ഷയില്ലായ്മയ്ക്കും അനാരോഗ്യകരമായ പ്രവണതകൾക്കുമെതിരെയുള്ള പോരാട്ടമായിരുന്നു ഡോ. ശ്യാം കുമാറിന്റെത്. മോകം ബേ എൻ എച്ച് എസ് ഫൗണ്ടേഷൻ ട്രസ്റ്റിനു കീഴിലുള്ള യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ സീനിയർ കൺസൾട്ടന്റ് ഓർത്തൊപീഡിക് സർജനായി ജോലി ചെയ്തു വരികയായിരുന്നു ഡോ. ശ്യാം കുമാർ.
2014- ൽ അദ്ദേഹത്തെ കെയർ ക്വാളിറ്റി കമ്മീഷനിലേക്ക് ആശുപത്രി പരിശോധനകളിൽ ക്ലിനിക്കൽ - സ്പെഷ്യൽ ഉപദേഷ്ടാവായി പാർട്ട് ടൈം ആയി നിയമിക്കുകയായിരുന്നു. 2015- നും 2019 നും ഇടയിലായി നിരവധി ആശുപത്രികളെ കുറിച്ചുള്ള ആശങ്കകൾ സി ക്യു സിയിലെ തന്റെ മുതിർന്ന സഹപ്രവർത്തകർക്ക് മുൻപിൽ അദ്ദേഹം അവതരിപ്പിച്ചു. അതിൽ, നിലവാരമില്ലാത്ത ശസ്ത്രക്രിയാ നടപടികൾ, ശുശ്രൂഷകളുടെ ഗുണമേന്മ അതുപോലെ അനുയോജ്യമല്ലാത്ത ക്ലിനിക്കൽ തീരുമാനങ്ങൾ എന്നിവ ഉൾപ്പെടും.
അതിൽ ഡോക്ടർ എക്സ് എന്ന് പരാമർശിക്കപ്പെടുന്ന ഒരു വ്യക്തി എടുത്ത പല ക്ലിനിക്കൽ തീരുമാനങ്ങളും സന്ദർഭത്തിന് ഒട്ടും അനുയോജ്യമല്ല എന്ന് പരാമർശിച്ചിരുന്നു. ഈ പരാമർശ്ങ്ങൾ എല്ലാം തന്നെ ശരിയാണെന്ന് മാഞ്ചസ്റ്റർ എംപ്ലോയ്മെന്റ് ട്രിബുണൽ കണ്ടെത്തുകയും ഡോക്ടർ എക്സിന്റെ പ്രാക്ടീസ് ചെയ്യുവാനുള്ള ലൈസൻസിൽ നിരവധി നിബന്ധനകൾ വെയ്ക്കുകയും ചെയ്തിരുന്നു. അതേസമയം സി ക്യൂ സി അധികൃതർ ഈ ആശങ്കകൾ എല്ലാം തന്നെ മൂടിവയ്ക്കാനായിരുന്നു ശ്രമിച്ചത്.
പല ആശുപ്ത്രികളിലും പ്രതികാര നടപടികൾ ഭയന്ന് ജീവനക്കാർ ക്ലിനിക്കൽ അനുഭവങ്ങൾ പങ്ക് വയ്ക്കുന്നതിനു പോലും ഭയക്കുകയായിരുന്നു എന്നും ശ്യാം കുമാർ പറയുന്നു. സി ക്യു സി പരിശോധനയിലെ പല ന്യുനതകളും അദ്ദേഹം എടുത്തു കാട്ടിയിരുന്നു. ജോലിയിൽ ഇരുന്ന കാലത്ത് വളരെ കർശനമായി നിയമങ്ങൾ പാലിച്ചിരുന്ന ഡോ. ശ്യാം കുമാർ നിരവധി ആശുപത്രികളിലെ വീഴ്‌ച്ചകൾ എടുത്തുകാട്ടി റിപ്പോർട്ടുകൾ നൽകിയിരുന്നു. അതിനു പുറമെ സി ക്യു സിയിലെ തന്നെ ചില ജീവനക്കാരുടെ അനുചിതമായ പ്രവർത്തന രീതികളും അദ്ദെഹം സി ക്യൂ സി മേധാവികളെ അറിയിച്ചിരുന്നു.
എന്നാൽ, ഈ ആശങ്കകൾ എല്ലാം പരിഗണനക്കെടുത്ത് ബോർഡിൽ ചർച്ച ചെയ്യേണ്ടതിനു പകരം, ഡോ. ശ്യാം കുമാർ തന്റെ ഔദ്യോഗിക പദവി സഹപ്രവർത്തകരെ ഭയപ്പെടുത്തുവാൻ ഉപയോഗിക്കുന്നു എന്ന് ആരോപിച്ച് 2019-ൽ അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു. ഈ നടപടിയാണ് ഇപ്പോൾ നിയമവിരുദ്ധമാണെന്ന് മാഞ്ചസ്റ്റർ എംപ്ലോയ്മെന്റ് ട്രിബ്യുണൽ കണ്ടെത്തിയതും നഷ്ടപരിഹാരം വിധിച്ചതും.
