ടൊറന്റോ: കാനഡയിലുണ്ടായ കൂട്ടവെടിവെയ്പിൽ പരിക്കേറ്റ് ചികിത്സയിസയിലായിരുന്ന ഇന്ത്യൻ വിദ്യാർത്ഥി ആശുപത്രിയിൽ മരിച്ചു. കൊനെസ്റ്റോഗ കോളജ് വിദ്യാർത്ഥിയും ഓട്ടമൊബീൽ വർക്ക് ഷോപ്പിൽ താൽക്കാലിക ജീവനക്കാരനുമായ പഞ്ചാബ് സ്വദേശി സത്‌വീന്ദർ സിങ്ങാണ് (28) മരിച്ചത്. ഇതോടെ വെടിവയ്പിൽ മരിച്ചവരുടെ എണ്ണം മൂന്ന് ആയി. നാട്ടുകാരനായ യുവാവാണ് കൂട്ടക്കുരുതി നടത്തിയത്.

വെടിവെയ്‌പ്പിൽ പൊലീസ് കോൺസ്റ്റബിൾ ആൻഡ്രൂ ഹോങ്, വർക്ക് ഷോപ്പിലെ മെക്കാനിക് ഷക്കീൽ അഷ്‌റഫ് എന്നിവരാണ് മരിച്ച മറ്റു രണ്ടു പേർ. വെടിവയ്പു നടത്തിയ സീൻ പെട്രിയെ (40) പിന്നീട് പൊലീസ് ബലപ്രയോഗത്തിനിടെ വെടിവച്ചു കൊന്നു. ഇയാളും മുൻപ് ഇതേ വർക്ക് ഷോപ്പിലെ ജീവനക്കാരനായിരുന്നു.

ദുബായിൽ ട്രക്ക് ഡ്രൈവറാണ് സത്വീന്ദറിന്റെ പിതാവ്. കോവിഡ് കാലം തുടങ്ങിയ ശേഷം മകനെ കണ്ടിട്ടില്ലാത്ത പിതാവ് മരണസമയത്ത് ആശുപത്രിയിലുണ്ടായിരുന്നു. ഗോഫണ്ട്മീ എന്ന കൂട്ടായ്മ മരിച്ച വിദ്യാർത്ഥിക്കായി 35,000 ഡോളർ സമാഹരിച്ചു നൽകി.