രോഗികളുടെ സുരക്ഷയും, നിലവിലുള്ള നിയമങ്ങളും നടപ്പാക്കുന്നതിനു പകരമായി സി ക്യൂ സിയിലെ ചില വ്യക്തികൾ അവരുടെ സമയം മുഴുവൻ ഉപയോഗിച്ചത് തന്നെ നിശബ്ദനാക്കാൻ ആയിരുന്നു എന്ന് വിധിക്ക് ശേഷം ഡോ. ശ്യാം കുമാർ പ്രതികരിച്ചു. പല ആഭ്യന്തര ഈ മെയിൽ സന്ദേശങ്ങളും ശ്യാം കുമാറിനെ വ്യക്തിഹത്യ നടത്തുന്നതായിരുന്നു. എന്നാൽ, സുരക്ഷയെ കുറിച്ച് ശ്യാം കുമാർ ഉയർത്തിയ ആശങ്കകളായിരുന്നു പിരിച്ചുവിടലിന് പ്രധാന കാരണമായതെന്ന് ട്രിബ്യുണൽ നിരീക്ഷിച്ചു.
പിരിച്ചു വിട്ടതിനു ശേഷം ബ്രിട്ടീഷ് മെഡിക്കൽ അസ്സോസിയേഷന്റെ സഹായത്തോടെയായിരുന്നു ഡോ. ശ്യാം കുമാർ സി ക്യൂ സിയെ കോടതിനടപടികളിലേക്ക് എത്തിച്ചത്. ചുരുങ്ങിയത് 11 സന്ദർഭങ്ങളിലെങ്കിലും ശ്യാം കുമാർ ഉയർത്തിയ ഗൗരവകരമായ ആശങ്കകളുടെ പുറത്തായിരുന്നു അദ്ദേഹത്തെ ഇരയാക്കിയത് എന്ന് ട്രിബ്യുണൽ കണ്ടെത്തി. തീരെ കളങ്കമേൽക്കാത്ത ഒരു വ്യക്തിത്വമാണ് ഡോ. ശ്യാം കുമാറിന്റെതെന്നും ജഡ്ജി നിരീക്ഷിച്ചു. തുടർന്നായിരുന്നു 23,000 പൗണ്ടിന്റെ നഷ്ടപരിഹാരം വിധിച്ചത്.
അതിയായ മാനസിക സമ്മർദ്ദങ്ങൾ അനുഭവിച്ച ഒരു കാലഘട്ടമായിരുന്നു കടന്ന് പോയതെന്ന് ഡോ. ശ്യാം കുമാർ പറഞ്ഞു. തന്റെ കുടുംബത്തിന്റെയും അടുത്ത സുഹൃത്തുക്കളുടെയും സഹായത്തോടെയാണ് ഈ പ്രതിസന്ധി തരണം ചെയ്യാൻ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂർ മെഡിക്കൽ കോളേജിൽ എം ബി ബി എസ് വിദ്യാർത്ഥിയായിരുന്ന കാലത്താണ് അധികൃതരുടെ ദുർനടപടികളെ ചോദ്യം ചെയ്യാനുള്ള ത്വര തന്നിലുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.
വിധി വന്നതിനു ശേഷം സി ക്യൂ സി ചെയർമാൻ ഇയാൻ ട്രെൻഹോം ഡോ. ശ്യാം കുമാറിനോട് ക്ഷമാപണം നടത്തി. അദ്ദേഹത്തിന്റെ പ്രൊഫഷണൽ നൈപുണ്യവും അദ്ദേഹം ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളും അംഗീകരിക്കപ്പെടാതെ പോയി എന്നും ചെയർമാൻ പറഞ്ഞു. തൃശ്ശൂർ മെഡിക്കൽ കോളേജിലെ എം ബി ബി എസ് പഠനം കഴിഞ്ഞ് മുംബൈ സിയോൺ ഹോസ്പിറ്റലിൽ നിന്നായിരുന്നു ഓർട്ടോപീഡിക്സിൽ എം എസ് എടുത്തറ്റ്. അദ്ദേഹത്തിന്റെ ഭാര്യ ഡോ. സംഗീത ഒരു കൺസൾട്ടന്റ് റേഡിയോളജിസ്റ്റാണ്. മൂത്തമകനും ഡോക്ടറാണ്. ഇളയമകൻ യൂണിവേഴ്സിറ്റി കോളേജ് ലണ്ടനിൽ മാസ്റ്റേഴ്സ് ചെയ്യുന്നു.
മറുനാടന് മലയാളി ബ്യൂറോ